കൊണ്ടത് ഉണ്ടയുള്ള വെടി തന്നെ: നജീബ് കാന്തപുരം

 

യുത്തലീഗിന്റെ ആരോപണങ്ങള്‍ തള്ളിക്കൊണ്ടുള്ള മന്ത്രി കെടി ജലീലിന്റേത് വിഫല ശ്രമമാണെന്ന് നജീബ് കാന്തപുരം. ഫെയ്‌സ്ബുക്ക് കുറിപ്പിലാണ് യൂത്ത്‌ലീഗ് സീനിയര്‍ വൈസ് പ്രസിഡണ്ട് നിലപാട് വ്യക്തമാക്കിയത്. കുറിപ്പിന്റെ പൂര്‍ണ്ണരൂപം

നജീബ് കാന്തപുരം

മിസ്റ്റര്‍ ജലീല്‍,
താങ്കളുടെ മറുപടിയില്‍ തന്നെയുണ്ട് കൊണ്ടത് ഉണ്ടയുള്ള വെടിയാണെന്നതിന്റെ തെളിവ്.
ഇന്ന് രാവിലെ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് നടത്തിയ പത്ര സമ്മേളനത്തിന് നേരമിരുട്ടും മുമ്പ് തന്നെ മറുപടിയുമായെത്തിയ കെ.ടി ജലീലിന്റെ വെപ്രാളം കണ്ടാല്‍ തന്നെ അറിയാം ഇതിനു പിന്നിലെ കള്ളത്തരം. സ്വന്തം മൂത്താപ്പയുടെ മകന്റെ കുട്ടിയേക്കാള്‍ മുന്തിയ ഒരാളെ മൈനോറിറ്റി ഫിനാന്‍സ് കോര്‍പ്പറേഷന് കിട്ടാനില്ലെന്നും ഒരു ലക്ഷം രൂപയോളം ശമ്പളമുള്ള ഈ ജോലി വേണ്ട വേണ്ട എന്ന് പറഞ്ഞിട്ടും കോര്‍പ്പറേഷനെ രക്ഷിക്കാന്‍ ഇങ്ങനെയൊരാളെ വീട്ടില്‍ പോയി കയ്യും കാലും പിടിച്ച് കൊണ്ടുവന്നിരുത്തുകയായിരുന്നുവെന്നും എഴുതിപ്പിടിപ്പിക്കാനും അതിന് ന്യായം ചമക്കാനും വിയര്‍ക്കുന്ന ജലീലിന്റെ മറുപടി മതി യൂത്ത് ലീഗ് ഉന്നയിച്ച കാര്യങ്ങളെല്ലാം ഉണ്ടയുള്ള വെടിയാണെന്ന് ബോധ്യമാകാന്‍. തന്റെ മൂത്താപ്പാന്റെ മകന്റെ കുട്ടിക്കുള്ള യോഗ്യത വെച്ച് ക്വാളിഫിക്കേഷന്‍ പുനര്‍ നിര്‍ണ്ണയിക്കുക,ഇന്റര്‍വ്വ്യൂ അറ്റന്റ് ചെയ്ത ഉദ്യോഗാര്‍ത്ഥികളാര്‍ക്കും ഇപ്പറഞ്ഞ യോഗ്യതയില്ലാതിരിക്കുക, എന്നിട്ട് ഈ യോഗ്യതയുള്ള ഭൂമിമലയാളത്തിലെ ഒരേയൊരു വിദഗ്ദനായ കെ.ടി അദീബിനെ വിളിച്ച് വരുത്തി നിയമിക്കുക, ഇതറിയുമ്പോള്‍ വളിച്ച ന്യായീകരണവുമായി വരിക. ജയരാജന്‍ മന്ത്രിസ്ഥാനമൊഴിയാന്‍ പറഞ്ഞ കാരണങ്ങളേക്കാള്‍ ഗുരുതരമാണ് ഇപ്പോള്‍ ജലീലിനെതിരെ ഉയര്‍ന്നിരിക്കുന്നത്. എന്നാലും സ്ഥാനമൊഴിയാനുള്ള ധാര്‍മ്മികത ജലീലിനോ പുറത്താക്കാനുള്ള മനസ്സ് മുഖ്യമന്ത്രിക്കോ ഉണ്ടാവില്ലെന്നറിയാം. കാരണം ഇതിനേക്കാള്‍ വലിയൊരു മുഖസ്തുതിക്കാരനെ കൊട്ടാരം വിദൂഷകനായി പിണറായിക്ക് മഷിയിട്ട് തിരഞ്ഞാല്‍ വേറെ കിട്ടില്ല.
മിസ്റ്റര്‍ ജലീല്‍
ഇനി വരാനുള്ള ഉണ്ടകള്‍ കൂടി ഏറ്റു വാങ്ങാന്‍ ഒരുങ്ങിക്കൊള്ളുക.

SHARE