ദേശാഭിമാനി വേട്ടയാടിയപ്പോള്‍ ചേര്‍ത്തുപിടിച്ചത് ചന്ദ്രിക; നമ്പി നാരായണന്റെ കാര്യത്തില്‍ സിപിഎമ്മിന്റെ ഇരട്ടത്താപ്പ് വീണ്ടും ചര്‍ച്ചയാകുന്നു

തിരുവനന്തപുരം: വ്യാജ ചാരക്കഥ കെട്ടിച്ചമച്ച് ഇന്ത്യയുടെ അഭിമാനമായ നമ്പി നാരായണന്റെ ജീവിതം നശിപ്പിക്കാന്‍ മുന്നില്‍ നിന്ന ദേശാഭിമാനിയും സിപിഎമ്മും വീണ്ടും ചര്‍ച്ചകളില്‍ സജീവമാകുന്നു. മാധ്യമ സ്വാതന്ത്ര്യവും വ്യക്തിഹത്യയും എന്ന വിഷയത്തില്‍ കൈരളി ടി.വിയില്‍ ജോണ്‍ ബ്രിട്ടാസ് നയിച്ച ചര്‍ച്ചയില്‍ നമ്പി നാരായണനെ പങ്കെടുപ്പിച്ചതോടെയാണ് വിഷയം വീണ്ടും സജീവമായത്. ചാരവൃത്തിക്കേസ് ആദ്യം നല്‍കിയത് തങ്ങളാണെന്ന് അഭിമാനത്തോടെ പറഞ്ഞ പത്രമാണ് ദേശാഭിമാനി. ചാരവൃത്തിയുമായി ബന്ധപ്പെട്ട് നുണക്കഥകളുടെ പരമ്പരയും ദേശാഭിമാനി പ്രസിദ്ധീകരിച്ചു. അതേ പത്രത്തിന്റെ പ്രതിനിധികള്‍ നമ്പി നാരായണനെ ഇരയായി ഉയര്‍ത്തിക്കാട്ടുന്നതാണ് പരിഹസിക്കപ്പെടുന്നത്. അന്ന് നമ്പി നാരായണനെതിരെ പരമ്പര എഴുതിയിരുന്ന പ്രഭാവര്‍മ്മ ഇപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മാധ്യമ ഉപദേഷ്ടാവാണ്.

അതേസമയം ഏഷ്യാനെറ്റ്, മനോരമ തുടങ്ങിയ ചാനലുകളെ താറടിക്കാനായി തുടങ്ങിയ ജോണ്‍ ബ്രിട്ടാസിന്റെ ചര്‍ച്ച നമ്പി നാരായണന്‍ തന്നെ പൊളിച്ചു. എല്ലാവരും തനിക്കെതിരായപ്പോള്‍ ഏഷ്യാനെറ്റും ടി.എന്‍ ഗോപകുമാറും തനിക്കൊപ്പം നിന്നതിനെ അദ്ദേഹം പുകഴ്ത്തി. അന്ന് എല്ലാ പത്രങ്ങളും നമ്പി നാരായണനെ വേട്ടയാടിയപ്പോള്‍ സത്യത്തിനൊപ്പം ഉറച്ചു നില്‍ക്കാന്‍ ധൈര്യം കാട്ടിയ ഏക പത്രം ചന്ദ്രികയായിരുന്നു എന്ന കാര്യവും വീണ്ടും ചര്‍ച്ചയായി. മറിയം റഷീദ ചാരവൃത്തിക്ക് വന്നതല്ലെന്ന് ചന്ദ്രിക ഒന്നാം പേജില്‍ വാര്‍ത്ത നല്‍കി. പിറ്റേന്ന് ദേശാഭിമാനിയുടെ മുഖപ്രസംഗം ‘ചാര സുന്ദരിയുടെ സമുദായ പക്ഷം’ എന്നായിരുന്നു. ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ അന്ന് നിയമസഭയിലും ചന്ദ്രികയെ അധിക്ഷേപിച്ചു. ഇംഗ്ലീഷ് പത്രങ്ങളില്‍ ഹിന്ദു മാത്രമാണ് നമ്പി നാരായണനൊപ്പം നിന്നത്.