ജനങ്ങള്‍ക്ക് പണം വിതരണം ചെയ്യണം, വലിയ ഉത്തേജന പാക്കേജ് വേണം: രാഹുല്‍ഗാന്ധിയോട് അഭിജിത് ബാനര്‍ജി

ന്യൂഡല്‍ഹി: കോവിഡ് പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ വലിയ സാമ്പത്തിക ഉത്തേജന പാക്കേജ് പ്രഖ്യാപിക്കണമെന്ന് നൊബേല്‍ പുരസ്കാര ജേതാവ് അഭിജിത് ബാനര്‍ജി. ജനങ്ങളുടെ കൈയില്‍ സര്‍ക്കാര്‍ പണമെത്തിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുമായി നടത്തിയ വീഡിയോ മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു ബാനര്‍ജി. കഴിഞ്ഞയാഴ്ച റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജനുമായി സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് രാഹുല്‍ സംസാരിച്ചിരുന്നു. ഈ സീരീസിലെ രണ്ടാമത്തെ മുഖാമുഖമാണ് ബാനര്‍ജിയുമായി നടന്നത്.

ചെറുകിട-ഇടത്തരം വ്യാപാരങ്ങളെയെല്ലാം കോവിഡ് ബാധിച്ചിട്ടുണ്ട്. ഇവയെല്ലാം പാപ്പരായിപ്പോകുന്ന സ്ഥിതിയാണ് ഉള്ളത്. ഇത് തൊഴില്‍ നഷ്ടത്തിനും കാരണമാകും. ഇതു കൊണ്ടാണ് വലിയ സാമ്പത്തിക പാക്കേജ് വേണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നത്- രാഹുല്‍ പറഞ്ഞു. ഇതിനോട് ബാനര്‍ജി യോജിച്ചു.

‘അതാണ് യു.എസ് ചെയ്യുന്നത്. ജപ്പാനും യൂറോപ്പും ചെയ്യുന്നത്. വലിയ അളവിലുള്ള സാമ്പത്തിക പാക്കേജ് നമ്മള്‍ തീരുമാനിച്ചിട്ടില്ല. ജി.ഡി.പിയുടെ ഒരു ശതമാനം മാത്രമേ ഇപ്പോള്‍ പ്രഖ്യാപിച്ച പാക്കേജ് വരൂ. യു.എസ് ജി.ഡി.പിയുടെ പത്തു ശതമാനമാണ് നീക്കി വച്ചിട്ടുള്ളത്’ – ബാനര്‍ജി ചൂണ്ടിക്കാട്ടി.

ജനങ്ങളുടെ കൈകളിലേക്ക് പണം നല്‍കണമെന്ന രാഹുലിന്റെ അഭിപ്രായത്തോട്, അറുപത് ശതമാനം പേര്‍ക്കും ഇത്തരത്തില്‍ പണം വിതരണം ചെയ്യണമെന്നാണ് ബാനര്‍ജി ആവശ്യപ്പെട്ടത്. അവര്‍ക്ക് കുറച്ചു പണം നല്‍കണം. അതു കൊണ്ട് മോശമായത് ഒന്നും സംഭവിക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റേഷന്‍ വിതരണം കൃത്യമായി നടക്കുന്നുണ്ട് എന്നുറപ്പു വരുത്താന്‍ താല്‍ക്കാലിക കാര്‍ഡുകള്‍ വിതരണം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മൂന്നു മാസത്തേക്കാണ് നല്‍കേണ്ടത്. ആവശ്യമെങ്കില്‍ അടുത്ത മൂന്നു മാസത്തേക്ക് പുതുക്കി നല്‍കണം. നമ്മുടെ കൈയില്‍ ആവശ്യമായ ഭക്ഷണ ശേഖരം ഉണ്ടെന്നാണ് കരുതുന്നത്- ബാനര്‍ജി പറഞ്ഞു.