ന്യൂഡല്‍ഹി: വരുന്ന ഞായറഴ്ച (മാര്‍ച്ചി 8) താന്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് പിന്‍വാങ്ങുകയാണെന്ന് പ്രഖ്യാപനത്തില്‍ വിശദീകരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി.
ഈ വരുന്ന വനിതാദിനം (മാര്‍ച്ചി 8 ഞായറാഴ്ച), ഞാന്‍ എന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ജീവിതംകൊണ്ടും ജോലികള്‍ കൊണ്ടു നമ്മളെ പ്രചോദിപ്പിക്കുന്ന സ്ത്രീകള്‍ക്ക് നല്‍കുമെന്നാണ് മോദി വ്യക്തമാക്കിയത്. ട്വിറ്ററിലൂടെയാണ് മോദിയുടെ വിശദീകരണം.
ഇത് ദശലക്ഷക്കണക്കിന് ആളുകളില്‍ പ്രചോദനം ജ്വലിപ്പിക്കാന്‍ സഹായിക്കുമെന്നും മോദി ട്വീറ്റി.
സ്ത്രീകള്‍ക്ക് അവരുടെ കഥകള്‍ പങ്കിടാന്‍ പ്രചോദിപ്പിക്കുന്ന പോസ്റ്റര്‍ കൂടി പങ്കുവെച്ചാണ് പ്രധാനമന്ത്രിയുടെ ട്വീറ്റ്. നിങ്ങള്‍ അത്തരമൊരു സ്ത്രീയാണോ അതോ പ്രചോദനം നല്കുന്ന അത്തരം സ്ത്രീകളെ നിങ്ങള്‍ക്ക് അറിയാമോ. എങ്കില്‍ ഈ പോസ്റ്റര്‍ ഉപയോഗിച്ച് അത്തരം കഥകള്‍ പങ്കിടുക, മോദി ട്വീറ്റ് ചെയ്തു.
അതേസമേയം മോദിയുടെ മോദിയുടെ സോഷ്യല്‍മീഡിയ പിന്മാറ്റം വന്‍ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു.
‘അവസാനിപ്പിക്കേണ്ടത് വെറുപ്പാണ്, സോഷ്യല്‍ മീഡിയ എക്കൗണ്ടല്ല’രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
മോദിയുടെ മാതൃക പിന്‍പറ്റി അദ്ദേഹത്തിന്റെ ഭക്തന്മാരും സോഷ്യല്‍ മീഡിയ ഉപേക്ഷിച്ചാല്‍ രാജ്യത്ത് സമാധാനമുണ്ടാവുമെന്ന് എന്‍.സി.പി വക്താവ് നവാബ് മാലിക് പറഞ്ഞു. മോദിയുടെ തീരുമാനം രാജ്യത്തെ ജനങ്ങളുടെ താല്പര്യം പരിഗണിച്ചാണെന്നും നവാബ് മാലിക് പരിഹസിച്ചു. അതേസമയം മോദിയുടെ തീരുമാനം സോഷ്യല്‍ മീഡിയ നിരോധനത്തിന്റെ ആദ്യപടിയാണോയെന്ന് സംശയിക്കേണ്ടതുണ്ടെന്ന് ശശി തരൂര്‍ എം.പി പ്രതികരിച്ചു.
ഞായറാഴ്ച മുതല്‍ സോഷ്യല്‍ മീഡിയ ഉപയോഗം അവസാനിപ്പിക്കുകയാണെന്ന് കഴിഞ്ഞ ദിവസമണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. ട്വിറ്റര്‍, ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, യൂട്യൂബ് തുടങ്ങി എല്ലാത്തിന്റെ ഉപയോഗം അവസാനിപ്പിക്കുകയാണെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. ഇതേപ്പറ്റിയുടെ വിവരങ്ങള്‍ ജനങ്ങളെ അറിയിക്കുമെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.