ലോക്ഡൗണ്‍ മൂന്നാഴ്ച്ചക്കു ശേഷം നീട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡല്‍ഹി: ലോക്ഡൗണ്‍ മൂന്നാഴ്ച്ചക്കു ശേഷം നീട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എന്നാല്‍ ഏപ്രില്‍ 14ന് ശേഷവും സഞ്ചാരത്തിന് നിയന്ത്രണം തുടരുമെന്നും അദ്ദേഹം പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നടത്തിയ വിഡിയോ കോണ്‍ഫറന്‍സ് യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം, കോവിഡ് രോഗബാധ തീവ്രമാകാന്‍ സാധ്യതയുള്ള 22 സ്ഥലങ്ങള്‍ കൂടി പ്രഖ്യാപിച്ചു. രോഗബാധ കൂടുതലുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഉള്‍പ്പെടെ നിയന്ത്രണത്തില്‍ അയവുവരുത്തില്ല. വന്‍ തോതില്‍ ആളുകള്‍ ഉപയോഗിക്കുന്ന യാത്രാ സംവിധാനങ്ങളില്‍ നിയന്ത്രണം തുടരും. വ്യോമ, റെയില്‍ മേഖലകളില്‍ നിയന്ത്രണം തുടരാനാണ് സാധ്യത.

രാജ്യത്ത് കോവിഡ് 19 സ്ഥിരീകരിച്ച് മരിച്ചവരുടെ എണ്ണം 61 ആയി. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2000 കടന്നു. കഴിഞ്ഞ 12 മണിക്കൂറിനിടെ 131 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതിനിടെ, 151 പേര്‍ക്ക് രോഗം ഭേദമായി. ഹരിയാനയില്‍ ആദ്യ കോവിഡ് മരണം സ്ഥിരീകരിച്ചു. മഹാരാഷ്ട്രയില്‍ ധാരാവി ചേരിയിലും കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു.

SHARE