പാകിസ്ഥാന്‍ ആരോപണത്തിന്റെ ബോംബ് വെച്ച് തകര്‍ക്കാന്‍ പറ്റാത്ത മലപ്പുറത്തെ പന്നിപ്പടക്കം കൊണ്ട് തീര്‍ക്കാമെന്ന് ആരും കരുതേണ്ട

പടക്കം കഴിച്ച് ഗര്‍ഭിണിയായ ആന കൊല്ലപ്പെട്ട സംഭവമാണ് ഇപ്പോഴത്തെ ദേശീയവാര്‍ത്ത. അബദ്ധത്തില്‍ പടക്കം അടങ്ങിയ പൈനാപ്പിള്‍ അകത്തുചെന്ന ആനയുടെ ദാരുണാന്ത്യം വിഷമകരമാണ്. വിരാട് കോലിയും അനുഷ്‌ക ശര്‍മയും രാജ്യത്തെ നിരവധി സെലിബ്രിറ്റികളും ആ വാര്‍ത്ത ഷെയര്‍ ചെയ്ത് നിമിഷ നേരം കൊണ്ട് സംഭവം ശ്രദ്ധ നേടി

എന്നാല്‍ ബിജെപി നേതാവും കേന്ദ്ര ശിശുക്ഷേമ വകുപ്പ് മന്ത്രിയുമായ മനേകാ ഗാന്ധി വിഷയത്തിന് വര്‍ഗീയ നിറം നല്‍കാനാണ് ശ്രമിച്ചത്. സംഭവം നടന്നത് മലപ്പുറത്താണെന്നും ആ സ്ഥലം കുറ്റകൃത്യങ്ങള്‍ക്ക് കുപ്രസിദ്ധമാണെന്നുമൊക്കെയാണ് കേന്ദ്രമന്ത്രി ട്വീറ്റ് ചെയ്തത്. ഈ അപകടം നടന്നത് പാലക്കാട് ജില്ലയിലാണെന്നും മലപ്പുറം മറ്റൊരു ജില്ലയാണെന്ന ബേസിക് വസ്തുത പോലും വളച്ചൊടിച്ച ഈ ട്വീറ്റ് കൃത്യമായ വര്‍ഗീയ ധ്രുവീകരണത്തിനാണ് ഉപകരിച്ചത്

പിന്നീടങ്ങോട്ട് വളരെ വര്‍ഗീയമായിട്ടാണ് ആന കൊല്ലപ്പെട്ട ഈ സംഭവം സംഘി ട്വിറ്റര്‍ വെട്ടുകിളികള്‍ കൈകാര്യം ചെയ്തത്. ആന ഹിന്ദു ദേവതായണെന്നും മലപ്പുറം മുസ്‌ലിം പോക്കറ്റാണെന്നും ഇത് എലഫന്റ് ജിഹാദ് ആണെന്നും ഒക്കെ നിറം പിടിപ്പിച്ച കഥകള്‍ നിമിഷനേരം കൊണ്ട് ട്രെന്‍ഡിങ് ആക്കി, ഈ വര്‍ഗീയവാദികള്‍.

മലപ്പുറത്തിന് നേരെ വര്‍ഗീയതയില്‍ പൊതിഞ്ഞ പന്നിപ്പടക്കം വലിച്ചെറിയുന്നവരോട് ഒന്നേ പറയാനുള്ളൂ, അത്ര പെട്ടെന്നൊന്നും പൊട്ടുന്ന ഒന്നല്ല മലപ്പുറത്തിന്റെ കെട്ടുറപ്പ്. മതസൗഹാര്‍ദ്ദം കൊണ്ട് കെട്ടിപ്പടുത്ത ഈ ജില്ലയുടെ അടിത്തറ ഒരു നനഞ്ഞ പടക്കം കൊണ്ട് ചിതറിക്കാമെന്നത് മൂഢധാരണയാണ്. നിങ്ങളല്ല, നിങ്ങളുടെ മുന്‍ഗാമികള്‍ ഇതിന് കുറേ ശ്രമിച്ച് തോറ്റ്‌പോയതാണ്. ജില്ലാ രൂപീകരണ സമയത്ത് അന്നത്തെ ജനസംഘം നേതാവ് അടല്‍ ബിഹാരി വാജ്‌പേയ് അടക്കമുള്ള കൊടികുത്തിയ വര്‍ഗീയവാദികള്‍ ശ്രമിച്ചിട്ട് പറ്റിയിട്ടില്ല. പാകിസ്ഥാന്‍ ആരോപണത്തിന്റെ ബോംബ് വെച്ച് തകര്‍ക്കാന്‍ പറ്റാത്തത് പന്നിപ്പടക്കം കൊണ്ട് തീര്‍ക്കാമെന്ന് ആരും ധരിക്കേണ്ടതില്ല

SHARE