നജീബ് കാന്തപുരം
പാലത്തായി കേസില്‍ ഐ. ജി ശ്രീജിത്തിന്റെ പേരില്‍ ഒരു ഓഡിയോ ക്ലിപ് വ്യാപകമായി പങ്ക് വെക്കപ്പെടുന്നത് കണ്ടു. ഒരുപാട് പൊരുത്തക്കേടുകളും വസ്തുതാവൈരുദ്ധ്യങ്ങളും നിറഞ്ഞ ഒന്നായിട്ടാണ് അത് പ്രഥമദൃഷ്ട്യാ തന്നെ മനസ്സിലാവുന്നത്.
1) ഐ. ജി ശ്രീജിത്തിനെ പോലെ ഉന്നത ഉദ്യോഗസ്ഥനും പരിചയ സമ്പന്നനുമായ ഒരാള്‍ ഈ കേസ് ഇത്ര പരസ്യമായി ഇത് തുറന്ന് പറയുമോ? കോടതിനടപടികള്‍ക്ക് വിധേയമായി കൊണ്ടിരിക്കുന്ന കേസില്‍ എല്ലാ രഹസ്യ വിവരങ്ങളും നിയമ വാദങ്ങളും ഒരു ഉദ്യോഗസ്ഥന് ഇത് പോലെ വിളിച്ചു പറയാന്‍ ഒരു സാധ്യതയും കാണുന്നില്ല.
2) ഇതിലെ ചോദ്യങ്ങളുടെയും ഉത്തരങ്ങളുടെയും ചേരുവകള്‍ രസകരമാണ്. വിളിക്കുന്നത് മുസ്ലിം പേരുള്ളയാള്‍, കേസിലെ പ്രധാന തെളിവുകളിലും പൊരുത്തക്കേടുകളിലും ഉണ്ടാവുന്ന മുസ്ലിം പങ്കാളിത്തം, ലൈല ടീച്ചര്‍, അറബിക് കോണ്‍ഫറന്‍സ് എന്നിവയൊക്കെ വീക്ഷിച്ചാല്‍ മനസ്സിലാവുന്ന ഒരു കാര്യം ഈ കേസ് ഇങ്ങനെ തേഞ്ഞു മായ്ഞ്ഞു പോവുന്നത് ഒരു മുസ്ലിം വ്യക്തിയെ കൊണ്ട് തന്നെ അംഗീകരിപ്പിക്കുന്ന ഡയറക്ടര്‍ ‘ബ്രില്യന്‍സ്’ നമുക്ക് കാണാം. സംഭാഷണത്തിന്റെ അവസാനം തുടക്കത്തില്‍ ആവേശഭരിതനായ മുസ്ലിം യുവാവ് വിവേകമതിയും പോലീസിന്റെ നിസ്സഹായാവസ്ഥ ബോധ്യപ്പെട്ടവനായി ഫോണ്‍ വെക്കുന്നത് കാണാം.
ഇനി കേസിന്റെ മെറിറ്റിലേക്ക് വന്ന് കഴിഞ്ഞാല്‍ ഐ. ജി ശ്രീജിത്ത് പോയിട്ട് ഇന്നലെ ചാര്‍ജെടുത്ത കൊണ്സ്റ്റബിളിന് വരെ ബോധ്യമാവുന്ന ചില മണ്ടത്തരങ്ങള്‍ കാണാം.
3) ഒരു പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടു എന്ന് പറഞ്ഞു കഴിഞ്ഞാല്‍ പിന്നെ കേസ് തെളിയിക്കേണ്ടത് പോലീസിന്റെയും പ്രതിയുടെയും ഉത്തരവാദിത്തമാണ്. പോക്സോ കേസ് ആവുമ്പോള്‍ പ്രത്യേകിച്ചും. ഇവിടെ പോലീസ് ചെയ്യുന്നത് പെണ്‍കുട്ടിയെ കൊണ്ട് തന്നെ ഏറ്റവും സൂക്ഷ്മമായ തെളിവുകള്‍ തന്നെ സമര്‍പ്പിക്കാന്‍ നിര്‍ബന്ധിക്കുകയാണ്.
