രാജ്യത്തിപ്പോള്‍ നടക്കുന്നത് മോചനത്തിനു വേണ്ടിയുള്ള ഏറ്റവും വലിയ രാഷ്ട്രീയ യുദ്ധം: പി.കെ കുഞ്ഞാലിക്കുട്ടി

 

മുക്കം: ഫാഷിസ്റ്റ് കരാള ഹസ്തങ്ങളില്‍ കുടുങ്ങിയ രാജ്യത്തിന്റെ മോചനത്തിനായുള്ള ഏറ്റവും വലിയ രാഷ്ട്രീയ യുദ്ധമാണിപ്പോള്‍ നടക്കുന്നതെന്ന് മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി . ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും മറ്റു മതേതര കക്ഷികളും ചേര്‍ന്നു നടത്തുന്ന രക്ഷപ്പെടുത്തലിന്റെ നല്ല സുചനകള്‍ പ്രകടമായിക്കൊണ്ടിരിക്കുകയാണ്. രാജ്യം മാറ്റത്തിന്റെ വക്കിലാണ്, കേരള രാഷ്ട്രീയത്തിലും ഒട്ടേറെ മാറ്റങ്ങള്‍ അനിവാര്യമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്ത കൊടിയത്തൂര്‍ സ്വദേശി സി. പി. ചെറിയ മുഹമ്മദിന് ജന്മനാട് ഒരുക്കിയ ആദരം പരിപാടിയുടെ ഉദ്ഘാടനവും ഉപഹാര സമര്‍പ്പണവും നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു എം.പി.

ആനുകാലിക രാഷ്ട്രീയ സാഹചര്യത്തില്‍ നീണ്ട കാലത്തെ പ്രവര്‍ത്തന പരിചയവും പാടവവുമുള്ള സി.പിയുടെ നേതൃത്വം നാടിനും സംഘടനക്കും നേട്ടമാകുമെന്ന് കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. എം.ഐ.ഷാനവാസ് എം.പി പ്രശസ്തി പത്രവും പി എം അഹമദും എ എം സി അബ്ദുസ്സലാമും ചേര്‍ന്ന് ജന്മ നാടിന്റെ പ്രത്യേക ഉപഹാരവുംസമര്‍പ്പിച്ചു. ചെയര്‍മാന്‍ എം.എ.അബ്ദുറഹിമാന്‍ ഹാജി അധ്യക്ഷത വഹിച്ചു.പി കെ ബഷീര്‍ എം.എല്‍.എ, ഉമ്മര്‍ പാണ്ടികശാല തുടങ്ങിയവര്‍ സംസാരിച്ചു.