പ്രധാനമന്ത്രിയായി രണ്ടാം തവണയും മോദി അധികാരമേറ്റു

നരേന്ദ്ര മോദി തുടര്‍ച്ചയായ രണ്ടാം വട്ടവും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തു. രാഷ്ട്രപതിഭവന്‍ സെന്‍ട്രല്‍ ഹാളില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലാണ് മോദി സത്യപ്രതിജ്ഞ ചെയ്തത്.
മോദിക്കൊപ്പം ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, രാജ്‌നാഥ് സിംഗ്, നിര്‍മല സീതാരാമന്‍ തുടങ്ങിയ പ്രമുഖരും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
യുപിഎ ചെയര്‍ പേഴ്‌സണ്‍ സോണിയ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗും ചടങ്ങിന് എത്തിയിട്ടുണ്ട്. മുഖ്യ മന്ത്രിമാരായ അരവിന്ദ് കേജരിവാള്‍, ചന്ദ്രശേഖര്‍ റാവു എന്നിവരും പങ്കെടുത്തു. സത്യപ്രതിജ്ഞാചടങ്ങ് രാഷ്ട്രീയവത്കരിക്കുന്നുവെന്നാരോപിച്ചു പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ചടങ്ങിനെത്തിയില്ല. നിരവധി ആളുകളാണ് സത്യപ്രതിജ്ഞാ ചടങ്ങ് വീക്ഷിക്കാന്‍ എത്തിയത്. ബിംസ്‌റ്റെക് രാജ്യങ്ങളിലെ തലവന്മാരുള്‍പ്പടെ 6,500 അതിഥികള്‍ ചടങ്ങില്‍ പങ്കെടുത്തു.