ഇ.അഹമ്മദിനോടുള്ള സി.എച്ചിന്റെ വാക്ക് യാഥാര്‍ത്ഥ്യമാവുമ്പോള്‍

നജീബ് കാന്തപുരം

മുമ്പൊരിക്കൽ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ കാണാൻ സി.എച്ച്‌ മുഹമ്മദ്‌ കോയാ സാഹിബിനൊപ്പം വൺ സഫ്ദർജങ്ങ്‌ റോഡിലെ വീട്ടിൽ പോയതിനെ കുറിച്ച്‌ ഇ.അഹമ്മദ്‌ സാഹിബ്‌ എഴുതിയിട്ടുണ്ട്‌.
മുത്തശ്ശി ഇന്ദിരാഗാന്ധിയുടെ വീടിനു മുന്നിൽ പെങ്ങളോടൊപ്പം കളിക്കുന്ന കുഞ്ഞു രാഹുലിനെ ചൂണ്ടി സി.എച്ച്‌ പറഞ്ഞു: 
അഹമ്മദേ, ഈ കുട്ടി ഭാവിയിൽ ഇന്ത്യയുടെ പ്രധാനമന്ത്രിയാകും. ആ പ്രവചനം പുലരും വരെ അഹമ്മദ്‌ സാഹിബുണ്ടായില്ല. സി.എച്ചിന്റെയും അഹമ്മദ്‌ സാഹിബിന്റെയും പിന്മുറക്കാർ ആ പ്രവചനം പുലർന്ന് കാണാൻ കച്ചമുറുക്കി ഒരുങ്ങുന്ന ഘട്ടത്തിലാണ്‌ ഓരോ മലയാളിയെയും കോരിത്തരിപ്പിച്ചു കൊണ്ട്‌ ആ പ്രഖ്യാപനം വന്നത്‌. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നു. 
ഒരു മലയാളിയെന്ന നിലയിൽ ഏറെ സന്തോഷമുണ്ട്‌ രാഹുൽ ജീ.. അങ്ങ്‌ ഈ നാടിനെ ഇത്രയേറെ വിശ്വാസത്തിലെടുത്തതിന്‌. ഒരു മുസ്ലിം ലീഗുകാരനെന്ന നിലയിൽ അതിലേക്കാളേറെ അഭിമാനമുണ്ട്‌ രാഹുൽജീ..മുസ്ലിം ലീഗിന്‌ കരുത്തുറ്റ സ്വാധീനമുള്ള ഒരു മണ്ഡലത്തെ അങ്ങ്‌ സ്നേഹപൂർവ്വം സ്വീകരിച്ചതിന്‌.
ഇത്‌ ഞങ്ങൾക്ക്‌ ഒരു കടം വീട്ടാനുള്ള അവസരം കൂടിയാണ്‌. സെപ്ഷ്യൽ മാരേജ്‌ ആക്റ്റിനെതിരെ പാർലമെന്റിൽ പൊരുതിയ ബി. പോക്കർ സാഹിബിന്‌ പണ്ഡിറ്റ്‌ ജവഹർലാൽ നെഹ്രു നൽകിയ കരുത്തുറ്റ പിന്തുണക്ക്‌, സി.എച്ച്‌ മുഹമ്മദ്‌ കോയാ സാഹിബിനോട്‌ ഇന്ദിരാ ഗാന്ധി കാണിച്ച സ്നേഹ വായ്പിന്‌, ഞങ്ങളുടെ ശരിഅത്ത്‌ സംരക്ഷിക്കാൻ ഉറച്ചു നിന്ന അങ്ങയുടെ പിതാവ്‌ രാജീവ്‌ ഗാന്ധിയോട്‌, മുസ്ലിം ലീഗിന്‌ ചരിത്രത്തിലാദ്യമായി കേന്ദ്ര മന്ത്രിസ്ഥാനം നൽകി ആദരിച്ച അങ്ങയുടെ അമ്മ സോണിയാ ഗാന്ധിയോട്‌..
ചരിത്രത്തിലെ കണ്ണിയറ്റ്‌ പോകാത്ത ആ ആത്മബന്ധത്തിന്റെ ആദരം ഇക്കാലത്തും കരുത്തോടെ തുടരാൻ ഉറച്ച്‌ ചരിത്ര പ്രധാനമായ തീരുമാനമെടുത്ത അങ്ങയോട്‌ …
ഈ തെരെഞ്ഞെടുപ്പിൽ ഓരോ മുസ്ലിം ലീഗ്‌ പ്രവർത്തകനും കൂടെയുണ്ടാവും. ഊണുമുറക്കവുമൊഴിച്ച്‌.
പണ്ട്‌ മണ്ഡലം കാണാതെ ഖാഇദേ മില്ലത്തിനെ പാർലമെന്റിലേക്കയച്ച ഒരു ജനതയുടെ പിന്മുറക്കാർ ആ ചരിത്രത്തിന്റെ പത്തരമാറ്റുള്ള മറ്റൊരു ചരിത്രമുണ്ടാക്കാൻ ആവേശ ഭരിതരായി ഇവിടെ കാത്തിരിപ്പുണ്ട്‌ രാഹുൽ ജീ..
അങ്ങേക്ക്‌ മലയാളക്കരയിലേക്ക്‌, മുസ്ലിം ലീഗിന്റെ ഹൃദയക്കൊട്ടാരത്തിലേക്ക്‌ സുസ്വാഗതം…

SHARE