ദേശീയ സീനിയര്‍ വോളിക്ക് ആരവമുയര്‍ന്നു; ആദ്യ ജയം കര്‍ണാടകക്ക്

കോഴിക്കോട് : ദേശീയ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന് കോഴിക്കോടിന്റെ മണ്ണില്‍ ആരവമുയര്‍ന്നു. ഒരാഴ്ച നീണ്ടു നില്‍ക്കുന്ന ചാമ്പ്യന്‍ഷിപ്പിന്റെ പ്രധാന വേദിയായ സ്വപ്നനഗരിയിലെ കാലിക്കറ്റ് ട്രേഡ് സെന്റര്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലും വി.കെ കൃഷ്ണമേനോന്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലുമായാണ് മത്സരങ്ങള്‍ നടക്കുന്നത്. ചൊവ്വാഴ്ച വൈകുന്നേരം ദീപം തെളിഞ്ഞതോടെ നഗരം വോളി ലഹരിയിലാണ്.
ആദ്യ മത്സരത്തില്‍ കര്‍ണാടക നേരിട്ടുള്ള 3 സെറ്റുകള്‍ക്ക് (2512, 2511, 2517) ബീഹാറിനെ പരാജയപ്പെടുത്തി ആദ്യ ജയം സ്വന്തമാക്കി.

ആതിഥേയരായ കേരളത്തിന്റെ പുരുഷ വനിതാ ടീമുകളും ആദ്യദിനം മത്സരത്തിനിറങ്ങുന്നുണ്ട്. വൈകിട്ട് 4.30 ന് കാലിക്കറ്റ് ട്രേഡ് സെന്റര്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ കേരളത്തിന്റെ പുരുഷ വിഭാഗം ടീം രാജസ്ഥാനെ നേരിടും. വൈകിട്ട് ഏഴിനാണ് കേരളത്തിന്റെ വനിതാ ടീം മത്സരത്തിനിറങ്ങുന്നത്. തെലുങ്കാനയുമായാണ് വനിതാ ടീമിന്റെ ആദ്യ മത്സരം.

17 വര്‍ഷങ്ങള്‍ക്കു ശേഷമാണ് കേരളം സ്വന്തം മണ്ണില്‍ ദേശീയ സീനിയര്‍വോളിയ്ക്കായി കച്ചമുറുക്കിയിറങ്ങുന്നത്. വോളിബോളിന്റെ കടുത്ത ആരാധകാരായ മലബാറുകാരുടെ ആരവങ്ങളുടെ അകമ്പടിയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് കേരളത്തിന്റെ പുരുഷ, വനിതാ ടീമുകള്‍. കഴിഞ്ഞ തവണ ചെന്നൈയില്‍ കിരീടം നേടിയ പുരുഷ ടീമില്‍ വലിയ മാറ്റം വരുത്താതെയാണ് ഇത്തവണ കളത്തിലിറക്കുന്നത്. കഴിഞ്ഞ വര്‍ഷം ടീമിനെ വിജയത്തിലേക്ക് നയിച്ച അബ്ദുള്‍ നാസര്‍ തന്നെയാണ് ഇത്തവണയും മുഖ്യപരിശീലകന്‍. കിരീടം നേടിക്കൊടുക്കുന്നതില്‍ കഴിഞ്ഞ തവണ പ്രധാന പങ്കുവഹിച്ച കിഷോര്‍കുമാര്‍ സഹപരിശീലകനായുണ്ട്. മുത്തുസാമി, ജെറോം വിനീത്, ജിഎസ് അഖിന്‍, പി രോഹിത്ത്, അബ്ദുള്‍ റഹീം, സി. അജിത് ലാല്‍ , വിബിന്‍ എം ജോര്‍ജ്ജ്, , അനു ജയിംസ്, രതീഷ്, എന്‍. ജിതിന്‍, ഒ. അന്‍സാബ്, സി.കെ. രതീഷ് എന്നിവരാണ് ടീമിലുള്ളത്.

കോഴിക്കോട് നടന്ന 2001 ലെ ചാമ്പ്യന്‍ഷിപ്പില്‍ കേരള പുരുഷ ടീമിനെ വിജയികളാക്കിയ പരിശീലകന്‍ സണ്ണി ജോസഫിന്റെ പരിശീലനം നേടിയാണ് ഇത്തവണ വനിതാ ടീം ഇറങ്ങുന്നത്. 11 വര്‍ഷം മുത്തമിടാന്‍ കഴിയാത്ത കിരീടം തിരിച്ചുപിടിക്കാനാണ് കേരളത്തിന്റെ വനിതാ ടീം ഇറങ്ങുന്നത്. 2007ല്‍ ജയ്പൂരിലെ ചാമ്പ്യന്‍ഷിപ്പിലായിരുന്നു കേരളത്തിന്റെ വനിതാ ടീം കിരീടം നേടിയത്. എസ്.രേഖ, എം.ശ്രുതി, കെ.എസ്. ജിനി, ഇ. അശ്വതി, അഞ്ജു ബാലകൃഷ്ണന , ഫാത്തിമ റുക്‌സാന, കെ.പി. അനുശ്രീ, ജി. അഞ്ജുമോള്‍, എസ്. സൂര്യ, അഞ്ജലി സാബു, എസ്. ശരണ്യ, അശ്വതി രവീന്ദ്രന്‍. എന്നിവരടങ്ങിയതാണ് കേരള ടീം.

28 പുരുഷ ടീമുകളും 26 വനിതാ ടീമുകളുമാണ് മത്സരത്തില്‍ ഏറ്റുമുട്ടുന്നത്. ഇന്നു മുതല്‍ 25 വരെ രാവിലെ ഏഴര മുതല്‍ രാത്രി പത്ത് വരെ രണ്ട് വേദികളിലായാണു മത്സരങ്ങള്‍ നടക്കുന്നത് . 26, 27 തീയ്യികളിലാണ് കാലിക്കറ്റ് ട്രേഡ് സെന്റര്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ സെമി ഫൈനല്‍ മത്സരങ്ങള്‍ അരങ്ങേറുക. ചാമ്പ്യന്‍ഷിപ്പിന്റെ പുരുഷ, വനിതാ ഫൈനല്‍ മത്സരങ്ങള്‍ക്ക് 28 ന് ട്രേഡ് സെന്റര്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കും.

SHARE