ബീഹാറിലെ മരിച്ച കുട്ടികളെ മറന്നു ; ശിഖര്‍ ധവാന് സുഖപ്രാപ്തി ആശംസിച്ച് മോദി, ട്വിറ്ററില്‍ വ്യാപക പ്രതിഷേധം

ബിഹാറില്‍ മസ്തിഷ്‌ക ജ്വരം ബാധിച്ച് കുട്ടികള്‍ മരിച്ച സംഭവത്തില്‍ പ്രതികരിക്കാതെ ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്റെ പരുക്ക് ഭേദമാകാന്‍ ആശംസ നേര്‍ന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രതിഷേധവുമായി സോഷ്യല്‍ മീഡിയ. യൂട്യൂബ് വീഡിയോകളിലൂടെ ശ്രദ്ധേയനായ ധ്രുവ് റാഠിയടക്കമുള്ളവര്‍ മോദിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.

‘പ്രിയപ്പെട്ട ധവാന്‍, പിച്ച് നിങ്ങളെ മിസ് ചെയ്യുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. ഒരിക്കല്‍ കൂടി നിങ്ങള്‍ക്ക് തിരികെ വരാനും രാജ്യത്തിന് കൂടുതല്‍ വിജയങ്ങള്‍ നേടി തരാനും കഴിയട്ടെ’ എന്നായിരുന്നു ധവാന് ആശംസ നേര്‍ന്നു കൊണ്ടുള്ള മോദിയുടെ ട്വീറ്റ്. ബീഹാറിലെ മരണപ്പെട്ട കുട്ടികള്‍ ഇനിയും പ്രധാനമന്ത്രിയുടെ വാക്കുകള്‍ക്കായി കാത്തിരിക്കണം എന്ന് വ്യക്തമാക്കുന്നതാണ് ഈ പോസ്‌റ്റെന്നാണ് പ്രതിഷേധക്കാരുടെ അഭിപ്രായം.

ബിഹാറില്‍ മസ്തിഷ്‌കജ്വരം വ്യാപിക്കുന്നത് വലിയ ആശങ്കയ്ക്ക് വഴിവച്ചിരിക്കുകയാണ്. 128 കുട്ടികള്‍ക്കാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്. അഞ്ഞൂറിലധികം കുട്ടികളാണ് രോഗബാധയെ തുടര്‍ന്ന് വിവിധയിടങ്ങളില്‍ ചികിത്സതേടിയത്.