“പടക്കംപൊട്ടിക്കുംവരെ എല്ലാം നല്ലതായിരുന്നു”; ഐക്യദീപ വിഷയത്തില്‍ വിദ്വേഷ പ്രചാരകരെ തുറന്നുകാട്ടി ഇര്‍ഫാന്‍ പത്താന്‍

ബറോഡ: കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനായി രാജ്യത്താക്കെ സമ്പൂര്‍ണ്ണ അടച്ചുപൂട്ടല്‍ നടക്കുന്നതിനിടെ പ്രതിരോധപ്രവര്‍ത്തകര്‍ക്ക് ആഭിനന്ദനമായി പ്രധാനമന്ത്രി പ്രഖ്യാപിച്ച ഐക്യദീപം തെളിയിക്കല്‍ ആഘോഷമാക്കിയ സംഭവത്തില്‍ പ്രതികരിച്ച മുന്‍ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താനെതിരേ വിദ്വേഷ പ്രചരണം.

ഐക്യദീപം പരിപാടിക്കിടെ പടക്കം പൊട്ടിച്ചവരെ വിമര്‍ശിച്ച പത്താന്‍, പടക്കം പൊട്ടിക്കുന്നതുവരെ എല്ലാം നന്നായിരുന്നു എന്നാണ് ട്വീറ്റ് ചെയ്തത്. എന്നാല്‍ ഇതിനെതിരേ സോഷ്യല്‍ മീഡിയയില്‍ വിദ്വേഷ കമന്റുകളുമായി ആളുകള്‍ രംഗത്തെത്തുകയായിരുന്നു.

അതേസമയം, വിദ്വേഷ കമന്റുകള്‍ നിറഞ്ഞതോടെ വീണ്ടും പ്രതികരണവുമായി എത്തിയിരിക്കുകയാണ് പത്താന്‍. വിദ്വേഷ കമന്റുകളുടെ സ്‌ക്രീന്‍ ഷോട്ട് എടുത്താണ് താരം വീണ്ടും ട്വീറ്റ് ചെയ്തത്. ഞങ്ങള്‍ക്ക് ഫയര്‍ ട്രക്കുകള്‍ ആവശ്യമുണ്ട്. സഹായിക്കാമോ? എന്നായിരുന്നു പത്താന്റെ പരിഹാസം.

ആളുകള്‍ എന്ത് പറയും എന്നതിനെക്കുറിച്ച് ഞാന്‍ വിഷമിക്കുന്നില്ല. എന്നെ അറിയുന്ന ആളുകള്‍ക്ക് എന്റെ സ്വഭാവവും അറിയാം, എന്നാല്‍ വെറുപ്പ് അവസാനിപ്പിക്കണം, ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞു.

ട്രോളുകള്‍ ഒഴുവാക്കാന്‍ ഒരു ആരാധകന്‍ ആവശ്യപ്പെട്ടതോടെയാണ് തന്റെ അഭിപ്രായ സ്വാതന്ത്രത്തെ കുറിച്ച് ഇര്‍ഫാന്‍ വ്യക്തമാക്കിയത്.

ഇന്ത്യക്കായി കളിച്ച ഒരു കളിക്കാരന്‍ അഭിപ്രായം പറഞ്ഞതിന് ഇത്രയും വിദ്വേഷം നേരിടുന്നുവെങ്കില്‍ സാധാരണക്കാരന്റെ അവസ്ഥ എന്തായിരിക്കും? നമുക്കെല്ലാം ഒരുമിച്ചുനിന്ന് ഈ വിദ്വേഷത്തെ മറികടന്നുകൂടേ? യുക്തിബോധത്തോടെ ചിന്തിച്ചുകൂടേ?. ഈ ചോദ്യവും ഉപദേശവും എല്ലാവരോടുമാണ്. മറുപടി ട്വീറ്റില്‍ പത്താന്‍ കൂട്ടിച്ചേര്‍്ത്തു.

ലോക്ക്ഡൗണിനെ തുടര്‍ന്ന് ഭക്ഷണം കിട്ടാത്തവര്‍ക്കായി ഇര്‍ഫാനും മുന്‍ ഇന്ത്യന്‍ താരവും സഹോദരനുമായ യൂസുഫ് പത്താനും ചേര്‍ന്ന് അരിയും ഉരുളക്കിഴങ്ങും വിതരണം ചെയ്തിരുന്നു. ജന്മാനാടായ ബറോഡയില്‍ 10000 കിലോ അരിയും 700 കിലോ ഉരുളക്കിഴങ്ങുമാണ് ഇരുവരും വിതരണം ചെയ്തത്.