രാഹുൽജീ അങ്ങേക്ക്‌ സ്വാഗതം…

നജീബ് കാന്തപുരം

ചെന്നൈ സ്റ്റെല്ലാമേരീസ്‌ കോളജിൽ തിങ്ങി നിറഞ്ഞ വിദ്യാർത്ഥികൾക്കിടയിൽ നിന്ന് ‘സർ’ എന്ന അഭിസംബോധനയോടെ ചോദ്യങ്ങൾ തുടങ്ങിയ പെൺകുട്ടിയോട്‌ ,നിങ്ങളെന്നെ വെറും രാഹുലെന്ന് വിളിക്കുമോ എന്ന ആ അഭ്യർത്ഥനയുണ്ടല്ലോ, 
അതു മതി താങ്കളാരെന്ന് ഞങ്ങൾക്ക്‌ തിരിച്ചറിയാൻ.
ഞങ്ങൾക്കിടയിലെ വെറുമൊരു സാധാരണക്കാരനായി,
അതിമാനുഷനല്ലാത്ത വെറുമൊരു മനുഷ്യനായി തോളിൽ കയ്യിട്ട്‌ നടക്കാവുന്ന കൂട്ടുകാരനായി താങ്കൾക്കൊപ്പം കഴിഞ്ഞ നിമിഷങ്ങളിൽ കയ്യടിച്ചത്‌ ആ കുട്ടികൾ മാത്രമല്ല; ഈ രാജ്യത്തെ ചെറുപ്പക്കാർ ഒരുമിച്ചാണ്‌.
രാഹുൽജീ,
ഞങ്ങൾക്കങ്ങയെ വേണം. ഞങ്ങൾക്ക്‌ വേണ്ടി നാടിനെ നയിക്കുന്ന ഞങ്ങളുടെ നായകനായി,
ഞങ്ങൾക്കിടയിൽ മതിൽകെട്ടി വിഭജിക്കുന്ന സംഘികൾക്കെതിരെ പൊരുതാനുള്ള ഊർജ്ജമായി.
താങ്കളീ കടപ്പുറത്ത്‌ വീണ്ടും വരുമ്പോൾ ഞങ്ങൾക്കൊരു സ്വപ്നമുണ്ട്‌.
സാമൂതിരിയും കുഞ്ഞാലിമരക്കാരും സ്നേഹിച്ചു ജീവിച്ച മണ്ണിൽ ഇനിയുമൊരുപാട്‌ കാലം ‌ ഒന്നിച്ച്‌ ജീവിക്കണമെന്ന സ്വപ്നം. വിശ്വാസത്തിന്റെ പേരിൽ കൊലചെയ്യപ്പെടരുതെന്ന സ്വപ്നം. മതത്തിന്റെ പേരിൽ വിവേചനം നേരിടരുതെന്ന സ്വപ്നം. തുല്യാവകാശങ്ങളുള്ള മനുഷ്യരായി പരിഗണിക്കപ്പെടണമെന്ന സ്വപ്നം.
ഈ മണൽ തരികൾ ചവിട്ടിക്കടന്നു പോയ അനേകായിരം മനുഷ്യർ ,അവരുടെ സൗഹൃദങ്ങൾ, വർഗ്ഗീയത വേലി കെട്ടാത്ത സ്നേഹ ബന്ധങ്ങൾ, അത്‌ നിലനിർത്താനുള്ള ഒരേയൊരു പ്രതീക്ഷയാണ്‌ താങ്കൾ.
അതുകൊണ്ട്‌ തന്നെ, 
ഈ തെരെഞ്ഞെടുപ്പിൽ ഞങ്ങൾക്ക്‌ സ്ഥാനാർത്ഥികളില്ല. അമ്പത്തിയാറിഞ്ച്‌ നെഞ്ച്‌ വിരിച്ച്‌ ഭയപ്പെടുത്തിയ ഒരു പോക്കിരിക്ക്‌ മുമ്പിൽ ധീരനായി നിന്ന് ചോദ്യങ്ങൾ ചോദിക്കുന്ന ഒരു ചെറുപ്പക്കാരന്റെ മുഖമേയുള്ളൂ. 
അതാണ്‌ ഞങ്ങളുടെ ചിഹ്നം, അതാണ്‌ ഞങ്ങളുടെ സ്ഥാനാർത്ഥി. 
പെറുക്കിയെടുക്കാൻ പോലും ബാക്കിയില്ലാത്ത വിധം ചിതറിത്തെറിച്ച്‌ പോയ പിതാവിന്റെ ഘാതകരോട്‌ പോലും എനിക്ക്‌ പ്രതികാരമില്ല, ഞാനവർക്ക്‌ മാപ്പ്‌ കൊടുക്കുന്നുവെന്ന് പറഞ്ഞ നിഷ്കളങ്കനായ മകന്റെ മുഖമാണ്‌ ഞങ്ങളുടെ മനസ്സിൽ.
വംശീയ വെറിയന്മാരായ സംഘികളാൽ കുഞ്ഞു ആസിഫ പിച്ചിചീന്തപ്പെട്ടപ്പോൾ നട്ടപ്പാതിര നേരത്ത്‌ ഉറക്കം വരാതെ കയ്യിലൊരു മെഴുകുതിരിയും കൊളുത്തി അനുജത്തി പ്രിയങ്കയെ ചേർത്ത്‌ നിർത്തി ഇന്ത്യാ ഗേറ്റിലേക്ക്‌ നടന്ന് പോയ ഒരു സാധാരണ മനുഷ്യന്റെ മുഖമാണ്‌ ഞങ്ങളുടെ മനസ്സിൽ.
