‘രണ്ടാഴ്ച്ച വരെ പച്ചക്കറി കേടാവാതിരിക്കും’; നാടന്‍ ഫ്രിഡ്ജുണ്ടാക്കി താരമായി വീട്ടമ്മ

തൃശൂര്‍: ഫ്രിഡ്ജ് വാങ്ങുമ്പോള്‍ ഡോറിന്റെ വലിപ്പം ഫ്രീസറിന്റെ വലിപ്പവും എല്ലാം നോക്കി വാങ്ങുന്ന നമ്മള്‍ക്ക് തീര്‍ച്ചയായും തൃശൂരിലെ സിന്ധുവിന്റെ നാടന്‍ ഫ്രിജ് ആര്‍ക്കും പരീക്ഷിക്കാവുന്നതാണ്. ഇഷ്ടികയും മണ്ണും മണലുമുപയോഗിച്ച് ഈ വീട്ടമ്മയുണ്ടാക്കിയ ഫ്രിജ് നാട്ടില്‍ തരംഗമാണ്. എസ്.എസ.്എ.യില്‍ ജോലി ചെയ്യുന്ന ഫിസിക്‌സ് അധ്യാപകന്‍ വേലൂര്‍ ദേവസ്വംപറമ്പില്‍ വേണുഗോപാലന്റെ ഭാര്യ സിന്ധുവാണ് വീട്ടില്‍ നാടന്‍ ഫ്രിഡ്ജുണ്ടാക്കിയത്. പ്രകൃതിയെ ഉപദ്രവിക്കാതെ ജീവിക്കണമെന്ന ആഗ്രഹമാണ് ഈ ദമ്പതികള്‍ക്ക്. ഓസോണ്‍ പാളികളെ നശിപ്പിക്കുന്നതില്‍ ഒരു പങ്ക് നമ്മുടെ ഫ്രിജും ഏസിയുമാണു ചെയ്യുന്നതെന്ന തിരിച്ചറിവുള്ളതിനാല്‍ ഫ്രിഡ്ജ് വാങ്ങാന്‍ തോന്നിയില്ല.

അഞ്ചുവര്‍ഷമായി പ്രകൃതിദത്ത ഫ്രിഡ്ജ് എന്ന ആശയം മനസ്സില്‍ കൊണ്ടുനടന്ന ഇവര്‍ക്ക് കോവിഡ് ലോക്ഡൗണ്‍ കാലത്താണ് അതു നടപ്പാക്കാന്‍ അവസരം കിട്ടിയത്. വീടു നിര്‍മിച്ച ശേഷം ബാക്കി വന്ന ഇഷ്ടിക, മണല്‍ ഇവകൊണ്ടാണു ഫ്രിഡ്ജ് നിര്‍മാണം. ഫ്രിഡ്ജില്‍ പച്ചക്കറി രണ്ടാഴ്ച വരെ കേടാകാതിരിക്കും. ഇഷ്ടികകൊണ്ട് വീടിന്റെ വര്‍ക്ക് ഏരിയയോടു ചേര്‍ന്ന് ഒരു തറകെട്ടി. ഇതിനുമുകളില്‍ രണ്ടു പാളികളായി ചുറ്റും ചുമര്‍കെട്ടി ഒരു പെട്ടിയുണ്ടാക്കി. ഈ പാളികള്‍ക്കിടയില്‍ മണല്‍ നിറച്ചു. മുകളില്‍ നല്ല അടച്ചുറപ്പുള്ള ചട്ടക്കൂടുണ്ടാക്കി. അതില്‍ ചണം കൊണ്ടുള്ള അടപ്പ്. ഇത്രയുമായപ്പോള്‍ സിന്ധുവിന്റെ നാടന്‍ ഫ്രിഡ്ജ് തയ്യാര്‍. വൈദ്യുതി ആവശ്യമില്ല. ദിവസവും രാവിലെയും വൈകിട്ടും മണല്‍ നനച്ചുകൊടുക്കണം. മണലിന്റെ ഈര്‍പ്പം ബാഷ്പീകരിക്കാന്‍ ബോക്‌സിനകത്തെ ചൂട് വലിച്ചെടുക്കും. അപ്പോള്‍ ഫ്രിജ് നന്നായി തണുക്കും പച്ചക്കറിയും. അത്രയേയുള്ളു ശാസ്ത്രം.

ഉറുമ്പും മറ്റും കയറാതിരിക്കാന്‍ ട്രേകളില്‍ പൊളിത്തീന്‍ കവര്‍ കൊണ്ടു പൊതിഞ്ഞാണു പച്ചക്കറികളും പഴങ്ങളും വയ്ക്കുക. കവറില്‍ കുറച്ചു തീരെച്ചെറിയ ദ്വാരങ്ങളിടും. പിറ്റേന്നു പച്ചക്കറിയെടുക്കുമ്പോള്‍ കവറില്‍ ഈര്‍പ്പം പറ്റിപ്പിടിച്ചിട്ടുണ്ടാവും. യഥാര്‍ഥ ഫ്രിഡ്ജിലേതുപോലെ തന്നെ. പച്ചക്കറിയും പഴവും രണ്ടാഴ്ച വരെയും പാല്‍ രണ്ടു ദിവസം വരെയും ഈ ഫ്രിജില്‍ കേടാവാതിരിക്കുന്നുണ്ടെന്നു സിന്ധുവും വേണുഗോപാലും സാക്ഷ്യപ്പെടുത്തുന്നു.

SHARE