രാജ്യസഭാ ഉപാധ്യക്ഷ തെരഞ്ഞെടുപ്പ്: ഹരിവംശ് നാരായണ്‍ സിങ്ങിന് ജയം

ന്യൂഡല്‍ഹി: രാജ്യസഭാ ഉപാധ്യക്ഷ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥി ജെ.ഡി.യുവിലെ ഹരിവംശ് നാരായണ്‍ സിങ്ങിന് വിജയം. പ്രതിപക്ഷത്തിന്റെ പൊതുസ്ഥാനാര്‍ഥി ബി.കെ. ഹരിപ്രസാദിനെയാണ് പരാജയപ്പെടുത്തിയത്. ഹരിവംശ് നാരായണ്‍ സിങ് 125 വോട്ട് നേടിയപ്പോള്‍ യു.പി.എ സ്ഥാനാര്‍ഥി ഹരിപ്രസാദിന് 105 വോട്ട് മാത്രമാണ് നേടാനായത്. വൈ.എസ്.ആര്‍ കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ബി.ജെ.ഡിയും ടി.ആര്‍.എസും എന്‍.ഡി.എക്ക് വോട്ട് ചെയ്തു.

പ്രതിപക്ഷ കക്ഷികളെ ഒരുമിച്ച് അണിനിരത്തി എന്‍.ഡി.എ സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്താം എന്നായിരുന്നു കോണ്‍ഗ്രസ് പ്രതീക്ഷ. എന്നാല്‍ ഒപ്പം നില്‍ക്കുമെന്ന് കരുതിയിരുന്ന ആം ആദ്മി പാര്‍ട്ടിയും വൈ.എസ്.ആര്‍ കോണ്‍ഗ്രസും തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ട് നിന്നതും ബി.ജെ.ഡിയും ടി.ആര്‍.എസും എന്‍.ഡി.എ സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്തതും കോണ്‍ഗ്രസ് നീക്കങ്ങള്‍ക്ക് തിരിച്ചടിയായി.

SHARE