പിണറായിയുടെ രണ്ടര ലക്ഷം നുണകള്‍

ഒരു കാര്യമുറപ്പാണ്. ഇത്രയൊന്നും പ്രവാസികള്‍ കേരളത്തിലേക്ക് ജീവനോടെ മടങ്ങി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കരുതിയിരുന്നില്ല. കേന്ദ്ര സര്‍ക്കാര്‍ വിമാന സര്‍വ്വീസുകള്‍ക്ക് അനുമതി നല്‍കുമെന്നും പ്രതീക്ഷിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ വലിയ വായില്‍ വാഗ്ദാനങ്ങള്‍ വാരിക്കോരി ചൊരിഞ്ഞാലും ഒന്നും നടപ്പാക്കേണ്ടി വരില്ലെന്ന് ഉറച്ച വിശ്വാസമുണ്ടായിരുന്നു. അതിന്റെ ഭാഗമായാണ് ഇത്തരത്തില്‍ കള്ളങ്ങള്‍ പ്രചരിപ്പിക്കാനും വീമ്പ് പറയാനും ധൈര്യമുണ്ടായത്.

ഈ കോവിഡ് കാലത്ത് നൂറു കണക്കിനു നുണകളാണ് പിണറായി വിജയന്‍ പറഞ്ഞത്. അതിലേറെയും പ്രവാസികളുമായി ബന്ധപ്പെട്ടാണ്. കേറി വാടാ മക്കളെ എന്നത് കേവലമൊരു പോസ്റ്റര്‍ കാമ്പയിന്‍ മാത്രമായിരുന്നില്ല. പി.ആര്‍ ഏജന്റുമാര്‍ എഴുതിത്തയ്യാറാക്കിയ തിരക്കഥയുടെ ഭാഗം തന്നെയായിരുന്നു. ഇക്കരെ നിന്ന് മുണ്ട് മാടിക്കെട്ടി മാടി വിളിക്കുമ്പോള്‍ അക്കരയൊരു വിമാനവും മണ്ണില്‍ മുത്തമിട്ടിരുന്നില്ല. മാത്രവുമല്ല ഇത്രയേറെ പ്രവാസികള്‍ മടക്കയാത്രക്ക് സന്നദ്ധരാകുമെന്നും പ്രതീക്ഷിച്ചിരുന്നില്ല. ഒന്നാമതായി പ്രവാസികളെക്കുറിച്ചും അവരുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചും ഒരു തരത്തിലുള്ള ശരിയായ കണക്കും സര്‍ക്കാറിന്റെ കയ്യിലില്ല. നോര്‍ക്ക വഴിയുള്ള രജിസ്‌ട്രേഷന്‍ നടത്തുമ്പോള്‍ പോലും ഇത്ര വലിയൊരു വിഭാഗം തിരിച്ചു വരാനുണ്ടെന്ന് സര്‍ക്കാര്‍ ധരിച്ചിരുന്നില്ല.

ലക്ഷക്കണക്കിന് മലയാളികള്‍ ഇതിനകം ജോലിയും കൂലിയുമില്ലാതെ ലേബര്‍ ക്യാമ്പുകളിലും ബാച്ചിലര്‍ റൂമുകളിലും നരകിച്ച് കഴിയുകയാണ്. കെ.എം.സി.സി ഉള്‍പ്പെടെയുള്ള സന്നദ്ധ സംഘടനകളുടെ കനിവിലാണ് ഇവരിലേറെ പേരും കഴിയുന്നത്. ഗള്‍ഫില്‍ ഇപ്പോള്‍ കഴിയുന്ന വലിയൊരു വിഭാഗത്തിനു കോവിഡ് പോസിറ്റീവുമാണ്. അവിടങ്ങളിലെ സൗകര്യങ്ങള്‍ പരമാവധി ഉപയോഗിച്ച് രോഗികളെ ക്വാറന്റൈന്‍ സെന്ററുകളിലേക്ക് മാറ്റാന്‍ ശ്രമികുന്നുണ്ടെങ്കിലും ഇതിനെല്ലാം പരിമിതികള്‍ ഏറെയുണ്ട്. ഇതിനിടയില്‍ പ്രവാസി മലയാളികളുടെ മരണ സംഖ്യയും ഉയരുകയാണ്. യുവാക്കളുള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങളില്‍ മാത്രം മരണപ്പെട്ട മലയാളികളുടെ എണ്ണം ഇരുനൂറിനോടടുക്കുകയാണ്. ഈ സഹചര്യത്തില്‍ നിന്നു കൊണ്ടാണ് എത്രയും വേഗം വീടണയാന്‍ പ്രവാസികള്‍ ആശങ്കയോടെ കാത്തിരിക്കുന്നത്.

