നടി നവ്യ സ്വാമിക്ക് കോവിഡ്; ആശങ്കയോടെ സീരിയല്‍ ലോകം

ഹൈദരാബാദ്: തെലുങ്ക് ടെലിവിഷന്‍ സീരിയല്‍ മേഖലയില്‍ ആശങ്ക പടര്‍ത്തി സീരിയല്‍ നടി നവ്യ സ്വാമിക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡിനെ തുടര്‍ന്ന് നിലച്ച ടെലിവിഷന്‍ ഷൂട്ടിങ് പുരോഗമിക്കുന്നതിനിടയിലാണ് താരത്തിന് രോഗം സ്ഥിരീകരിച്ചത്. ഇവര്‍ അഭിനയിച്ചിരുന്ന പരമ്പരയുടെ ചിത്രീകരണവും നിര്‍ത്തിവച്ചു. സാമൂഹിക മാദ്ധ്യമങ്ങള്‍ വഴി നടി തന്നെയാണ് രോഗബാധയെക്കുറിച്ച് ആരാധകരെ അറിയിച്ചത്.

തന്റെ രോഗവിവരം വ്യക്തമാക്കിയ താരം അടുത്തിടപഴകിയിരുന്നവരോട് ഐസൊലേഷനില്‍ പോകാന്‍ ആവശ്യപ്പെട്ടു. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വിഡിയോയിലൂടെയായിരുന്നു പ്രതികരണം. നവ്യ അഭിനയിച്ചിരുന്ന പരമ്പരയുടെ അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും ഇപ്പോള്‍ ക്വാറന്റൈനിലാണ്.

ദിവങ്ങളായി തുടര്‍ച്ചയായി തലവേദന നിലനിന്നിരുന്നതിനാല്‍ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശ പ്രകാരമാണ് താരം കോവിഡ് ടെസ്റ്റ് എടുത്തത്. തുടര്‍ന്ന് പരിശോധനാ ഫലം വന്നതോടെ ക്വാറന്റൈനില്‍ പോവുകയുമായിരുന്നു.

‘എന്റെ കോവിഡ് പരിശോധനാഫലം പോസറ്റീവ് ആണ്. റിസള്‍ട്ട് വന്നയുടനെ ഞാന്‍ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം ക്വാറന്റൈനില്‍ പോയി. ഞാനെന്റെ ചികിത്സയില്‍ ശ്രദ്ധിക്കുന്നുണ്ട്, ആരോഗ്യദായകമായ ഭക്ഷണവും വേണ്ട മറ്റ് സപ്ലിമെന്റുകളും കഴിക്കുന്നുണ്ട്. കഴിഞ്ഞയാഴ്ച എന്നോട് അടുത്തിടപഴകിയിട്ടുള്ള ഓരോരുത്തരോടും എനിക്കൊന്നേ പറയാനുള്ളൂ. സ്വയം ഐസൊലേറ്റ് ചെയ്യുക, രോഗലക്ഷണം കാണുന്ന മുറയ്ക്ക് കോവിഡ് പരിശോധന നടത്തുക’ – നവ്യ പറഞ്ഞു.

രോഗമുണ്ടെന്ന് അറിഞ്ഞപ്പോള്‍ താന്‍ എന്തോ വലിയ ദ്രോഹം ചെയ്തത് പോലെയാണ് ആളുകള്‍ തന്നോട് ഇടപെട്ടതെന്ന് നവ്യ പറയുന്നു. ‘സാമൂഹിക അകലം പാലിക്കല്‍ കോവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമാണെന്നത് ശരിയാണ്, എന്നാല്‍ ചുറ്റുമുള്ള ആളുകള്‍ നിങ്ങളുടെ അടുത്ത് വരാന്‍ വിസമ്മതിക്കുകയും പരസ്പരം മന്ത്രിക്കാന്‍ തുടങ്ങുകയും ചെയ്യുമ്പോള്‍ അത് അസഹ്യമായി തോന്നും. ആളുകള്‍ എന്നെ ദൂരെ നിന്ന് നിരീക്ഷിച്ചതിനാല്‍ എനിക്ക് എന്റെ സ്വന്തം ബാഗുകളുമായി കാറിലേക്ക് തിരികെ കൊണ്ടുപോകേണ്ടിവന്നു. സ്വയം ചില കുറ്റവാളികളെപ്പോലെയാണ് തോന്നിയത്. ഭാഗ്യത്തിന് എന്റെ ഷോകളുടെ നിര്‍മ്മാതാക്കളും കുറച്ച് സഹപ്രവര്‍ത്തകരും പിന്തുണ നല്‍കി’- നവ്യ പറഞ്ഞു.