റാഞ്ചി: ദേശീയത എന്ന വാക്ക് ലോകത്ത് അത്രനല്ല പ്രയോഗമെല്ലെന്നും അത് ഹിറ്റ്‌ലറുടെ നാസിസത്തില്‍നിന്നും ഫാസിസത്തില്‍ നിന്നുമായി ഉരുത്തിരിഞ്ഞ പദമാണെന്ന ബോധ്യപ്പെട്ടതിനാല്‍ ഇനിയത് ഉപയോഗിക്കരുതെന്നും ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത്. വ്യാഴാഴ്ച ജാര്‍ഖണ്ഡിലെ മൊറാബാദിയിലുള്ള മുഖര്‍ജി സര്‍വകലാശാലയില്‍ സംഘ്പരിവാര്‍ സംഘടിപ്പിച്ച പരിപാടിയില്‍ പ്രവര്‍ത്തകരോടായി സംസാരിക്കുകയായിരുന്നു മോഹന്‍ ഭാഗവത്.
മോദി സര്‍ക്കാറിന്റെ കേന്ദ്ര നയങ്ങള്‍ക്കെതിരെയും പൗരത്വ ഭേദഗതി നിയമം കാശ്മീര്‍ തുടങ്ങിയ വിഷയങ്ങള്‍ ദേശീയതയിലൂന്നിയുളള ബിജെപിയുടെ നീക്കങ്ങള്‍ക്കെതിരെ രാജ്യത്തുടനീളം പ്രതിഷേധം കത്തുന്ന വേളയിലാണ് ആര്‍എസ്എസ് മേധാവിയുടെ ഈ പരാമര്‍ശം.
ഇംഗ്ലണ്ട് സന്ദര്‍ശന വേളയില്‍ ‘ദേശീയത’ എന്ന പ്രയോഗത്തില്‍ തനിക്കനുഭവപ്പെട്ട വസ്തുത വ്യക്തമാക്കിയാണ് ഭാഗവത് ആര്‍എസ്എസ് പ്രവര്‍ത്തകരോട് ഇക്കാര്യം പറഞ്ഞത്.
യു.കെ സന്ദര്‍ശന വേളയില്‍ ദേശീയത എന്ന വാക്ക് ഉപയോഗിക്കുന്നതിനെതിരെ ഒരു സന്നദ്ധപ്രവര്‍ത്തകന്‍ തന്നെ ഉപദേശിച്ചതായ ഭാഗവത് പറഞ്ഞു. ഇംഗ്ലണ്ടില്‍ ഇതിന് മറ്റൊരു അര്‍ത്ഥമുണ്ടെന്നും അത് ഹിറ്റ്‌ലര്‍, നാസിസം, ഫാസിസം എന്നതിനേയൊക്കെ സൂചിപ്പിക്കുന്നതിനാല്‍ ദേശീയത എന്ന പദം ഉപയോഗിക്കരുതെന്ന് അദ്ദേഹം എന്നെ ഉപദേശിച്ചെന്നും ആര്‍എസ്എസ് മേധാവി പറഞ്ഞു.
അഡോള്‍ഫ് ഹിറ്റ്‌ലറുടെ നാസിസത്തെയും ഫാസിസത്തേയുംക്കുറിച്ച് ജനങ്ങളെ ഓര്‍മപ്പെടുത്തുന്നതിനാല്‍ ദേശീയത എന്ന പദം ഉപയോഗിക്കുന്നത് ഒഴിവാക്കണം. രാഷ്ട്രം (നേഷന്‍), പൗരത്വം (നാഷണാലിറ്റി) തുടങ്ങിയ പദങ്ങളാണ് പകരം ഉപയോഗിക്കേണ്ടത്. ദേശീയത എന്ന് പറഞ്ഞാല്‍ ഹിറ്റ്‌ലര്‍, നാസിസം തുടങ്ങിയവ ആയാണ് ആളുകള്‍ കാണുകയെന്നും ആര്‍എസ്എസ് പ്രവര്‍ത്തകരോടായി ഭാഗവത് പറഞ്ഞു.
മതമൗലിക വാദങ്ങള്‍ കാരണം രാജ്യത്ത് നിരവധി കുഴപ്പങ്ങള്‍ ഉണ്ടാകുന്നുണ്ട്. വൈവിധ്യങ്ങള്‍ക്കിടയിലും ഹിന്ദു എന്ന പദത്തില്‍ എല്ലാ ഇന്ത്യക്കാരും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ആരുടെയും അടിമയാകുകയോ ആരെയും അടിമയാക്കുകയോ ചെയ്യുകയില്ലെന്നതാണ് ഇന്ത്യയുടെ നയം. എല്ലാവരെയും ഒന്നിപ്പിക്കുന്നതാണ് ഇന്ത്യന്‍ സംസ്‌കാരമെന്നും ഭാഗവത് പറഞ്ഞു. ലോകരാജ്യങ്ങളുടെ നേതൃസ്ഥാനത്ത് ഇന്ത്യയെ എത്തിക്കുക എന്നതാണ് ആര്‍എസ്എസിന്റെ ലക്ഷ്യമെന്നും ഭാഗവത് വ്യക്തമാക്കി.