65-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം;രാഷ്ട്രപതിക്ക് പകരം ബാക്കിയുള്ളവര്‍ക്ക് താന്‍ അവാര്‍ഡ് സമ്മാനിക്കുമെന്ന് സ്മൃതി ഇറാനി: പരിപാടി ബഹിഷ്‌കരിക്കുമെന്ന കടുത്ത നിലപാടില്‍ ജേതാക്കള്‍

ന്യൂഡല്‍ഹി: ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാക്കളില്‍ 11 പേര്‍ക്കു മാത്രം രാഷ്ട്രപതി രാംനാഥ് കോവിന്ദ് പുരസ്‌കാരം നല്‍കിയാല്‍ മതി എന്ന വാര്‍ത്താ വിതരണ മന്ത്രി സമൃതി ഇറാനിയുടെ തീരുമാനം വിവാദത്തില്‍. ബാക്കി അവാര്‍ഡ് ജോതാക്കള്‍ക്ക് പുരസ്‌കാരം താന്‍ തന്നെ നല്‍കുമെന്നാണ് സ്മൃതി ഇറാനിയുടെ തീരുമാനം. എന്നാല്‍ പുതിയ തീരുമാനം അംഗീകരിക്കാന്‍ അവാര്‍ഡ് ജേതാക്കള്‍ തയ്യാറായില്ല. എല്ലാവര്‍ക്കും രാഷ്ട്രപതി തന്നെ അവാര്‍ഡ് നല്‍കണമെന്നും അല്ലെങ്കില്‍ പരിപാടി ബഹിഷ്‌കരിക്കുമെന്നും ജേതാക്കള്‍ അറിയിച്ചു. ഇതോടെ 65-മത് ദേശീയ ചലച്ചിത്ര അവാര്‍ഡ് ദാനം വലിയ പ്രതിസന്ധിയിലായി.

കീഴ് വഴക്കങ്ങള്‍ ലംഘിച്ച് അവാര്‍ഡ് വേണ്ടെന്ന നിലപാടിലാണ് ജേതാക്കള്‍. പുതിയ നീക്കത്തിനെതിരെ പുരസ്‌കാര ജേതാക്കള്‍ മന്ത്രാലയത്തിന് പരാതി നല്‍കിയിട്ടുണ്ട്. ഇന്നു നാലിനു വിജ്ഞാന്‍ ഭവനിലാണ് അവാര്‍ഡ് ദാനം. രാഷ്ട്രപതിയില്‍ നിന്നു പുരസ്‌കാരം ഏറ്റുവാങ്ങുന്ന 11 പേരെ എന്തു മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണു തിരഞ്ഞെടുത്തതെന്ന അവാര്‍ഡ് ജേതാക്കളുടെ ചോദ്യത്തിനു മന്ത്രി സ്മൃതി ഇറാനിക്കു മറുപടിയില്ലാതായതോടെയാണ് പ്രതിഷേധം കനത്തത്.ഈ വര്‍ഷം മുതലുള്ള പരിഷ്‌കാരമാണിതെന്നും പകരം ജേതാക്കളുടെ സംഘത്തിനൊപ്പം രാഷ്ട്രപതി ചിത്രമെടുക്കുമെന്നും മന്ത്രി അറിയിച്ചെങ്കിലും പ്രതിഷേധം തണുത്തില്ല. പുരസ്‌കാരത്തിനുള്ള ക്ഷണക്കത്തില്‍ രാഷ്ട്രപതി വിതരണം ചെയ്യുമെന്നാണ് അറിയിച്ചിരുന്നതെന്നും അവസാന നിമിഷത്തെ പരിഷ്‌കാരം അംഗീകരിക്കാനാവില്ലെന്നും ജേതാക്കള്‍ ഉറച്ച നിലപാടെടുത്തു.

തിരഞ്ഞെടുക്കപ്പെട്ട 11 പേരില്‍ കേരളത്തില്‍ നിന്നു സംവിധായകന്‍ ജയരാജ്, ഗായകന്‍ കെ.ജെ.യേശുദാസ് എന്നിവര്‍ മാത്രമാണുള്ളത്. വിനോദ് ഖന്നയ്ക്ക് മരണാനന്തര ബഹുമതിയായി ദാദാ സാഹിബ് ഫാല്‍കെ പുരസ്‌കാരം, മികച്ച നടി ശ്രീദേവിക്കുള്ള മരണാനന്തര പുരസ്‌കാരം, മികച്ച നടന്‍ റിദ്ദി സെനിനുള്ള അവാര്‍ഡ് തുടങ്ങിയവയാണ് രാഷ്ട്രപതി സമ്മാനിക്കുമെന്നു അറിയിച്ച മറ്റു പുരസ്‌കാരങ്ങള്‍. അതേസമയം സ്മൃതി ഇറാനിയുടെ തീരുമാനത്തിനെതിരെ സിനിമ മേഖലയില്‍ നിന്ന് കടുത്ത പ്രതിഷേധം ഉയര്‍ന്നു വരികയാണ്.