അങ്ങ്‌ നേരിട്ട പരിഹാസങ്ങൾ, കുത്ത്‌ വാക്കുകൾ, അവഗണനകൾ, പപ്പു വിളികൾ ,ഒടുവിൽ ഡിസ്‌ ലെക്സിയ ബാധിച്ച കുട്ടികളുടെ വേദനയെ പോലും പരിഹാസത്തിന്റെ മുൾമുനയാക്കിയ തരം താണ ഒരു മനുഷ്യന്റെ കുടിലതകൾക്കെതിരെ അങ്ങ്‌ നയിക്കുന്ന യുദ്ധം സത്യമാണെന്ന ബോധ്യം ഞങ്ങൾക്കുണ്ട്‌. അങ്ങ്‌ തോറ്റുപോയാൽ തോൽക്കുന്നത്‌ ഒരു വ്യക്തിയല്ല; ഒരു രാജ്യം തന്നെയാണ്‌. 
ആഴക്കിണറ്റിലേക്ക്‌ മുങ്ങിത്താഴുന്നവന്റെ അവസാനത്തെ ആ കച്ചിത്തുരുമ്പ്‌ താങ്കളാണ്‌. 
സംഘികളാൽ കൊല്ലപ്പെട്ട നിസ്സഹായരായ മനുഷ്യരുടെ ആത്മാക്കൾ താങ്കളുടെ കൂടെയുണ്ട്‌. ഗൗരി ലങ്കേഷിന്റെ, ഗോവിന്ദ്‌ പൻസാരയുടെ, കൽബർഗിയുടെ, മുഹമ്മദ്‌ ജുനൈദിന്റെ, ഹേമന്ദ്‌ കർക്കറയുടെ, മുഹമ്മദ്‌ അഖ്ലാഖിന്റെ അങ്ങിനെ അനേകമനേകം മനുഷ്യരുടെ ആത്മാവുകൾ.
എവിടെയെന്റെ മകൻ എന്ന ചോദ്യവുമായി അലറിക്കരയുന്ന നജീബിന്റെ ഉമ്മയുടെ പ്രാർത്ഥന അങ്ങേക്കൊപ്പമുണ്ട്‌. ഇനിയും കണ്ടെത്താനാവാത്ത സഞ്ജീവ്‌ ഭട്ടിന്റെ ഭാര്യ ശ്വേതയുടെ പോരാട്ട വീര്യം അങ്ങക്കൊപ്പമുണ്ട്‌.
അനാഥരായി തീർന്ന കുട്ടികളുടെ , വിധവകളായി മാറിയ സ്ത്രീകളുടെ കണ്ണീരു കൂടെയുണ്ട്‌. കടം കയറി ആത്മഹത്യ ചെയ്ത കർഷകരുടെ സങ്കടങ്ങളുണ്ട്‌. ഇപ്പോഴും പട്ടിണിയിൽ വെന്ത വയറുമായി തേഞ്ഞ്‌ തീർന്ന കാലുകളുമായി അധികാരികളുടെ ആട്ടും തുപ്പുമേറ്റ്‌ വീണ്‌ പോയ കർഷകരുടെ നിലവിളികൾ കൂടെയുണ്ട്‌. മോഡിയെന്ന പാഴ്മരത്തിന്റെ വിലകുറഞ്ഞ തമാശകളോട്‌ ചെറുത്ത്‌ നിൽക്കുന്ന വിദ്യാർത്ഥികളുണ്ട്‌. പുതിയ ഇന്ത്യയിൽ ജീവിക്കാൻ സ്വപ്നം കാണുന്ന തൊഴിൽ രഹിതരായ കോടിക്കണക്കിന്‌ യുവാക്കളുണ്ട്‌. കോർപ്പറേറ്റുകൾക്ക്‌ മുമ്പിൽ മോഡി കുമ്പിടുമ്പോൾ വീണു പോയ അനേകായിരം കച്ചവടക്കാരുണ്ട്‌. വർഗ്ഗീയത കൊണ്ട്‌ മാത്രം ഇത്തവണ മോഡിക്ക്‌ മറികടക്കാനാവില്ല.
ഞങ്ങളൊരുങ്ങിക്കഴിഞ്ഞു. ഇത്‌ ഞങ്ങളുടെ അവസാനത്തെ യുദ്ധമാണ്‌. അങ്ങ്‌ ജയിച്ചില്ലെങ്കിൽ പിന്നെ ഞങ്ങളില്ല. ഈ രാജ്യമില്ല. ആയിരക്കണക്കിന്‌ വർഷങ്ങൾ കൊണ്ട്‌ രൂപം കൊണ്ട നമ്മുടെ പൈതൃകമില്ല.
അത്‌ കൊണ്ട്‌ , അങ്ങയോടൊപ്പം അടിയുറച്ച്‌ നിൽക്കുന്ന കോടിക്കണക്കിന്‌ ശബ്ദമില്ലാത്ത മനുഷ്യരുടെ മുഖങ്ങളോർത്ത്‌ പൊരുതുക. ഒരു രാജ്യം കൂടെയുണ്ട്‌. നമുക്ക്‌ തോൽക്കാനാവില്ല.

SHARE