തെരുവിന് നരേന്ദ്രമോദിയുടെ പേരിട്ട ബിജെപി പ്രവര്‍ത്തകനെ തലയറുത്തു കൊന്നസംഭവം: സത്യാവസ്ഥ വ്യക്തമാക്കി ഉപമുഖ്യമന്ത്രി

പട്‌ന: ബിഹാറില്‍ തെരുവിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരിട്ട ബിജെപി പ്രവര്‍ത്തകനെ തലയറുത്തു കൊന്നതായുള്ള വാര്‍ത്ത വ്യാജ പ്രചരണമാണെന്ന് ബിഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി. ബിഹാറിലെ ദര്‍ഭാംഗയിലാണ് സംഭവം നടന്നത്. ബിജെപി പ്രവര്‍ത്തകന്റെ പിതാവും പാര്‍ട്ടി പ്രവര്‍ത്തകനുമായ എഴുപതുകാരനായ രാമചന്ദ്ര യാദവാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്.എന്നാല്‍ പിന്നീടിത് തെരുവിന് മോദിയുടെ പേരിട്ടതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനിടെയാണ് യാദവ് കൊല്ലപ്പെട്ടതെന്ന രീതിയില്‍ പ്രചരിപ്പിക്കുകയായിരുന്നു. സ്ഥലത്തര്‍ക്കത്തെ തുടര്‍ന്നാണ് അക്രമികള്‍ യാദവിനെ തലയറുത്ത് കൊന്നതെന്ന് ഉപമുഖ്യമന്ത്രി വ്യക്തമാക്കി.

യാദവും കുടുംബവും താമസിച്ചിരുന്ന സ്ഥലത്തിന് അടുത്തുള്ള ജംങ്ഷന് നരേന്ദ്ര മോദി ചൗക്ക് എന്ന പേരിട്ടതിന്റെ പേരില്‍ ആര്‍.ജെ.ഡി പ്രവര്‍ത്തകര്‍ തന്റെ പിതാവിനെ തലയറുത്ത് കൊല്ലുകയായിരുന്നുവെന്നാണ് മകന്‍ കമലേഷ് യാദവ് ആരോപിച്ചത്. ആക്രമണത്തില്‍ കമലേഷിനും പരിക്കേറ്റിരുന്നു.ജംങ്ഷന് ലാലു പ്രസാദ് എന്ന പേരിട്ടാല്‍ മതിയെന്ന് ആക്രോശിച്ചായിരുന്നു ആക്രമണമെന്നും അന്‍പതോളം പേരടങ്ങുന്ന സംഘം ബൈക്കിലെത്തി ഹോക്കി സ്റ്റിക്കുകളും വാളുകളും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്നും കമലേഷ് ആരോപിച്ചു. എന്നാല്‍ ഇത് വ്യാജ പ്രചരണം മാത്രമാണെന്നും മോദി ചൗക്ക് എന്ന ബോര്‍ഡ് ഇവിടെ സ്ഥാപിച്ചിട്ട് കാലങ്ങളായെന്നും ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി പറഞ്ഞു.
സ്ഥലത്തര്‍ക്കമാണ് കൊലപാതകത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

പൊലീസ് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു മന്ത്രി ഇക്കാര്യം വിശദീകരിച്ചത്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സ്ഥലത്ത് വന്‍ സുരക്ഷാ സന്നാഹങ്ങളാണ് ഒരുക്കിയിരിക്കുന്നത്. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ അറസ്റ്റ് ചെയ്തു. മോദി ചൗക്കില്‍ മോദിയുടെ ചിത്രം വച്ചതിനു സഹോദരന്‍ രണ്ടുവര്‍ഷം മുന്‍പു കൊല്ലപ്പെട്ടിരുന്നെന്നും കമലേഷ് ആരോപിച്ചിട്ടുണ്ട്.