ഉപവാസ സമരത്തിനിടയിലെ മനോഹരമായ നിമിഷത്തെ പങ്കുവെച്ച് നജീബ് കാന്തപുരം

നജീബ് കാന്തപുരത്തിന്റെ ഫെയ്‌സ്ബുക് കുറിപ്പ്:
പൗരത്വ സമരം തുടങ്ങിയത് മുതല്‍ നിരവധി പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്.ചെറിയ പൊതുയോഗങ്ങള്‍ മുതല്‍ വലിയ സമ്മേളനങ്ങള്‍ വരെ. ഓരോ പരിപാടിയില്‍ പങ്കെടുക്കുമ്പോഴും ആഗ്രഹിച്ചത് എന്റെ വാക്കുകള്‍ കൊണ്ട് ഭയാശങ്കയില്‍ കഴിയുന്ന ഒരാള്‍ക്കെങ്കിലും ആത്മ വിശ്വാസവും ധൈര്യവും പകരാന്‍ കഴിയണമെന്നാണ്. ഇന്നലെ കൊടുവള്ളി നിയോജക മണ്ഡലത്തിലെ കട്ടിപ്പാറയില്‍ ജില്ലാ പഞ്ചായത്ത് അംഗം എന്ന നിലയില്‍ ഉപവാസ സമരം നടത്തുമ്പോഴും ആ ലക്ഷ്യം തന്നെയായിരുന്നു പ്രധാനം. ഉപവാസത്തിന് ക്ഷണിക്കാന്‍ വേണ്ടി മക്കാട്ട് മാധവന്‍ നമ്പൂതിരിയുടെ വീട്ടില്‍ പോയപ്പോള്‍ വയോധികനായ ആ മനുഷ്യന്‍ പറഞ്ഞു. ‘എനിക്ക് എങ്ങോട്ടും പോകാന്‍ വയ്യ. തിരക്കുള്ളിടത്ത് പ്രത്യേകിച്ചും. എന്നെ ഒന്ന് ഒഴിവാക്കണം’. ഞങ്ങള്‍ പറഞ്ഞു. ഈ സമയത്ത് നിങ്ങളൊക്കെ ഉണ്ടാകുന്നത് വലിയൊരു കാര്യമല്ലെ. ഒരു നിമിഷം ഞങ്ങളുടെ മുഖത്ത് നോക്കി മൗനിയായി നിന്നു. എന്നിട്ട് പറഞ്ഞു. ‘എന്റെ സാന്നിധ്യം ഈ സമരത്തിന് സഹായമാണെങ്കില്‍ ഉറപ്പായും ഞാന്‍ വരും. എല്ലാരും നിലപാട് പറയേണ്ട സമയമാണല്ലോ’. പോര്‍ങോട്ടൂര്‍ സുബ്രഹ്മണ്യ ക്ഷേത്രത്തിന്റെ ട്രസ്റ്റി ചെയര്‍മാന്‍ കൂടിയായ മാധവന്‍ നമ്പൂതിരി കൃത്യം ആറു മണിക്ക് സമരം സമാപിക്കുമ്പോള്‍ നാരങ്ങ നീരു നല്‍കാന്‍ സമര പന്തലിലെത്തി. ‘സമരം അണയാതെ കൊണ്ട് പോകണം. അതിനു ഊര്‍ജ്ജം പകരാനാണ് ഞാന്‍ വയ്യാഞ്ഞിട്ടും വന്നത്’. മുനീര്‍ സാഹിബിനെയും എന്നെയും ചേര്‍ത്തു നിര്‍ത്തി ആ വലിയ മനുഷ്യന്‍ പറഞ്ഞു. കാശ്മീരില്‍ നിന്ന് ദീപികാ സിംഗ് ഈ പ്രക്ഷോഭത്തില്‍ വന്നതും മറ്റൊന്നിനുമല്ല.
ഇല്ല പ്രിയപ്പെട്ടവരെ, നമ്മള്‍ ഒറ്റക്കല്ല. നമ്മള്‍ ഒറ്റക്കെട്ടായാണ് പൊരുതുന്നത്.

SHARE