കര്‍താര്‍പൂര്‍ ഇടനാഴി; ഇമ്രാന്‍ ഖാനെ പുകഴ്ത്തിപാടി നവജോത് സിദ്ധു

ന്യൂഡല്‍ഹി: ഇന്ത്യയിലെയും പാകിസ്താനിലെയും സിഖ് ആരാധനാലയങ്ങളെ ബന്ധിപ്പിക്കുന്ന കര്‍താര്‍പൂര്‍ ഇടനാഴി തുറന്ന ചടങ്ങില്‍ പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ പുകഴ്ത്തിപാടി കോണ്‍ഗ്രസ് നേതാവും മുന്‍ ക്രിക്കറ്റ് താരവുമായ നവജോത് സിങ് സിദ്ധു. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പ്രത്യേക ക്ഷണപ്രകാരം കര്‍താര്‍പൂര്‍ ഇടനാഴിയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് നേതാവ് നവജോത് സിംഗ് സിദ്ധുവിന് പ്രത്യേക ക്ഷണം ലഭിച്ചുന്നു.

പരിപാടിയില്‍ സംസാരിക്കവെയാണ്, ഇടനാഴി നിര്‍മാണത്തില്‍ പാകിസ്ഥാന്‍ നല്‍കിയ സംഭാവനകളെയും ഇംറാന്‍ ഖാന്റെ ഇടപെടവിനേയും അദ്ദേഹം പ്രശംസിച്ചത്. വിഭജനത്തിനുശേഷം ആദ്യമായാണ് അതിരുകള്‍ പൊളിക്കുന്നതെന്നും എന്റെ സുഹൃത്ത് ഇമ്രാന്‍ ഖാന്റെ സംഭാവന ആര്‍ക്കും നിഷേധിക്കാനാവില്ലെന്നും സിദ്ധു പറഞ്ഞു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും സിന്ധു നന്ദി പറഞ്ഞു. കവിത രൂപത്തിലുള്ള സിന്ധുവിന്റെ പ്രശംസാ പ്രസംഗം സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയാണ്. ഏറെ നാളായി പൊതുപരിപാടികളില്‍ നിന്നും മാറികഴിയുകയായിരുന്നു നവജോത് സിങ് സിദ്ധു.

അതേസമയം, മുന്‍ മന്ത്രിയും കോണ്‍ഗ്രസ് എം.എല്‍.എയുമായ നവ്‌ജ്യോത് സിംഗ് സിദ്ധുവിന് പാക്കിസ്ഥാനിലേക്ക് പോകാനുള്ള അനുമതി കേന്ദ്ര സര്‍ക്കാര്‍ വൈകിപ്പിച്ചതും വിവാദമായിരുന്നു. കര്‍ത്താര്‍പൂര്‍ ഇടനാഴിയുടെ ഉദ്ഘാടനത്തില്‍ പങ്കെടുക്കാന്‍ അനുമതി തേടി സിദ്ധു നല്‍കിയ മൂന്നാമത്തെ അപേക്ഷയിലാണ് വിദേശകാര്യ മന്ത്രാലയം വഴങ്ങിയത്. ആദ്യ രണ്ട് അപേക്ഷകളും വിദേശകാര്യ മന്ത്രാലയം നിരസിക്കുകയായിരുന്നു.

ആദ്യത്തെ രണ്ട് അപേക്ഷകളിലും അനുകൂല മറുപടി ഉണ്ടാകാതിരുന്നതിനെ തുടര്‍ന്ന് സിദ്ധു വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് കത്തെഴുതുകയായിരുന്നു. ഇതേതുടര്‍ന്നാണ് അനുമതി നല്‍കിയത്.

”കത്തിനുള്ള മറുപടി വൈകുന്നത് എന്റെ യാത്രയ്ക്ക് തടസം സൃഷ്ടിക്കുന്നുണ്ട്. പാക്കിസ്ഥാനില്‍ പോകുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കില്‍ ഒരു പൗരനെന്ന നിലയില്‍ താന്‍ അത് സംഗീകരിക്കും. എന്നാല്‍ നിങ്ങള്‍ എന്റെ മൂന്നാമത്തെ കത്തിനും മറുപടി നല്‍കുന്നില്ലെങ്കില്‍ ലക്ഷക്കണക്കിന് സിഖ് വിശ്വാസികള്‍ വിസയെടുത്ത് പാക്കിസ്ഥാനിലേക്ക് പോകുന്നത് പോലെ ഞാനും പോകും” സിദ്ധു കത്തില്‍ വ്യക്തമാക്കി.