4) ഈ സംഭാഷണത്തില്‍ പറയുന്ന പ്രധാന പ്രശ്നം തിയ്യതികള്‍ തമ്മിലെ വൈരുദ്ധ്യത്തെയാണ്. പോക്സോ കേസില്‍ ഒരു പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടു എന്ന് പറഞ്ഞാല്‍ തന്നെ അത് കേസാകുന്ന വകുപ്പാണ്. തിയ്യതികളിലെ വൈരുദ്ധ്യം കേസിനെ ബാധിക്കുന്ന കാര്യമേയല്ല. അപ്പോള്‍ പിന്നെ ഒരു പത്താം വയസുകാരിയുടെ ഓര്‍മ്മ ശക്തിയും സ്ഥലകാല ബോധവും അളന്ന് കേസെടുക്കാതിരിക്കാന്‍ മുട്ടാപ്പോക്ക് ന്യായം കണ്ടെത്തുന്നത് കേരളത്തിലെ പോക്സോ കേസുകളുടെ ചരിത്രത്തില്‍ ആദ്യമായിട്ടായിരിക്കും.
5) ഇനി ഈ കേസിലെ പോലീസ് കടത്തലുകള്‍ നോക്കാം. പെണ്‍കുട്ടിയെ ഈ പറയുന്ന പൊരുത്തക്കേടുള്ള മൊഴിയെടുത്തിരിക്കുന്നത് സ്വന്തം നാട്ടില്‍ നിന്നോ പരിചിത സ്ഥലങ്ങളില്‍ നിന്നോ അല്ല. കോഴിക്കോടും മറ്റ് വിദൂരസ്ഥലങ്ങളിലും കൊണ്ട് പോയിട്ടാണ് കേസിലെ പ്രധാന മൊഴിയെടുപ്പുകള്‍ മുഴുവന്‍ നടത്തിയിട്ടുള്ളത്. പോക്സോ കേസില്‍ പെണ്‍കുട്ടിയുടെ സൗകര്യത്തിലും പരിചയത്തിലുമുള്ള സ്ഥലങ്ങളില്‍ നിന്ന് സ്വസ്ഥമായ അന്തരീക്ഷത്തില്‍ മാത്രമേ മൊഴിയെടുക്കാവൂ എന്നുണ്ടായിരിക്കെ ആരാണ് ഈ കുട്ടിയെ ഇത്രയും ദൂരേക്ക് കൊണ്ട് പോയത്? ആരുടെ താല്പര്യമാണ് വക്രീകരിക്കപ്പെട്ട ഈ തെളിവെടുപ്പില്‍ പ്രതിഫലിക്കുന്നത് എന്നും പരിശോധിക്കേണ്ടതാണ്
6) കോഴിക്കോട്ടെ ഈ മനശാസ്ത്ര വിദഗ്ദ്ധരുടെ ചോദ്യം ചെയ്യലിലാണ് ‘ഏത് ഉസ്താദാണ് പീഡിപ്പിച്ചതെന്ന് പറയൂ’ എന്നൊക്കെ പെണ്‍കുട്ടിയോട് ചോദിച്ചത്. യഥാര്‍ത്ഥ പീഡകനില്‍ നിന്ന് മറ്റൊരു പീഡനത്തിലേക്ക് വഴിതിരിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ തന്നെ ശ്രമം നടന്ന് കൊണ്ടിരിക്കെ ഈ തെളിവെടുപ്പിന്റെ വിശ്വാസ്യത എത്രത്തോളമാണ്?
