ഭരണഘടന അനുസരിച്ച് പ്രവര്‍ത്തിക്കുന്ന സര്‍ക്കാറാണ് മോദിയുടേത്; മുസ്‌ലിംകള്‍ ഭയക്കേണ്ടെന്ന് അമിത് ഷാ

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബില്‍ മുസ്‌ലിങ്ങള്‍ക്കെതിരെയാണെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ടെന്ന് പറഞ്ഞ അമിത് ഷാ, ഭരണഘടന അനുസരിച്ച് പ്രവര്‍ത്തിക്കുന്ന സര്‍ക്കാറാണ് നരേന്ദ്രമോദിയുടേതെന്നും ഇന്ത്യയിലെ മുസ്‌ലിങ്ങള്‍ എപ്പോഴും ഇന്ത്യയിലെ പൗരന്മാര്‍ തന്നെയായിരിക്കുമെന്നും മുസ്‌ലിംകള്‍ ഭയക്കേണ്ടെന്നും പറഞ്ഞു.

അതേസമയം പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്‌ലിങ്ങളെ ഇന്ത്യന്‍ പൗരന്മാരാക്കേണ്ട കാര്യമുണ്ടോയെന്ന് ബില്‍ അവതരിപ്പിക്കവേ അമിത് ഷാ ചോദിച്ചു. മുസ്‌ലിംകളെ മാത്രം ഒഴുവാക്കിയുള്ള ബില്‍ എന്ന പ്രതിപക്ഷ വിമര്‍ശനം നിലനില്‍ക്കെയാണ് രാജ്യസഭയില്‍ അമിത് ഷായുടെ തെറ്റിദ്ധരിപ്പിക്കുന്ന വാദം.

അതേസമയം രാജ്യസഭയില്‍ ബില്ലില്‍ ചര്‍ച്ചയാരംഭിച്ചു. ബില്ലിനെതിരെ ബിജെപി അജണ്ടെക്കെതിരിയേയും തുറന്നടിച്ച പ്രതിപക്ഷം എന്തിന് ബില്‍ ഇത്ര തിടുക്കപ്പെട്ട് നടപ്പാക്കണമെന്നും ബില്ല് പാര്‍ലമെന്റ് പരിശോധനക്കായി വിടനമെന്നും ആനന്ദ് ശര്‍മ പറഞ്ഞു. വിഭജനം നടത്തിയത് കോണ്‍ഗ്രസ് ആണെന്ന് അമിത് ഷാ സഭയില്‍ കള്ളം പറഞ്ഞെന്നും ശര്‍മ പറഞ്ഞു.

ഉച്ചക്ക് പന്ത്രണ്ടുമണിയോടെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബില്ല് രാജ്യസഭയില്‍ അവതരിപ്പിച്ചു തുടങ്ങിയത്. ബില്ലില്‍ പന്ത്രണ്ടു ഭേദഗതികള്‍ വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ബില്ലിനെതിരെ ഇടതുപക്ഷം നാലുഭേദഗതികള്‍ ആവശ്യപ്പെട്ടപ്പോള്‍ ബില്‍ സെലക്ഷന്‍ കമ്മിറ്റിക്ക് വിടണമെന്ന് പ്രതിപക്ഷം വ്യക്തമാക്കി. അതിനിടെ, തൃണമൂല്‍ കോണ്‍ഗ്രസ് ബില്ലിനെതിരെ പ്രമേയം അവതരിപ്പിച്ചു. എന്നാല്‍ ചര്‍ച്ചക്ക് ശേഷം മാത്രമേ നിലപാട് അറിയിക്കൂവെന്ന് ശിവസേനയും വ്യക്തമാക്കി.

240 അംഗ രാജ്യസഭയില്‍ കുറഞ്ഞത് 121 വോട്ടാണ് ബില്‍ പാസാക്കാന്‍ വേണ്ടത്. 130 വോട്ടോടെ ബില്‍ പാസാക്കുമെന്നാണ് ബി.ജെ.പി അവകാശപ്പെടുന്നത്. എ.ഐ.എ.ഡി.എം.കെ, ജെ.ഡി.യു, അകാലി ദള്‍ എന്നീ കക്ഷികളുടെ 116ഉം 14സ്വതതന്ത്രരുമാണ് ഈ കണക്കുകൂട്ടലിന്റെ കാതല്‍.

അതേസമയം, യു.പി.എയുടെ 64 അംഗങ്ങളെക്കൂടാതെ തൃണമൂല്‍ കോണ്‍ഗ്രസ്, എസ്.പി, ബി.എസ്.പി, ടി.ആര്‍.എസ്, സി.പി.ഐ.എം, സി.പി.ഐ എന്നിവരടങ്ങുന്ന 46 പേരും ബില്ലിനെ എതിര്‍ത്തേക്കും. ഇതോടെ ബില്ലിനെ എതിര്‍ക്കുന്നവരുടെ എണ്ണം 110 ആവും.

രാജ്യസഭയില്‍ ബില്‍ പരാജയപ്പെട്ടാല്‍ സംയുക്ത പാര്‍ലമെന്റ് വിളിച്ചു ചേര്‍ക്കാനും കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.