24 മണിക്കൂറിനുള്ളില്‍ 14,000 പുതിയ കോവിഡ് 19 കേസുകള്‍; ആകെ 167,500 കടന്നതായി ഡബ്ല്യൂ.എച്ച്.ഒ

ന്യൂയോര്‍ക്ക്: ആഗോളതലത്തില്‍ കഴിഞ്ഞ ദിവസം മാത്രം 14,000 ത്തോളം പേര്‍ക്ക് കൊറോണ വൈറസ് ബാധിച്ചതായി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). ഇതോടെ ലോകത്താകെ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 167,500 കടന്നതായും ഡബ്ല്യുഎച്ച്ഒ ചൊവ്വാഴ്ചത്തെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ലോകത്താകമാനം 167,511 കേസുകളാണ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 13,903 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, ആഗോള മരണസംഖ്യ 862 ഉയര്‍ന്ന് 6,606 ആയി. ചൈനയിലെ വുഹാനില്‍ നിന്ന് ഉത്ഭവിച്ച നോവല്‍ കൊറോണ വൈറസുകള്‍ ഇന്ത്യയുള്‍പ്പെടെ 130 രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇ്്ന്ത്യയില്‍ ഇതുവരെ 110 ഓളം പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്.

അതേസമയം, കൊറോണ വൈറസ് ബാധിച്ച് ലോകത്ത് മരണപ്പെട്ടവരുടെ എണ്ണം 7171 ആയി ഉയര്‍ന്നു. ഏറ്റവും കൂടുതല്‍ മരണം ചൈനയിലാണ്, 3226 പേര്‍. വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയ്ക്ക് ശേഷം കൊറോണ വ്യാപകമായി പടര്‍ന്ന ഇറ്റലിയില്‍ 2158 പേരും മരണപ്പെട്ടു. 87 പേരാണ് അമേരിക്കയില്‍ മരിച്ചത്. 162 രാജ്യങ്ങളിലായി 182,550 ആളുകള്‍ക്ക് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചു.

അതിനിടെ ശുഭപ്രതീക്ഷയായി അമേരിക്കയില്‍ കൊറോണക്കെതിരായ വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിച്ചു തുടങ്ങി. സിയാറ്റയില്‍ 18നും 55നും മധ്യേ പ്രായമുള്ള ആരോഗ്യവാന്മാരായ 45 പേരിലാണ് മരുന്ന് പരീക്ഷിക്കുന്നതെന്ന് യു.എസ്. നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹെല്‍ത്ത് (എന്‍.ഐ.എച്ച്.) അറിയിച്ചു.

ചരിത്രത്തിലും ഏറ്റവും വേഗമേറിയ വാക്‌സിന്‍ പരീക്ഷണമാണിതെന്നും എത്രയും വേഗം ഇതിന്റെ ഫലം വരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അമേരിക്കന്‍ പ്രഡിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി.

mRNA-1273 എന്നാണ് കൊറോണ വാക്‌സിന്റെ കോഡ് നാമം. യുഎസ് നാഷ്ണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹെല്‍ത്തിലെ ശാസ്ത്രജ്ഞരും മാസച്യുസെറ്റ്‌സിലെ കാംബ്രിഡ്ജ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മോഡേര്‍ണ എന്ന ബയോടെക്‌നോളജി കമ്പനിയിലെ വിദഗ്ധരും ചേര്‍ന്നാണ് പുതിയ കൊറോണ വാക്‌സിന്‍ വികസിപ്പിക്കുന്നത്.

SHARE