നയന്‍താരക്കും വിഘ്‌നേഷിനും കോവിഡ്?: പ്രതികരണവുമായി താരങ്ങള്‍

ചെന്നൈ: തെന്നിന്ത്യന്‍ നടി നയന്‍താരയ്ക്കും സംവിധായകന്‍ വിഗ്‌നേശ് ശിവനും കോവിഡ് 19 സ്ഥിരീകരിച്ചുവെന്ന തരത്തിലുള്ള വാര്‍ത്തകളോട് പ്രതികരിച്ച് താരങ്ങള്‍. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു പ്രചാരണം.

ഇന്‍സ്റ്റാഗ്രാമിലൂടെ വ്യത്യസ്തമായ രീതിയിലാണ് വിഗ്‌നേശും നയന്‍താരയും പ്രതികരിച്ചിരിക്കുന്നത്. വിഗ്‌നേശാണ് തമാശ രൂപത്തിലുള്ള വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ‘ഞങ്ങള്‍ക്കു ചുറ്റുമുള്ള വാര്‍ത്തകളെ ഞങ്ങള്‍ ഇങ്ങനെയാണ് കാണുന്നത്. മാധ്യമങ്ങളും സോഷ്യല്‍മീഡിയയും ഭാവനയിലൂടെ മെനഞ്ഞെടുത്ത കൊറോണ വാര്‍ത്തകളോട്’ എന്ന് വിഗ്‌നേശ് വീഡിയോയോക്കൊപ്പം കുറിച്ചു.

‘ഞങ്ങള്‍ സന്തുഷ്ടരാണ്.. ആരോഗ്യത്തോടെ ഇരിക്കുന്നു. നിങ്ങളുടെ ഇത്തരം തമാശകള്‍ കണ്ടിരിക്കാനുള്ള കരുത്തും സന്തോഷവും ദൈവം സഹായിച്ച് ഞങ്ങള്‍ക്കുണ്ട്. ദൈവം നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ.’ എന്നും വിഗ്‌നേശ് ശിവന്‍ വീഡിയോ പങ്കുവെച്ച് കുറിച്ചു.

ചെന്നൈയില്‍ കോവിഡ് വ്യാപനം ശക്തിയേറുകയാണ്. ചെന്നൈയിലെ രണ്ട് ഹോട്ട്‌സ്‌പോട്ടുകളായ കോടമ്പാക്കം, വത്സരവാക്കം എന്നീ സ്ഥലങ്ങളിലാണ് തമിഴ് സിനിമാതാരങ്ങള്‍ ഏറെയും താമസിക്കുന്നത്. ഇതിനു പിന്നാലെയാണ് ചില തമിഴ് സംവിധായകര്‍ക്കും താരങ്ങള്‍ക്കും കൊറോണ വൈറസ് ബാധിച്ചുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചു തുടങ്ങിയത്.