അഞ്ജലി മേനോന്‍ ചിത്രത്തിലൂടെ നസ്‌റിയ തിരിച്ചുവരുന്നതായി റിപ്പോര്‍ട്ട്

നടന്‍ ഫഹദ്ഫാസിലുമായുള്ള വിവാഹശേഷം അഭിനയരംഗത്തുനിന്ന് മാറി നിന്ന നടി നസ്‌റിയ നസീം തിരിച്ചുവരുന്നതായി റിപ്പോര്‍ട്ടുകള്‍. അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്കെത്തുന്നു എന്നാണ് ചില ഓണ്‍ലൈനുകളില്‍ പ്രത്യക്ഷപ്പെട്ട വാര്‍ത്ത. എന്നാല്‍ ഇതിനെക്കുറിച്ച് അഞ്ജലി മേനോനെ നസ്‌റിയയോ പ്രതികരിച്ചിട്ടില്ല.

ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായാണ് നസ്‌റിയ അഭിനയിക്കുന്നതെന്നും വാര്‍ത്തയിലുണ്ട്. നേരത്തെ പൃഥ്വിരാജിനെ നായകനാക്കി അഞ്ജലി സിനിമ ചെയ്യുന്നുവെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും നടിയാരാണെന്ന കാര്യം പറഞ്ഞിരുന്നില്ല. തുടര്‍ന്നാണ് നസ്‌റിയയെത്തുന്നുവെന്ന പ്രചാരണം. സിനിമാതാരങ്ങളുമായി ഉയര്‍ന്നുവരുന്ന പ്രചാരണങ്ങള്‍ക്ക് പലപ്പോഴും ഫേസ്ബുക്കിലൂടെ മറുപടി നല്‍കുന്ന താരമാണ് നസ്‌റിയ. അടുത്തിടെ താരദമ്പതികള്‍ക്ക് കുഞ്ഞുപിറക്കാന്‍ പോകുന്നുവെന്ന ഗോസിപ്പിനോടും നസ്‌റിയ പ്രതികരിച്ചിരുന്നു.

നല്ല തിരക്കഥ കിട്ടിയാല്‍ നസ്‌റിയ തിരിച്ചുവരുമെന്ന് ഫഹദ്ഫാസില്‍ അഭിമുഖങ്ങളില്‍ വ്യക്തമാക്കിയിരുന്നു. അഭിനയം നിര്‍ത്തില്ലെന്നും മടങ്ങിവരുമെന്നും ആരാധകര്‍ക്ക് ഉറപ്പും നല്‍കിയിരുന്നു.