‘കേന്ദ്ര മന്ത്രിയായത് കൊണ്ട് നിരീക്ഷണത്തിന്റെ ആവശ്യമില്ല’; ക്വാറന്റീന്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് സദാനന്ദഗൗഡ

കര്‍ണാടക സര്‍ക്കാരിന്റെ നിരീക്ഷണ നിര്‍ദേശം പാലിക്കാതെ കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ. ദില്ലിയില്‍ നിന്ന് ബെംഗളൂരുവില്‍ വിമാനമിറങ്ങിയ മന്ത്രി നിരീക്ഷണത്തില്‍ പോയില്ല. കേന്ദ്രമന്ത്രി ആയതിനാല്‍ ഇളവുണ്ടെന്നാണ് വാദം. ദില്ലിയുള്‍പ്പെടെ ആറ് തീവ്രബാധിത സംസ്ഥാനങ്ങളില്‍ നിന്ന് വിമാനത്തിലോ റോഡ്, റെയില്‍ മാര്‍ഗമോ എത്തുന്നവര്‍ക്ക് കര്‍ണാടകത്തില്‍ കര്‍ശന നിരീക്ഷണമാണുള്ളത്. ഏഴ് ദിവസം സര്‍ക്കാര്‍ കേന്ദ്രത്തിലും തുടര്‍ന്ന് ഏഴ് ദിവസം വീട്ടില്‍ നിരീക്ഷണത്തിലും കഴിയണം.

എന്നാല്‍ ബെംഗളൂരുവില്‍ വിമാനമിറങ്ങിയ കേന്ദ്രമന്ത്രി സദാനന്ദഗൗഡ ഇതൊന്നും പാലിക്കാന്‍ തയ്യാറായില്ല. നിരീക്ഷണത്തില്‍ പോകാത്തതിനെ കുറിച്ച് ചോദ്യമുയര്‍ന്നതോടെ കേന്ദ്രമന്ത്രിയായത് കൊണ്ട് ഇളവുണ്ടെന്നായിരുന്നു വിശദീകരണം.

കോവിഡ് നെഗറ്റീവ് റിപ്പോര്‍ട്ട് മന്ത്രിക്ക് ഉണ്ടെന്നാണ് ഒരു സ്റ്റാഫംഗം പറഞ്ഞത്. എന്നാല്‍ സര്‍ക്കാര്‍ നിരീക്ഷണം ഒഴിവാകുമെങ്കിലും കോവിഡ് നെഗറ്റീവ് റിപ്പോര്‍ട്ട് ഉളളവര്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയണമെന്നാണ് നിര്‍ദേശം.

SHARE