കോവിഡ് ഏറ്റവും വലിയ പ്രതിസന്ധി; മോദിയെ പ്രധാനമന്ത്രിയായി കിട്ടിയത് മഹാഭാഗ്യമെന്ന് രാജ്‌നാഥ് സിങ്

ന്യൂഡല്‍ഹി: കോവിഡ് പ്രതിസന്ധിയില്‍ മികച്ച ചിന്തയും സമയബന്ധിതമായ ഇടപെടലുകളും നടത്തുന്ന മോദി പ്രധാനമന്ത്രിയായുള്ളത് ഇന്ത്യയുടെ സൗഭാഗ്യമാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. ഇന്ത്യടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു രാജ്നാഥ് സിങിന്റെ ഇത്തരത്തിലുള്ള പ്രതികരണം.

കഴിഞ്ഞ ആറ് വര്‍ഷത്തിനിടയില്‍ ഞങ്ങള്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയാണ് കോവിഡ്19 പ്രതിസന്ധി. എന്നിരുന്നാലും ഈ വെല്ലുവിളിയെ മറികടക്കാന്‍ കഴിവുള്ള ഒരു നേതാവ് നമുക്കുണ്ടായത് ഇന്ത്യയുടെ ഭാഗ്യമാണെന്നും രാജ്നാഥ് പറഞ്ഞു. തീര്‍ച്ചയായും പ്രധാനമന്ത്രി മോദിയുടെ മികച്ച ചിന്തയും സമയബന്ധിതമായ ഇടപെടലുകളും ഇല്ലായിരുന്നെങ്കില്‍ നമ്മുടെ സ്ഥിതി ഇതിനേക്കാള്‍ മോശമായിരുന്നേനെയെന്നും രാജ്നാഥ് അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടു. പെട്ടെന്ന് ലോക്ക്ഡൗണിലേക്ക് പോകാനുള്ള സര്‍ക്കാര്‍ തീരുമാനം ആസൂത്രിതമല്ലെന്ന പ്രതിപക്ഷത്തിന്റെ വിമര്‍ശനത്തെ തള്ളിപ്പറഞ്ഞ രാജ്‌നാഥ്, തീരുമാനം ധീരമാണെന്നും ഉചിതമായ സമയത്ത് എടുത്തതാണെന്നും അവകാശപ്പെട്ടു. യുഎസില്‍ ട്രംപ് നേരിടുന്ന വെല്ലുവിളിയെ ഇന്ത്യയുമായി താരതമ്യംചെയ്യാനും രാജ്നാഥ് അഭിമുഖത്തില്‍ ശ്രമിച്ചു.

അതേസമയം, ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് തസ്തിക സൃഷ്ടിക്കാന്‍ സാധിച്ചതാണ് താന്‍ പ്രതിരോധ മന്ത്രി ആയ ശേഷമുള്ള കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രതിരോധ മന്ത്രാലയത്തിന്റെ ഏറ്റവും വലിയ നേട്ടമെന്നും രാജ്നാഥ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് സിഡിഎസ് തസ്തിക സൃഷ്ടിക്കുന്നതിനുള്ള പ്രഖ്യാപനം നടന്നത്. പിന്നീട് ഡിസംബറില്‍ ജനറല്‍ ബിപിന്‍ റാവത്ത് ഇന്ത്യയിലെ ആദ്യത്തെ പ്രതിരോധ മേധാവിയായ സംഭവത്തെയാണ് രാജനാഥ് സൂചിപ്പിച്ചത്. മൂന്ന് സേവനങ്ങളില്‍ ഏകോപനം മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ കഴിഞ്ഞ 10-15 വര്‍ഷമായി നടക്കുന്നുണ്ടായിരുന്നെന്നും രാജ്‌നാഥ് പറഞ്ഞു.