സ്‌കൂളിലെ ക്രിക്കറ്റ് കളിക്കിടെ ബാറ്റ് തലിയില്‍കൊണ്ട് ആറാംക്ലാസുകാരന്‌ ദാരുണാന്ത്യം

മാവേലിക്കര: സ്‌കൂളില്‍ വച്ച് ക്രിക്കറ്റ് ബാറ്റ് അബദ്ധത്തില്‍ തലയുടെ പിന്‍വശത്ത് കൊണ്ട് ആറാം ക്ലാസ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. മാവേലിക്കര ചുനക്കര ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് അപകടം. ചാരുമ്മൂട് പുതുപ്പള്ളിക്കുന്ന് വിനോദ് ഭവനില്‍ വിനോദിന്‍റെ മകൻ നവനീത് (11) ആണ് മരിച്ചത്.

ഉച്ചഭക്ഷണം കഴിച്ച ശേഷം കൈകഴുകാന്‍ വിദ്യാര്‍ഥി പോകുന്നതിനിടെയായിരുന്നു സംഭവം. ഈ സമയം മറ്റ് കുട്ടികള്‍ മൈതാനത്ത് കളിക്കുന്നുണ്ടായിരുന്നു. ഇതിനിടെ ഒരു കുട്ടിയുടെ കൈയില്‍ നിന്നും ബാറ്റിനു പകരം ഉപയോഗിച്ച തടിക്കഷണം അബദ്ധത്തില്‍ തെറിച്ചു കൈ കഴുകുന്ന പൈപ്പുകള്‍ക്ക് അടുത്തെത്തിയ നവനീതിന്‍രെ തലയ്ക്ക് പിന്നില്‍ കൊള്ളുകയായിരുന്നു. കുട്ടിയെ ഉടന്‍ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

സംഭവത്തിന് പിന്നാലെ പോലീസ് സ്‌കൂളിലെത്തി മറ്റ് കുട്ടികളോട് വിവരങ്ങള്‍ തിരക്കി. അബദ്ധത്തില്‍ സംഭവിച്ചതാണെന്ന് കുട്ടികള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം തുടങ്ങി.

SHARE