ചെന്നൈ: ദയാവധം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രാജീവ് ഗാന്ധി വധക്കേസിലെ പ്രതികള്‍ കോടതിയില്‍. പ്രതികളായ നളിനി ശ്രീഹരനും ഭര്‍ത്താവ് മുരുകനുമാണ് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കത്തയച്ചിരിക്കുന്നത്. കടുത്ത സമ്മര്‍ദ്ദം നേരിടുന്നുവെന്നും അതിനാല്‍ ദയാവധം അനുവദിക്കണമെന്നുമാണ് നളിനിയുടെ ആവശ്യം.
ജയില്‍ ഉദ്യോഗസ്ഥര്‍ വഴിയാണ് നളിനി പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് കത്തയച്ചത്. 26 വര്‍ഷമായി ജയില്‍ മോചിതരാകുമെന്ന പ്രതീക്ഷയില്‍ കഴിയുകയായിരുന്നു. ഇപ്പോള്‍ ആ പ്രതീക്ഷയുമില്ല. ഭര്‍ത്താവ് മുരുകനോട് മോശമായ രീതിയിലാണ് ജയില്‍ അധികൃതര്‍ പെരുമാറുന്നതെന്നും കത്തില്‍ നളിനി പറയുന്നു. മുരുകനെ പുഴല്‍ ജയിലിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് തമിഴ്നാട് സര്‍ക്കാരിന് നളിനി കത്തയക്കുകയും ചെയ്തിട്ടുണ്ടെന്നാണ് വിവരം.
ഇരുവരും ഇപ്പോള്‍ വെല്ലൂര്‍ ജയിലിലാണ് കഴിയുന്നത്. മുരുകനോട് ജയില്‍ അധികൃതര്‍ മോശമായി പെരുമാറുന്നതിലും ഏകാന്ത തടവിലാക്കിയതിലും പ്രതിഷേധിച്ച് തങ്ങള്‍ രണ്ട് പേരും കഴിഞ്ഞ 10 ദിവസമായി നിരാഹാരത്തിലാണെന്നും നളിനി പറയുന്നുണ്ട്. മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തതിനെ തുടര്‍ന്നാണ് മുരുകനെ ഏകാന്ത തടവിലേക്ക് മാറ്റിയത്.