യുപിയില്‍ ഉപതെരഞ്ഞെടുപ്പിന് മുന്നെ കരുത്താര്‍ജിച്ച് കോണ്‍ഗ്രസ് : മുന്‍മന്ത്രിമാരടക്കം നിരവധി നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

ന്യൂഡല്‍ഹി: അടുത്തമാസം നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിന് മുന്നെ ഉത്തര്‍ പ്രദേശില്‍ കരുത്താര്‍ജിച്ച് കോണ്‍ഗ്രസ്. ബി.എസ്.പിയില്‍ നിന്നും പുറത്താക്കിയ മുന്‍ മന്ത്രി നസീമുദ്ദീന്‍ സിദ്ദീഖിയുള്‍പ്പെടെ നിരവധി നേതാക്കളേയും പ്രവര്‍ത്തകരേയും പാര്‍ട്ടിയിലെത്തിച്ചാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിന് മുന്നെ തങ്ങളുടെ കരുത്ത് കൂട്ടിയത്. മാറ്റത്തിന്റെ സമയമാണിതെന്നായിരുന്നു കോണ്‍ഗ്രസില്‍ ചേര്‍ന്നതിനെ കുറിച്ച് സിദ്ദീഖിയുടെ പ്രതികരണം. യു.പിയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഗുലാം നബി ആസാദ്, യു.പി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജ് ബബ്ബര്‍ എന്നിവരോടൊപ്പം കോണ്‍ഗ്രസ് ആസ്ഥാനത്തെത്തിയാണ് സിദ്ദീഖിയും മറ്റ് നേതാക്കളും കോണ്‍ഗ്രസ് അംഗത്വമെടുത്തത്.

മായവതിയുടെ പാര്‍ട്ടിയിലെ മുസ്്‌ലിം മുഖമായി അറിയപ്പെടുന്ന നേതാവാണ് സിദ്ദീഖി. സിദ്ദീഖിക്കു പുറമെ ഒ.പി സിങ് അടക്കം മൂന്ന് മുന്‍ മന്ത്രിമാരും മുന്‍ എം.എ.എ ലിയാഖത്ത് അലിയും കോണ്‍ഗ്രസില്‍ ചേര്‍ന്നിട്ടുണ്ട്. മാറ്റം വരുന്നുവെന്നതിന്റെ സൂചനയാണ് ഇവര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതിലൂടെ പ്രകടമാവുന്നതെന്ന് ഗുലാം നബി ആസാദ് പറഞ്ഞു. ഇവരോടൊപ്പം സിദ്ദീഖിയെ പിന്തുണക്കുന്ന നൂറു കണക്കിന് പ്രവര്‍ത്തകരും കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചിട്ടുണ്ട്.

ബി.എസ്.പിയില്‍ നിന്നും പുറത്താക്കിയതിനെ തുടര്‍ന്ന് രൂപീകരിച്ച രാഷ്ട്രീയ ബഹുജന്‍ മോര്‍ച്ച കോണ്‍ഗ്രസില്‍ ലയിച്ചതായും സിദ്ദീഖി അറിയിച്ചു. യു.പി നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് കഴിഞ്ഞ വര്‍ഷം മെയ് 10ന് സിദ്ദീഖിയെ ബി.എസ്.പിയില്‍ നിന്നും പുറത്താക്കിയിരുന്നു. കഴിഞ്ഞ മാസം മഹാരാഷ്ട്രയില്‍ നിന്നുള്ള ബി.ജെ.പി എം.പി നാന പട്ടോളും കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. 2014ലെ പെതു തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പാണ് പട്ടോള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രിമാരുള്‍പ്പെടെ കോണ്‍ഗ്രസില്‍ അംഗത്വമെടുത്തത് യു.പിയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോണ്‍ഗ്രസിന് പുതു ഊര്‍ജ്ജം നല്‍കും. മാര്‍ച്ച് 11നാണ് മൂന്നു സീറ്റുകളിലാണ് ഉപതെരഞ്ഞടുപ്പ് നടക്കുക