മുംബൈ: ജിഡിപി നിരക്ക് വീണ്ടും കുത്തനെ താഴോട്ട്. സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍(ജൂലൈ-സെപ്റ്റംബര്‍) ഇന്ത്യക്ക് 4.5 ജിഡിപി വളര്‍ച്ച മാത്രമാണ് കൈവരിക്കാന്‍ സാധിച്ചത്. മുന്‍ വര്‍ഷം ഇത് 4.7 ശതമാനം ആയിരുന്നു.
2013 ജനുവരി-മാര്‍ച്ച് സാമ്പത്തിക പാദത്തിന് ശേഷം മോദി സര്‍ക്കാര്‍ ഭരണത്തിലേറിയ ആറു വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇത്.
കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസാണ് ജിഡിപി നിരക്കുകള്‍ പുറത്തുവിട്ടത്. സമ്പദ് വ്യവസ്ഥയെ മെച്ചപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെങ്കിലും നേട്ടം കാര്യമായി പ്രതിഫലിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് ജിഡിപി നിരക്ക്. ഗ്രാസ് വാല്യൂ ആഡഡിലും കാര്യമായിട്ടുള്ള ഇടിവ് സംഭവിച്ചിട്ടുണ്ട്. ഇത് 4.9 ശതമാനത്തിലേക്കാണ് വീണത്. നോമിനല്‍ ഗ്രാത്തിലും വന്‍ ഇടിവ് സംഭവിച്ചു. ഇത് എട്ട് ശതമാനത്തില്‍ നിന്ന് 6.1 ശതമാനമായി കുറഞ്ഞു. നേരത്തെയുള്ള സാമ്പത്തിക പാദത്തില്‍ ജിവിഎ 4.3 ശതമാനമായി കുറഞ്ഞിരുന്നു.

അതേസമയം ഇന്ത്യയില്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് സൂചിപ്പിക്കുന്ന കാര്യങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇതിനെ സാധൂകരിക്കുന്ന കാര്യങ്ങളാണ് ജിഡിപി നിരക്കില്‍ നിന്ന് ലഭിക്കുന്നത്. തുടര്‍ച്ചയായ അഞ്ചാം സാമ്പത്തിക പാദത്തിലാണ് ഇന്ത്യയുടെ വളര്‍ച്ച പിന്നോട്ട് പോകുന്നത്.
അതേസമയം, കഴിഞ്ഞ ദിവസം കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് രാജ്യസഭയില്‍ അവകാശപ്പെട്ടതിന് തിരിച്ചടിയാണ് റിപ്പോര്‍ട്ട്.
മുന്‍ കാലങ്ങളെ അപേക്ഷിച്ച് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയില്‍ നേട്ടമുണ്ടായിട്ടുണ്ടെന്നായിരുന്നു ധനമന്ത്രിയുടെ അവകാശ വാദം.