സര്‍ക്കാറാവട്ടെ, ഒരു ഘട്ടത്തിലും പ്രവാസികളുടെ മടക്കയാത്രക്ക് അനുകൂല നിലപാടെടുത്തിട്ടില്ല. അവരെ കോവിഡ് വാഹകരായി മുദ്ര കുത്തുകയും മാറ്റി നിര്‍ത്തുകയുമായിരുന്നു. രണ്ട് കാരണങ്ങളാണ് പ്രവാസികളുടെ മടക്കയാത്രക്ക് തുരങ്കം വെക്കാന്‍ സര്‍ക്കാറിനെ പ്രേരിപ്പിച്ചത്. ഒന്ന് ഇവരുടെ മടങ്ങി വരവ് കേരളം അതുവരെ നേടിയ നമ്പര്‍ വണ്‍ വീമ്പിന് അടിയേല്‍പ്പിക്കും. രണ്ട് ക്വാറന്റയിനും ചികിത്സയുമുള്‍പ്പെടെ സര്‍ക്കാറിന് അമിത ചെലവുകള്‍ വരും. അതുകൊണ്ട് തന്നെ അവരെ പച്ചില കാട്ടി മോഹിപ്പിച്ച് നിര്‍ത്തിയാല്‍ മതി; ഇങ്ങോട്ട് വിളിച്ച് വരുത്തേണ്ട എന്ന ഹിഡണ്‍ അജണ്ടയായിരുന്നു സര്‍ക്കാറിന്.

മെയ് 7 മുതല്‍ വന്ദേ ഭാരത് മിഷന്റെ ഭാഗമായി പ്രവാസികളുടെ തിരിച്ചുവരവ് ആരംഭിച്ചെങ്കിലും വളരെ കുറച്ച് സര്‍വ്വീസുകള്‍ മാത്രമാണ് സര്‍ക്കാര്‍ പ്രതീക്ഷിച്ചത്. അതുകൊണ്ടാണ് രണ്ടര ലക്ഷം പ്രവാസികളെ സ്വീകരിക്കാന്‍ ഒരുങ്ങിക്കഴിഞ്ഞെന്ന് പിണറായി വിജയന്‍ തന്നെ തള്ളി മറിച്ചത്. എല്ലാം ഭദ്രം, ഇനി മടങ്ങിയെത്തിയാല്‍ മതിയെന്നായിരുന്നു പിണറായിയുടെ ‘ഖലീഫ’ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തത്. വെറും രണ്ടായിരത്തില്‍ താഴെ പ്രവാസികളെ പോലും ശരിയായി ഉള്‍ക്കൊള്ളാന്‍ ക്വാറന്റയിന്‍ സെന്ററുകള്‍ പര്യാപ്തമായിരുന്നില്ല. ആളുകളുടെ എണ്ണം കൂടിയതോടെ പരാതികളുടെ പെരുമഴയായി.

