വാര്‍ത്താസമ്മേളനത്തിലെ മോദിയുടെ മൗനത്തെ പരിഹസിച്ച് ‘ദി ടെലഗ്രാഫ്’

പ്രധാനമന്ത്രിയായ ശേഷം ആദ്യമായി വാര്‍ത്താ സമ്മേളനം നടത്തിയ നരേന്ദ്ര മോദി, മാധ്യമപ്രവര്‍ത്തരോട് കാണിച്ച നിലപാടി കണക്കറ്റ് പരിഹസിച്ച് ‘ദി ടെലഗ്രാഫ്’ ദിനപത്രം.

പ്രധാനമന്ത്രിയായ ശേഷം ഇന്നലെയാണ് ആദ്യമായി മോദി വാര്‍ത്താ സമ്മേളനം നടത്തിയത്. ബിജെപി ആസ്ഥാനത്ത് ദേശീയ അധ്യക്ഷന്‍ അമിത് ഷായ്‌ക്കൊപ്പം മാധ്യമപ്രവര്‍ത്തകരെ കണ്ട മോദി, എന്നാല്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം നല്‍കാന്‍ തയ്യാറായില്ല.

പാര്‍ട്ടി പ്രസിഡന്റ് ഉള്ളപ്പോള്‍ അച്ചടക്കമുള്ള പ്രവര്‍ത്തകനായി താനിവിടെ ഇരിക്കുന്നതാണ് ഉചിതമെന്നായിരുന്നു മോദിയുടെ മറുപടി. പ്രധാനമന്ത്രി നരേന്ദ്രമോദിയോടാണ് ചോദ്യമെന്ന് മാധ്യമപ്രവര്‍ത്തകര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടെങ്കിലും മോദി മറുപടി പറയാന്‍ തയ്യാറായില്ല. വിളിച്ചു വരുത്തി മാധ്യമപ്രവര്‍ത്തകരെ അപമാനിച്ച ഈ നടപടിയെ വിമര്‍ശിച്ചാണ് ടെലഗ്രാഫ് ദിനപത്രത്തിന്റെ പരിഹാസം.

പ്രധാനമന്ത്രി ആദ്യമായി നടത്തിയ വാര്‍ത്താ സമ്മേളനത്തെ, ശബ്ദ നിരോധിത മേഖലയാണെന്ന് ഹോണടിക്കരുതെന്ന ചിഹ്നം ഒന്നാം പേജില്‍ തന്നെ നല്‍കിയാണ് ടെലിഗ്രാഫ് ട്രോളിയത്. വാര്‍ത്താ സമ്മേളനത്തിലെ മോദിയുടെ മൗനത്തെ പരിഹസിച്ചുള്ള ദി ടെലഗ്രാഫ് ദിനപത്രത്തിന്റെ ഇതിനകം സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയായി കഴിഞ്ഞു.

പ്രധാനമന്ത്രി ഉത്തരങ്ങള്‍ നല്‍കാത്തതിനാല്‍ അതിനുള്ള സ്ഥലം ഒഴിച്ചിട്ട പത്രം വാര്‍ത്താസമ്മേളനത്തിലെ മോദിയുടെ വിവിധ ഭാവങ്ങളുടെ ചിത്രങ്ങളും നല്‍കിയിട്ടുണ്ട്. അതിനൊപ്പം രാഹുല്‍ ഗാന്ധി ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയാണെന്ന് മറ്റൊരു വാര്‍ത്തയും ടെലിഗ്രാഫ് നല്‍കിയിട്ടുണ്ട്.

വാര്‍ത്താ സമ്മേളനം അവസാനിച്ചതിന് പിന്നാലെ മോദിയുടെ മൗനത്തെ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പരിഹസിച്ചിരുന്നു. ‘ അഭിനന്ദനങ്ങള്‍ മോദിജി, മഹത്തായ വാര്‍ത്താ സമ്മേളനം ! നിങ്ങള്‍ വാര്‍ത്താസമ്മേളനത്തിനെത്തിയപ്പോള്‍ തന്നെ ഞങ്ങള്‍ യുദ്ധം പാതി ജയിച്ചിരിക്കുന്നു.

അടുത്ത തവണയെങ്കിലും കുറച്ച് ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ അമിത് ഷാ അനുവദിച്ചേക്കും. വളരെ നന്നായിട്ടുണ്ട്!’ എന്നായിരുന്നു രാഹുലിന്റെ പ്രതികരണം.