ശനിയാഴ്ചയായിരുന്നു കര്‍ത്താര്‍പൂര്‍ ഇടനാഴിയുടെ ഉദ്ഘാടനം. പഞ്ചാബിലെ ഗുരുദാസ് പൂരിലെ ദേരാ ബാബാ നാനാക്കിലെ ചെക് പോസ്റ്റ് പ്രധാനമന്ത്രി നരേന്ദ്രമോദിയും പാക്കിസ്താന്‍ ഭാഗത്തെ ചെക്‌പോസ്റ്റ് പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും ഉദ്്ഘാടനം ചെയ്തു. ഗുരുനാനാക്കിന്റെ 550ാം ജയന്തി ദിനത്തിലാണ് സിഖ് മത വിശ്വാസികള്‍ക്കായി കര്‍താര്‍പൂര്‍ ഇടനാഴി തുറന്നുകൊടുത്തത്.
പഞ്ചാബിലെ ഗുര്‍ദാസ്പുരിലൂള്ള ദേര ബാബ നാനാക്കില്‍ നിന്ന് നാലു കിലോമീറ്റര്‍ അകലെ പാക്കിസ്താനിലെ നരോവല്‍ ജില്ലയിലെ കര്‍താര്‍പൂരിലെ ദര്‍ബാര്‍ സാഹിബ് ഗുരുദ്വാര വരെയാണ് ഇടനാഴി. സിഖ് മത സ്ഥാപകന്‍ ഗുരുനാനാക്ക് അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലമാണ് ഗുരുദ്വാര. ഇരുരാജ്യങ്ങളിലെയും സിഖ് മത വിശ്വാസികളുടെ ഏറെ നാളായുള്ള കാത്തിരിപ്പിനാണ് വിരാമമായിരിക്കുന്നത്. ദിവസവും അയ്യായിരും തീര്‍ഥാടകര്‍ക്ക് ഗുരുദ്വാര സന്ദര്‍ശിക്കാം.
ഉദ്ഘാടന ദിവസമടക്കം ഒരാളില്‍ നിന്ന് 20 രൂപ ഡോളര്‍ ഫീസ് ഈടാക്കാന്‍ പാകിസ്താന്‍ തീരുമാനിച്ചത് വിവാദമായിരുന്നു.
ഉദ്ഘാടനത്തിന് മുന്‍പായി സുല്‍ത്താന്‍ പൂര്‍ ലോധിയിലെ ബേര്‍ സാഹിബ് ഗുരുദ്വാരയില്‍ പ്രധാനമന്ത്രി പ്രണാമമര്‍പ്പിച്ചു.
ഇന്ത്യയുടെ വികാരങ്ങളെ മാനിച്ചതിന് പാക്കിസ്താന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന് മോദി നന്ദി അറിയിച്ചു. 500 പേരടങ്ങിയ ആദ്യ തീര്‍ത്ഥാടകസംഘത്തിന്റെ ഫഌഗ് ഓഫ് പ്രധാനമന്ത്രി നിര്‍വഹിച്ചു. മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിങ്, പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് തുടങ്ങിയവര്‍ ആദ്യ സംഘത്തിലുണ്ട്. പാകിസ്താനുമായി നല്ല ബന്ധമാണ് രാജ്യം ആഗ്രഹിക്കുന്നതെന്ന് അമരീന്ദര്‍ സിങ് പറഞ്ഞു. നടനും എപിയുമായ സണ്ണി ഡിയോള്‍, കേന്ദ്ര മന്ത്രിമാരായ ഹര്‍ദീപ് പുരി, കോണ്‍ഗ്രസ് നേതാവ് നവജോത് സിങ് സിദ്ധു തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.