ജി.ഡി.പി സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും മോശം നിലയിലേക്ക്; മുന്നറിയിപ്പുമായി നാരായണമൂര്‍ത്തി

ബംഗളൂരു: രാജ്യത്തിന്റെ ജി.ഡി.പി വളര്‍ച്ച സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും മോശം അവസ്ഥയിലേക്ക് കൂപ്പുകുത്തുമെന്ന് ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍.ആര്‍ നാരായണ മൂര്‍ത്തിയുടെ മുന്നറിയിപ്പ്. സമ്പ്ദ രംഗം തിരിച്ചു വരുമെന്നും ജനം വൈറസിനൊപ്പം ജീവിക്കാന്‍ സന്നദ്ധമാകണമെന്നും അദ്ദേഹം പറഞ്ഞു.

ആവശ്യമായ മുന്‍കരുതലോടെ എല്ലാവരും സമ്പദ് വ്യവസ്ഥയില്‍ പ്രവര്‍ത്തിക്കുന്ന സംവിധാനമാണ് വികസിപ്പിക്കേണ്ടത്. അഞ്ചു ശതമാനമെങ്കിലും ജി.ഡി.പി കുറയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 1947ന് ശേഷമുള്ള ഏറ്റവും മോശം സ്ഥിതിയിലേക്ക് വളര്‍ച്ച വീഴുമെന്ന ഭീതിയുമുണ്ട്- മൂര്‍ത്തി പറഞ്ഞു.

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിങ് ആന്‍ഡ് ടെക്‌നോളജിയുടെ ചര്‍ച്ചയില്‍ പങ്കെടുക്കവെയാണ് സോഫ്‌റ്റെ്‌വെയര്‍ രംഗത്തെ അതികായനായ നാരായണമൂര്‍ത്തി അഭിപ്രായ പ്രകടനം.

ആഗോള സാമ്പത്തിക വളര്‍ച്ച കുറഞ്ഞിട്ടുണ്ട്. ആഗോള വ്യാപാരവും കുറഞ്ഞു. യാത്ര അപ്രത്യക്ഷമായി. അഞ്ച്-പത്തു ശതമാനത്തിനിടയില്‍ ആഗോള വളര്‍ച്ച കുറയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വാക്‌സിന്‍ ഇല്ലാത്തതു കൊണ്ടു തന്നെ വൈറസിന്റെ കൂടെ ജീവിക്കാന്‍ പഠിക്കുകയാണ് വേണ്ടത്- അദ്ദേഹം പറഞ്ഞു.

വാക്‌സിന്‍ ലഭ്യമായാല്‍ തന്നെ ഒരു ദിവസം പരമാവധി പത്തുലക്ഷം പേര്‍ക്ക് മാത്രമേ പ്രതിരോധ കുത്തിവെപ്പ് നടത്താനാവൂ. അതുകൊണ്ടുതന്നെ ഇന്ത്യയിലെ മുഴുവന്‍ പേര്‍ക്കും വാക്‌സിന്‍ നല്‍കാന്‍ 140 ദിവസം വേണ്ടിവരും. ഇന്ത്യ പൊതുജന ആരോഗ്യത്തില്‍ ശാസ്ത്രീയ നിക്ഷേപം നടത്തിയിട്ടില്ല. അതിന്റെ അപര്യാപ്തത നമ്മുടെ ആരോഗ്യരംഗത്തിനുണ്ട്- അദ്ദേഹം ചൂണ്ടിക്കാട്ടി.

SHARE