ലോക്ക്ഡൗണ്‍; പ്രധാനമന്ത്രി ഞായറാഴ്ച്ച വൈകിട്ട് തീരുമാനം പ്രഖ്യാപിച്ചേക്കും

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം തടയുന്നതിനായി രാജ്യത്ത് പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക് ഡൗണ്‍ നീട്ടുമോ എന്നത് സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ച വൈകിട്ട് തീരുമാനം പ്രഖ്യാപിച്ചേക്കും. ലോക്ക് ഡൗണ്‍ കാലാവധി ഏപ്രില്‍ 14നാണ് അവസാനിക്കുന്നത്. നാളെ രാവിലെ വീഡിയോ കോണ്‍ഫറന്‍സിലൂടെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തുന്നുണ്ട്. നിരവധി സംസ്ഥാനങ്ങള്‍ ലോക്ക് ഡൗണ്‍ നീട്ടണമെന്ന് ആവശ്യപ്പെട്ട സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇതിനോട് അനുകൂലമായി പ്രതികരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഒഡീഷ ഏപ്രില്‍ 30വരെ ലോക്ഡൗണ്‍ നീട്ടിയതായി ഇന്നലെ പ്രഖ്യാപിച്ചിരുന്നു.

അതേസമയം, സമ്പൂര്‍ണമായ അടച്ചിടല്‍ സാമ്പത്തിക മേഖലക്ക് വന്‍ തിരിച്ചടിയുണ്ടാക്കുന്ന പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ നീട്ടിയാലും ചില ഇളവുകളോടെയായിരിക്കുമെന്നാണ് സൂചന. അവശ്യ സേവനങ്ങളൊഴികെ, അന്തര്‍ സംസ്ഥാന ഗതാഗതത്തിന് നിരോധനമുണ്ടാകുമെന്നും ഉന്നത വൃത്തങ്ങള്‍ പറയുന്നു. കൊറോണ വൈറസും അതിനെ തുടര്‍ന്നുള്ള ലോക്ക്ഡൗണും കാരണം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ കനത്ത തിരിച്ചടിയാണ് നേരിടുന്നതെന്നാണ് റിസര്‍വ് ബാങ്ക് ചൂണ്ടിക്കാട്ടിയത്.

SHARE