പാക്കിസ്താനികള്‍ക്കും പൗരത്വം നല്‍കണോ? പ്രതിഷേധക്കാര്‍ക്കെതിരെ മോദി

റാഞ്ചി: ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്കെതിരെ പാക്കിസ്താന്‍ പരാമര്‍ശവുമായി മോദി. ധൈര്യമുണ്ടെങ്കില്‍ കോണ്‍ഗ്രസും പ്രതിപക്ഷ കക്ഷികളും എല്ലാ പാക്കിസ്താന്‍ പൗരന്മാര്‍ക്കും ഇന്ത്യന്‍ പൗരത്വം നല്‍കുമെന്ന് പ്രഖ്യാപിക്കണമെന്നായിരുന്നു പ്രധാനമന്ത്രിയുടെ വെല്ലുവിളി. ജാര്‍ഖണ്ഡിലെ ബര്‍ഹെയ്ത്തില്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

‘കോണ്‍ഗ്രസിനും സഖ്യകക്ഷികള്‍ക്കും മുന്നില്‍ ഞാനൊരു വെല്ലുവിളി വെയ്ക്കുകയാണ്. ധൈര്യമുണ്ടെങ്കില്‍ എല്ലാ പാക്കിസ്താന്‍ പൗരന്മാര്‍ക്കും ഇന്ത്യന്‍ പൗരത്വം നല്‍കുമെന്ന് അവര്‍ പരസ്യമായി പ്രഖ്യാപിക്കട്ടെ. കശ്മീരിലും ലഡാക്കിലും ആര്‍ട്ടിക്കിള്‍ 370 തിരികെകൊണ്ടുവരുമെന്ന് പറയട്ടെ, മുത്തലാഖ് നിയമം റദ്ദാക്കുമെന്നും അവര്‍ പ്രഖ്യാപിക്കട്ടെ’മോദി പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് പ്രധാനമന്ത്രി പ്രതികരണവുമായി രംഗത്തെത്തിയത്. ‘ഈ ഗറില്ലാ രാഷ്ട്രീയം അവസാനിപ്പിക്കണം. ഇന്ത്യന്‍ ഭരണഘടന മാത്രമാണ് നമ്മുടെ വിശുദ്ധ ഗ്രന്ഥം. പ്രതിഷേധങ്ങള്‍ സമാധാനപരമായിരിക്കണം. ഞങ്ങള്‍ നിങ്ങളെ കേള്‍ക്കും. പക്ഷേ, ചില പാര്‍ട്ടികളും അര്‍ബന്‍ നക്‌സലുകളും നിങ്ങളുടെ തോളുകളിലിരുന്ന് വെടിയുതിര്‍ക്കുകയാണ്. കോണ്‍ഗ്രസും അവരുടെ സഖ്യകക്ഷികളും ഇന്ത്യയിലെ മുസ്‌ലിങ്ങളെ ഭയപ്പെടുത്താനായി നുണകളുടെ അന്തരീക്ഷം സൃഷ്ടിക്കുന്നു. അവര്‍ കലാപം പടര്‍ത്തുന്നു. എന്നാല്‍ ഒരു ഇന്ത്യന്‍ പൗരന്റെയും അവകാശങ്ങളെ കവര്‍ന്നെടുക്കുന്നതല്ല പൗരത്വ ഭേദഗതി നിയമം. ഈ നിയമം കൊണ്ട് ആര്‍ക്കും ഒരു ദ്രോഹവുമില്ല.’-മോദി പറഞ്ഞു

SHARE