ലണ്ടന്‍: ഇന്നലെ ഇവിടെ നിന്നും ബാര്‍ബഡോസിലേക്ക് വിമാനം കയറുമ്പോള്‍ ഇന്ത്യന്‍ നായകന്‍ വിരാത് കോലിയുടെ മുഖത്ത് പതിവ് ആഹ്ലാദമുണ്ടായിരുന്നില്ല. ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും വലിയ തോല്‍വികളിലൊന്നിന്റെ നായകനായതിന്റെയും ആ തോല്‍വി പാക്കിസ്താനില്‍ നിന്നായതിന്റെയും വലീയ ക്ഷീണം ആ മുഖത്തുണ്ടായിരുന്നു. പരിശീലകന്‍ അനില്‍ കുംബ്ലെയുമായുള്ള ബന്ധം മോശമായതിലെ ആശങ്കയും പ്രകടം. കുംബ്ലെയുമായി സഹകരിക്കാന്‍ കഴിയില്ലെന്നാണ് കോലിയുടെ പക്ഷം. വിട്ടുവീഴ്ച്ചക്ക് അദ്ദേഹം ഒരുക്കമാവുന്നില്ല. പരിശീലകന്‍ താരങ്ങള്‍ക്കൊപ്പമാണ് വേണ്ടത്. താരങ്ങളില്‍ ഒരാളാവണം. അല്ലാതെ മട്ടുപ്പാവിലെ രാജാവാകരുത് എന്ന കോലി ലൈനിനോട് കുംബ്ലെക്ക് തെല്ലും താല്‍പ്പര്യമില്ല. രവിശാസ്ത്രി പരിശീലകനായ കാലത്ത് അദ്ദേഹം താരങ്ങള്‍ക്കൊപ്പമായിരുന്നു. എന്നാല്‍ കുംബ്ലെ വന്നപ്പോള്‍ കാര്യങ്ങള്‍ മാറിയെന്നാണ് കോലി പരിഭവിക്കുന്നത്.