താടി വളര്‍ത്തിയതിന്റെ പേരില്‍ വിദ്യാര്‍ത്ഥികളെ എന്‍.സി.സി ക്യാമ്പില്‍ നിന്നും പുറത്താക്കി

 

ന്യൂഡല്‍ഹി: താടി വളര്‍ത്തിയതിന്റെ പേരില്‍ വിദ്യാര്‍ത്ഥികളെ എന്‍.സി.സി ക്യാമ്പില്‍ നിന്നും പുറത്താക്കി. 10 ജാമിയ മില്ലിയ ഇസ്‌ലാമിക വിദ്യാര്‍ത്ഥികളെയാണ് നാഷണല്‍ കേഡറ്റ് കോപ്‌സ് (എന്‍.സി.സി) ക്യാമ്പില്‍ നിന്നും പുറത്താക്കിയത്. അച്ചടക്ക നടപടിയുടെ പേരിലാണ് വിദ്യാര്‍ത്ഥികളെ പുറത്താക്കിയത്. അതേസമയം വിദ്യാര്‍ത്ഥികള്‍ എന്തു അച്ചടക്ക നടപടിയാണ് ലംഘിച്ചതെന്ന് നോട്ടീസില്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.

അതേസമയം ക്യാമ്പില്‍ തുടരണമെങ്കില്‍ താടി വടിക്കണമെന്നും അല്ലെങ്കില്‍ പുറത്തുപോകണമെന്നും അധികൃതര്‍ പറഞ്ഞതായി വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.എന്നാല്‍ താടി വിശ്വാസത്തിന്റെ ഭാഗമാണെന്നും ഇതു വടിക്കാന്‍ വിസമ്മതിനെ തുടര്‍ന്നാണ് തങ്ങളെ പുറത്താക്കിയതെന്നാണ് ഇവരുടെ വാദം. കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് സംഭവം. ഇതില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം നടത്തി.

താടി വളര്‍ത്തുന്നത് മതപരമായ വിശ്വാസത്തിന്റെ ഭാഗമാണ് അതുകൊണ്ട് ക്യാംപിന്റെ ആദ്യ ദിവസം തന്നെ ഇത് എഴുതി നല്‍കിയതായി പുറത്താക്കപ്പെട്ട ദില്‍ഷാദ് അഹമ്മദ് പറഞ്ഞു. എന്നാല്‍ ആറാം ദിവസമാണ് അധികൃതര്‍ ഇത്തരത്തില്‍ നടപടി കൈക്കൊണ്ടതെന്നും ദില്‍ഷാദ് ആരോപിക്കുന്നു. ഇന്ത്യന്‍ ആര്‍മിയില്‍ സിഖുകാരെ തലപ്പാവും താടിയും വയ്ക്കാന്‍ അനുവദിക്കുന്നുണ്ടെങ്കിലും എന്‍.സി.സിയുടെ കീഴില്‍ ഇത്തരം നിയമങ്ങളൊന്നുമില്ലെന്നിരിക്കെയാണ് നടപടിയെന്ന് ഒരു വിദ്യാര്‍ത്ഥി ആരോപിച്ചു.അതേസമയം സംഭവത്തില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് ജാമിയ വൈസ് ചാന്‍സിലര്‍ അറിയിച്ചു.

അതേസമയം  അച്ചടക്കമില്ലായ്മ കാരണമാണ് ഇവര്‍ക്കെതിരെ നടപടി എടുത്തതെന്ന് ക്യാമ്പിന്റെ ചുമതല വഹിക്കുന്ന ലഫ്റ്റനന്റ് കേണല്‍ എസ്ബിഎസ് യാദവ് പറഞ്ഞു. ഇവരെ പുറത്താക്കിയിട്ടില്ലെന്നും താടി വടിച്ചില്ലെങ്കില്‍ പുറത്ത് പോവാന്‍ സ്വാതന്ത്ര്യമുണ്ടെന്നാണ് അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു. പട്ടാളത്തില്‍ ഇതാണ് ചിട്ടയെന്നും സിഖുകാര്‍ ഒഴികെ മറ്റെല്ലാവരും താടി വടിക്കണമെന്നാണ് താന്‍ പഠിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

SHARE