കെ.സുരേന്ദ്രന്റെ പിണറായി സ്തുതി,ആഭ്യന്തരമന്ത്രിയോടുള്ള ഉപകാര സ്മരണ

സുരേന്ദ്രന്റെ ഉപകാര സ്മരണ!!!!

വിമര്‍ശിക്കാന്‍ വേണ്ടി മാത്രം കുപ്പായവുമിട്ടിറങ്ങുകയാണ് പ്രതിപക്ഷമെന്ന് ബിജെപി നേതാവ് കെ.സുരേന്ദ്രന്‍. കുറച്ചു കാലമായിട്ട് പിണറായി സര്‍ക്കാരും ബിജെപി യും നല്ല ടേംസിലാണ്. പ്രത്യേകിച്ച് ആഭ്യന്തരവകുപ്പ്, അതിപ്പോള്‍ സംഘികള്‍ നേരിട്ടാണ് കൈകാര്യം ചെയ്യുന്നത്. കൊറോണ വിഷയത്തിലും ഇത് കാണാന്‍ കഴിയും. കേന്ദ്രസര്‍ക്കാറിനും കേരള സര്‍ക്കാറിനും പ്രവാസികളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നതിലും ഒരേ സ്വരമാണ്. പ്രവാസികളെ നാട്ടിലേക്ക് മടക്കികൊണ്ടുവരാന്‍ സാധിക്കില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞതെങ്കില്‍ കേരളം ഇപ്പോള്‍ സമയമായിട്ടില്ലെന്നാണ് കത്ത് നല്‍കിയത്. അതേ സമയം പിണറായി സര്‍ക്കാര്‍ വെറുതെ വാര്‍ത്താമാധ്യമങ്ങളില്‍ പ്രവാസികള്‍ക്ക് വേണ്ടി പലതും ചെയ്യുന്നുവെന്ന പ്രതീതി സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. സര്‍ക്കാര്‍ പ്രവാസികളോട് ബന്ധപ്പെടാന്‍ പ്രസിദ്ധീകരിച്ച നമ്പറുകളെല്ലാം സ്വിച്ച് ഓഫ് ആണെന്ന് ഇതിനകം തന്നെ പരാതികളുയര്‍ന്ന് കഴിഞ്ഞു. ആകെ പ്രവര്‍ത്തിക്കുന്നത് കെ.എം.സി.സി യുടെ ധീരന്മാരായ പ്രവര്‍ത്തകര്‍ മാത്രമാണ്.
ഇനി കെ. സുരേന്ദ്രന്‍ ഇപ്പോള്‍ പ്രസ്താവനയുമായി രംഗത്ത് വന്നതിന്റെ മറ്റൊരു കാരണം ആഭ്യന്തര വകുപ്പിനോടുള്ള നന്ദിയാണ്. കഴിഞ്ഞ ആഴ്ചയാണ് വിലക്ക് ലംഘിച്ച് കോഴിക്കോടുള്ള സുരേന്ദ്രന്‍ തിരുവനന്തപുരത്ത് പോയി പത്രസമ്മേളനം നടത്തിയത്. അവശ്യസാധങ്ങള്‍ക്ക് വേണ്ടി പുറത്തിറങ്ങിയവരെ പോലും കേരളത്തിലങ്ങോളമിങ്ങോളം അടിച്ചു പുറം പൊളിച്ച കേരളാ പോലീസിന്റെ തേര്‍വാഴ്ച നടക്കുന്ന സമയത്താണ് സുരേന്ദ്രന്‍ തലസ്ഥാനം വരെ സുരക്ഷിതനായി പോയത്. ഇത് മുഖ്യമന്ത്രി യുടെയും മറ്റും ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ഇതുവരെ ഇയാള്‍ക്കെതിരെ കേസ് ഫയല്‍ ചെയ്യാനോ നടപടി സ്വീകരിക്കാനോ തയ്യാറായില്ലെന്ന് മാത്രമല്ല ഇതിലൊക്കെ എന്താ കുഴപ്പം എന്നായിരുന്നു മുഖ്യമന്ത്രിയുടെ പത്രക്കാരോടുള്ള മറുപടി.

ചുരുക്കത്തില്‍ പറയാനുള്ളത്. കേരളത്തില്‍ ഒരു പ്രതിപക്ഷ നേതൃത്വമില്ലെന്ന് വരുത്തിത്തീര്‍ക്കുകയാണ് ഇരുകൂട്ടരുടെയും ലക്ഷ്യം. ഇപ്പോള്‍ രമേശ് ചെന്നിത്തലയെ ട്രോളിയും സൈബര്‍ അറ്റാക്ക് നടത്തിയും ഒരുവശത്ത് ഇല്ലാതാക്കാന്‍ ശ്രമിക്കുമ്പോള്‍, മറുവശത്ത് സുരേന്ദ്രനെ പോലെയുള്ള സംഘികള്‍ക്ക് കേരളീയമുഖ്യധാരയില്‍ ഇടം കൊടുക്കാന്‍ കൂടെ നന്നായി ശ്രദ്ധിക്കുന്നുണ്ട്. പ്രധാനമന്ത്രി ഒമ്പത് മണിക്ക് വിളക്കണക്കാന്‍ പറഞ്ഞപ്പോള്‍ എട്ടേമുക്കാലിനു തന്നെ വിളക്കണച്ച് ആകാശത്തേക്ക് ടോര്‍ച്ചടിച്ച പിണറായിയെ അല്ലാതെ സുരേന്ദ്രന്‍ ആര്‍ക്കൊപ്പമാണ് നില്‍ക്കുക? കേരളത്തിന്റെ അതിര്‍ത്തി കൊട്ടിയടച്ച് മണ്ണിട്ട കര്‍ണ്ണാടക്കെതിരെ ഒരക്ഷരം ഉരിയാടാത്ത സുരേന്ദ്രന് പ്രതിപക്ഷത്തിനെതിരെ പറയാന്‍ ആയിരം നാവുണ്ടെന്നതാണ് കൗതുകം. ഒരുകാര്യം പിണറായിയോടും സുരേന്ദ്രനോടും തീര്‍ത്ത് പറയാം, പ്രതിപക്ഷമെന്ന് പറയുന്നത് പിണറായിയുടെ തിട്ടൂരം അതേപടി വിഴുങ്ങാനുള്ള സംവിധാനമല്ലെന്നും പിണറായിയേയും അയാളുടെ പിണിയാളുകളായ സംഘികളെയും ഓഡിറ്റ് ചെയ്യുകയാണ് കര്‍ത്തവ്യമെന്നും ഓര്‍മ്മിപ്പിക്കട്ടെ.