7) ഈ സംഭാഷണം മുഴുവന്‍ കേട്ടാല്‍ സംസാരിക്കുന്നത് പൊലീസല്ല, പ്രതിഭാഗം വകീലാണ് എന്ന് തോന്നിപ്പോകും. പോലീസ് ചുമത്തിയ വകുപ്പുകള്‍, അതിലെ നിയമപഴുതുകള്‍, പൊരുത്തക്കേടുകള്‍ എന്നിവയൊക്കെയും പൊതുജനമധ്യേ തുറന്നിട്ടിരിക്കുകയാണ് ഈ ‘അന്വേഷണ ഉദ്യോഗസ്ഥന്’. കോടതിയില്‍ പെണ്‍കുട്ടി രേഖപ്പെടുത്തിയ മൊഴി എങ്ങനെയാണ് ഈ അന്വേഷണ ഉദ്യോഗസ്ഥന് ലഭിച്ചത്? രഹസ്യമൊഴി നല്‍കിയത് പോലീസിനെയും അവരുടെ അന്വേഷണത്തെയും വിശ്വാസയോഗ്യമല്ലാത്തത് കൊണ്ടല്ലേ? പിന്നെ എങ്ങനെയാണ് ഈ മൊഴികള്‍ പൊലീസിലെത്തുകയും അത് ചോര്‍ത്തുകയും ചെയ്തത് തുടങ്ങിയ സംശയങ്ങളും നിലനില്‍ക്കുന്നുണ്ട്.
8) കുട്ടിയുടെ മൊഴി, കുട്ടിയുടെ മാതാവിന്റെ മൊഴി, സഹപാഠിയുടെ മൊഴി, മെഡിക്കല്‍ റിപ്പോര്‍ട്ട് എന്നിവ തന്നെ ഒരു കേസില്‍ പോക്സോ ചുമത്താന്‍ ധാരാളമാണ്. ഇത്രയും അടിസ്ഥാന തെളിവുകള്‍ ലഭിച്ചിരിക്കെ പ്രതിയെ വെറും ജുവൈനല്‍ ജസ്റ്റിസ് പ്രകാരം കേസെടുത്തു ജാമ്യത്തിലിറക്കിയത് ആര്‍ക്ക് വേണ്ടിയാണെന്ന് പകല്‍ പോലെ വ്യക്തമാണ്.
ഈ വോയ്സ് ക്ലിപ്പില്‍ നിന്ന് വ്യക്തമാവുന്ന ഏറ്റവും വലിയ വിരോധാഭാസം പോലീസ് തന്നെ കോടതിയായി ന്യായാധിപനായി ഏതൊക്കെ വകുപ്പ് നിലനില്‍ക്കില്ല എന്നും ഏതൊക്കെ വകുപ്പുകള്‍ കോടതി തള്ളുമെന്നും വിധിച്ചു വെച്ചിരിക്കുകയാണ് എന്നതാണ്. അങ്ങനെയാണെങ്കില്‍ കേരളത്തിലെ കോടതികള്‍ പിരിച്ചു വിട്ട് പോലീസ് ഭരണം തുടങ്ങാവുന്നതാണ്. പോലീസിന്റെ ഉത്തരവാദിത്തം ബേസിക് തെളിവുകള്‍ അടിസ്ഥാനമാക്കി പോക്സോ ചുമത്തുകയായിരുന്നു. അതിന് പകരം ഇപ്പോള്‍ ചെയ്തിരിക്കുന്നത് നീതിയും നിയമവും വിധിയുമെല്ലാം തങ്ങളുടെ യുക്തിക്ക് അനുസൃതമായി നീക്കുമെന്നൊരു സന്ദേശമാണ്. വിജയ സാമ്രാജ്യം ഭരണത്തിലേറിയ ഒന്നാം നാള് മുതല്‍ സംഘിപോലീസാണ് ഭരിച്ചു കൊണ്ടിരിക്കുന്നത്. സംഘ്പരിവാരവും ഇടത്പരിവാരവും ഒരുമിച്ചു നിന്നു കൊണ്ടുള്ള ഈ അശ്ലീല നാടകം കുറേ കാലമായി തുടരുന്നതുമാണ്. പക്ഷെ നീതി ലഭിക്കാതെ ഈ പോരാട്ടം നിലക്കുമെന്നു കരുതുന്നത് വെറുതെയാണ്. ഏത് അധികാര ബന്ധങ്ങള്‍ തകര്ത്തെറിഞ്ഞിട്ടാണെങ്കിലും പാലത്തായി കേസില്‍ നീതി നേടിയെടുക്കുക തന്നെ ചെയ്യും.