കാലിഫോര്‍ണിയ: വിഖ്യാത അമേരിക്കന്‍ ബാസ്കറ്റ്ബോള്‍ താരം കോബി ബ്രയന്റ് ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു. അദ്ദേഹത്തിന്റെ 13 വയസുകാരിയായ മകളും ബാസ്കറ്റ് താരവും കൂടിയായ ജിയാന മരിയ ഒണോറ ബ്രയന്റ് ഉള്‍പ്പെടെ ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്ന എല്ലാവരും അപകടത്തില്‍ കൊല്ലപ്പെട്ടതായണ് വിവരം.
കാലിഫോര്‍ണിയയിലെ കലബസാസ് മേഖലയില്‍ ഉണ്ടായ അപകടത്തിലാണ് 41 വയസ്സുകാരനായ കോബി കൊല്ലപ്പെട്ടത്.
യുഎസ് ഫ്രാഞ്ചൈസ് ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ് എന്‍ബിഎയിലെ ലോസ് ആഞ്ചലീസ് ലേക്കേഴ്സിന്റെ മുന്‍ താരമായ ബ്രയന്റ് മകളെ ബാസ്കറ്റ്ബോള്‍ പരിശീലനത്തിനായി കൊണ്ടുപോകും വഴിയാണ് അപകടം.
പ്രാദേശിക സമയം രാവിലെ പത്ത് മണിക്ക് ഉണ്ടായ അപകടത്തില്‍ ബ്രയന്റും മകളുമടക്കം അഞ്ച് പേരാണ് മരിച്ചത്. അപകടത്തെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തന സംഘം സ്ഥലത്ത് എത്തിയെങ്കിലും ഹെലികോപ്റ്റര്‍ അഗ്നിക്കിരയായതോടെ മുഴുവന്‍ യാത്രികരും കൊല്ല്പ്പെടുകയായിരുന്നു.
ഇരുപത് വര്‍ഷത്തോളം വിഖ്യാത എന്‍ബിഎ ടീം, ലോസ് ആഞ്ചലീസ് ലേക്കേഴ്സിന് വേണ്ടി കളിക്കാനിറങ്ങിയ കോബി ബ്രയന്റ് അഞ്ച് തവണ ചാമ്പ്യന്‍ഷിപ്പും സ്വന്തമാക്കിയിട്ടുണ്ട്.
2006ല്‍ ടോറന്റോ റാപ്ടോര്‍സിനെതിരെ നേടിയ 81 പോയിന്റ് എന്‍ബിഎ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ വ്യക്തിഗത സ്കോറാണ്. എന്‍ബിഎ മത്സരക്രമത്തിലെ ഏറ്റവും ഉയര്‍ന്ന പദവിയായ ഓള്‍സ്റ്റാര്‍ 18 തവണ നേടിയ കോബി ബ്രയന്റ്, എക്കാലത്തെയും മികച്ച ബാസ്കറ്റ് ബോള്‍ താരങ്ങളില്‍ ഒരാളായാണ് അറിയപ്പെടുന്നത്. ലേക്കേഴ്സിന്റെ തന്നെ ഇതിഹാസ താരമായ കരീം അബ്ദുള്‍ ജബ്ബാര്‍ മാത്രമാണ് ഓള്‍സ്റ്റാര്‍ പട്ടികയില്‍ കോബിക്ക് മുന്നിലുള്ളത്.
2008ല്‍ എന്‍ബിഎയിലെ മോസ്റ്റ് വാല്യുബിള്‍ പ്ലേയര്‍ പുരസ്കാരം ബ്രയന്റ് നേടി. രണ്ടു തവണ എന്‍ബിഎ സ്കോറിങ് ചാമ്പ്യനുമായി. 2008ലും 2012ലും യുഎസ് ബാസ്കറ്റ് ബോള്‍ ടീമിനൊപ്പം രണ്ടു തവണ ഒളിമ്പിക് സ്വര്‍ണവും സ്വന്തമാക്കി. 2018ല്‍ ‘ഡിയര്‍ ബാസ്കറ്റ് ബോള്‍’ എന്ന അഞ്ച് മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തിലൂടെ മികച്ച ഹ്രസ്വ അനിമേഷന്‍ ചിത്രത്തിനുള്ള ഓസ്കര് അവാര്‍ഡും ബ്രയന്റ് സ്വന്തമാക്കിയിട്ടുണ്ട്. 2016 ഏപ്രിലിലാണ് അദ്ദേഹം വിരമിച്ചത്.