ടൂത്ത് പേസ്റ്റും ബാത്ത് ടവ്വലുകളുമടക്കം തയ്യാറാക്കി വെച്ച ഫൈവ് സ്റ്റാര്‍ സൗകര്യങ്ങള്‍ ട്രെയിലറുകളില്‍ ഒതുങ്ങി. വൃത്തി ഹീനമായ മുറികളില്‍ പലരെയും അടച്ചിട്ടത് വാര്‍ത്തയായി. ഇതോടെയാണ് സൗജന്യ ക്വാറന്റയിന്‍ അവസാനിപ്പിച്ചതായും പണക്കാരും പാവങ്ങളുമെല്ലാം ക്വാറന്റയിന്‍ സംവിധാനത്തിനു പണം നല്‍കണമെന്നും ആവശ്യപ്പെട്ടത്. ഈ വാര്‍ത്താ സമ്മേളനം വിവാദമാവുകയും വന്‍ പ്രതിഷേധമുയരുകയും ചെയ്തപ്പോള്‍ തല്‍ക്കാലം പാവങ്ങളുടെ ക്വാറന്റയിന്‍ ചെലവ് ഏറ്റെടുക്കുമെന്നായി. എന്നാല്‍ ഇതിന്റെ വിശദാംശങ്ങള്‍ നല്‍കാനോ സൗജന്യമാക്കാനോ തയ്യാറായില്ല. ക്വാറന്റയിന്‍ കേന്ദ്രങ്ങള്‍ പിടിച്ചുപറി കേന്ദ്രങ്ങളായി. മടങ്ങി വരുന്ന പ്രവാസികളുടെ കയ്യിലുള്ളതെല്ലാം പിടിച്ചുപറിക്കാന്‍ തുടങ്ങി. ഇതും തിരിച്ചടിയായതോടെ ക്വാറന്റയിന്‍ കേന്ദ്രങ്ങള്‍ തന്നെ വേണ്ടെന്നാണ് പുതിയ പ്രഖ്യാപനം.

ലോക മലയാളി സഭക്ക് കോടികള്‍ പൊടിച്ച സര്‍ക്കാര്‍, ഈ കോവിഡ് കാലത്ത് അവര്‍ക്ക് വേണ്ടി ചെലവഴിച്ചതെന്തെന്ന് വ്യക്തമാക്കണം. സ്വന്തം ചെലവില്‍ തിരിച്ചുവരികയും ക്വാറന്റയിനില്‍ കഴിയുകയും ചെയ്യുന്ന പ്രവാസികള്‍ക്ക് വേണ്ടി സര്‍ക്കാര്‍ ഒരു നയാ പൈസ പോലും വിനിയോഗിച്ചിട്ടില്ല. എന്നാല്‍ സന്നദ്ധ സംഘടനകള്‍ അവരുടെ തിരിച്ചുവരവിനായി നടത്തുന്ന അക്ഷീണ യത്‌നങ്ങളെ പോലും തുരങ്കം വെക്കുകയാണിപ്പോള്‍.

പ്രവാസികളുടെ തിരിച്ചുവരവ് വേഗത്തില്‍ വേണ്ടെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാറിനെന്ന് കേന്ദ്ര മന്ത്രി വെളിപ്പെടുത്തിയിട്ടും അതിനു വസ്തുതാപരമായി മറുപടി പറയാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. നുണകള്‍ കൊണ്ടും അര്‍ദ്ധ സത്യങ്ങള്‍ കൊണ്ടും ഓട്ടയടക്കാനാണ് ഇപ്പോഴും ശ്രമിക്കുന്നത്. ചാര്‍ട്ടേര്‍ഡ് വിമാനങ്ങളുടെ എണ്ണം കുറക്കാന്‍ അനാവശ്യ നിയന്ത്രണങ്ങള്‍ കൊണ്ടുവരുമ്പോള്‍ സര്‍ക്കാര്‍ ഓര്‍ക്കുന്നില്ല, എല്ലാം നഷ്ടപ്പെട്ട് മരണ ഭയത്തോടെ കഴിയുന്ന ഒരു കൂട്ടം മനുഷ്യരെ. അവരുടെ വിയര്‍പ്പ് കൊണ്ടാണ് കേരളം കഞ്ഞി കുടിച്ച് പോകുന്നതെന്ന് പ്രഖ്യാപിച്ച അതേ മുഖ്യമന്ത്രിയാണ് കഞ്ഞികുടി മുട്ടിയ ആ പാവങ്ങളെ മരണത്തിനു എറിഞ്ഞ് കൊടുക്കുന്നത്. ഒരു പക്ഷെ പ്രവാസി സമൂഹം ഇന്ന് ഏറ്റുവാങ്ങുന്നത് മരണത്തേക്കാള്‍ വേദനാജനകമായ വിവേചനമാണ്. കൊടിയ അപമാനമാണ്. ആധുനിക കേരളം പടുത്തുയര്‍ത്തിയ ഈ മനുഷ്യരോട് ഇത്തരത്തില്‍ സര്‍ക്കാര്‍ നന്ദി കേട് കാണിക്കരുത്.