ഏപ്രില്‍ അഞ്ചിന് ലൈറ്റണച്ച് ടോര്‍ച്ചോ മൊബൈല്‍ ലൈറ്റോ പ്രകാശിപ്പിക്കണമെന്ന് പ്രധാാനമന്ത്രി നരേന്ദ്രമോദി

ന്യൂഡല്‍ഹി: കോവിഡിനെ പ്രതിരോധിക്കാന്‍ പ്രഖ്യാപിച്ച ലോക് ഡൗണുമായി രാജ്യത്തെ ജനങ്ങള്‍ മികച്ച രീതിയില്‍ സഹകരിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോവിഡ് എന്ന അന്ധകാരത്തെ ഇല്ലാതാക്കാന്‍ പ്രതീകാത്മകമായി എല്ലാവരും ഏപ്രില്‍ 5ന് രാത്രി 9ന് പ്രകാശം തെളിക്കണമെന്നും മോദി ആവശ്യപ്പെട്ടു. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വരുന്ന ഏപ്രില്‍ 5 ഞായറാഴ്ച രാത്രി ഒന്‍പത് മണിയ്ക്ക് ബാല്‍ക്കണിയിലെത്തി ദീപങ്ങളും മൊബൈല്‍ ഫ്‌ലാഷ് ലൈറ്റുകളും തെളിക്കാന്‍ മോദി ആവശ്യപ്പെട്ടു. ആരും വീടിന്റെ പുറത്തിറങ്ങാതെ ബാല്‍ക്കണിയിലോ വാതില്‍ക്കലോ വന്നു വേണം ഇതു ചെയ്യാന്‍. രാജ്യത്തെ 130 കോടി ജനങ്ങളുടെ ശക്തി തെളിയിക്കാനാണ് ഇതു ചെയ്യുന്നതെന്നും മോദി പറഞ്ഞു. കൊറോണ വൈറസ് കൊണ്ടുവന്ന അന്ധകാരത്തില്‍ നിന്ന് വെളിച്ചത്തിലേയ്ക്ക് നാം സഞ്ചരിക്കണമെന്നും മോദി പറഞ്ഞു. സാമൂഹ്യ അകലമാണ് കോവിഡിനെ പ്രതിരോധിക്കാനുള്ള ഏക മരുന്ന്. ലോക് ഡൗണിലൂടെ മറ്റുള്ളവര്‍ക്ക് അനുകരിക്കാവുന്ന മാതൃക രാജ്യം സൃഷ്ടിച്ചെന്നും മോദി പറഞ്ഞു.

ലോക്ക്ഡൗണിനോട് രാജ്യം നന്നായി പ്രതികരിച്ചു. രാജ്യത്തിന്റെ സാമൂഹിക ശക്തി പ്രകടമാകുന്നു. രാജ്യം ഒന്നായി കൊറോണയോട് പൊരുതുകയാണെന്നും ആരും ഒറ്റയ്ക്കല്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. വീഡിയോ സന്ദേശത്തിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോഴായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം രാജ്യത്തെ അറിയിച്ചത്. മുന്‍പ് ജനതാ കര്‍ഫ്യൂ ദിനത്തില്‍ ആരോഗ്യപ്രവര്‍ത്തകരെ അഭിനന്ദിക്കാനായി എല്ലാവരും വൈകിട്ട് അഞ്ച് മണിയ്ക്ക് ബാല്‍ക്കണിയിലെത്തി പാത്രങ്ങളും മറ്റും ഉപയോഗിച്ച് ഒരുമിച്ച് അഞ്ച് മിനിട്ട് ശബ്ദമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

അതേസമയം, 21 ദിവസത്തെ ലോക്ക്ഡൗണ്‍ നീട്ടുന്നതു സംബന്ധിച്ചോ മറ്റു നിയന്ത്രണങ്ങളെക്കുറിച്ചോ പ്രധാനമന്ത്രി സംസാരിച്ചില്ല. രാജ്യത്തെ ജനങ്ങളുടെ സഹകരണം സാമൂഹ്യപ്രതിബദ്ധതയുടെ തെളിവാണെന്നും പല രാജ്യങ്ങളും ഇന്ത്യയെ മാതൃകയാക്കുകയാണെന്നും മോദി പറഞ്ഞു. കൊവിഡ് 19 പ്രതിരോധിക്കാനായി പ്രധാനമന്ത്രി പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക് ഡൗണ്‍ രാജ്യത്ത് തുടരുകയാണ്. ഏപ്രില്‍ 14 വരെ 21 ദിവസത്തെ രാജ്യവ്യാപക ലോക്ക്ഡൗണാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വൈറസിന്റെ സമൂഹവ്യാപനം തടയാനായി രാജ്യത്തെ എല്ലാ ആളുകളും വീടിനുള്ളില്‍ തന്നെ തുടരണമെന്നാണ് നിര്‍ദേശം. ലോക്ക്ഡൗണ്‍ കര്‍ശനമായി നടപ്പാക്കാനും അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ നടപടിയെടുക്കാനും കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

SHARE