സാക്കിര്‍ നായിക്കിനെതിരെ എന്‍.ഐ.എ കുറ്റപത്രം സമര്‍പ്പിച്ചു

മുംബൈ: ഇസ്‌ലാമിക മതപ്രഭാഷകന്‍ ഡോ. സാക്കിര്‍ നായിക്കിനെതിരെ എന്‍.ഐ.എ കുറ്റപത്രം സമര്‍പ്പിച്ചു. മതവിദ്വേഷ പ്രസംഗം നടത്തിയെന്നും യുവാക്കളെ തീവ്രവാദത്തിലേക്ക് പ്രേരിപ്പിച്ചെന്നും ആരോപിച്ചാണ് മുംബൈ പ്രത്യേക എന്‍.ഐ.എ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

58 പേജുള്ള കുറ്റപത്രത്തോടൊപ്പം 150 പേരുടെ സാക്ഷിമൊഴികളും 79 രേഖകളും ലാപ്‌ടോപും ലഘുലേഖകളും അടക്കം 604 തെളിവുകളും ഹാജരാക്കിയിട്ടുണ്ട്. 2016 നവംബറിലാണ് സാക്കിര്‍ നായികിനെതിരെ എന്‍.ഐ.എ കേസെടുത്തത്. ധാക്ക ഭീകരാക്രമണം നടത്തിയ യുവാവിന് പ്രേരണയായത് സാക്കിര്‍ നായിക്കിന്റെ പ്രസംഗങ്ങളാണെന്നാണ് ആരോപണം.

ആ സമയത്ത് വിദേശത്തായിരുന്ന സാക്കിര്‍ നായിക് പിന്നീട് ഇന്ത്യയിലേക്ക് വന്നില്ല. തുടര്‍ന്ന് അദ്ദേഹത്തിന്റെ ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനും ടെലിവിഷന്‍ ചാനലായി പീസ് ടിവിയും കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. എന്നാല്‍ ഭീകര സംഘടനകളുമായി നായികിന് ബന്ധമുണ്ടെന്നതിന് ഇതുവരെ അന്വേഷണ സംഘത്തിന് തെളിവൊന്നും ലഭിച്ചിട്ടില്ല. സാക്കിര്‍ നായിക്കും ബന്ധുക്കളും ഡയറക്ടര്‍മാരായ നാലു കമ്പനികളില്‍ സാമ്പത്തിക ക്രമക്കേട് ആരോപിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കേസെടുത്തിരുന്നു.

മൂന്നു തവണ സമന്‍സ് അയച്ചിട്ടും ചോദ്യംചെയ്യലിന് ഹാജരാകാത്തതിനെ തുടര്‍ന്ന് നായികിന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കുകയും ഇന്റര്‍പോള്‍ നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്. ആരോപണങ്ങളില്‍ വാസ്തവമില്ലെന്ന് അവകാശപ്പെട്ട സാക്കിര്‍ നായിക് ചോദ്യംചെയ്യലിന് നേരിട്ട് ഹാജരാകാന്‍ പറ്റിയ സാഹചര്യമല്ല ഇന്ത്യയിലുള്ളതെന്ന് രേഖാമൂലം അറിയിച്ചിരുന്നു.

SHARE