നാഗാലാന്റില്‍ പട്ടിയിറച്ചി വില്‍പന നിരോധിച്ചു


കൊഹിമ: നാഗലാന്‍ഡില്‍ പട്ടിയിറച്ചി പൂര്‍ണമായും നിരോധിച്ച് സംസ്ഥാന സര്‍ക്കാര്‍. പട്ടി ഇറച്ചി വില്‍ക്കുന്നത് ഉപയോഗിക്കുന്നതും വ്യാവസായികാടിസ്ഥാനത്തില്‍ ഇറക്കുമതി ചെയ്യുന്നതും നിരോധിച്ചതായി സംസ്ഥാന ചീഫ് സെക്രട്ടറി ടെംജെന്‍ ടോയ് ട്വീറ്റ് ചെയ്തു. അയല്‍ സംസ്ഥാനമായ മിസോറാമിലും പട്ടിയിറച്ചിക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.

പട്ടികളോടുള്ള ക്രൂരത നിരോധിക്കണമെന്നാവശ്യപ്പെട്ട് മൃഗങ്ങളുടെ അവകാശ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അനിമല്‍ പ്രൊട്ടക്ഷന്‍ ഓര്‍ഗനൈസേഷന്‍ സര്‍ക്കാരിനു നിവേദനം നല്‍കിയിരുന്നു.

ദിമാപുരിലെ ചന്തകളില്‍ പട്ടികളെ വില്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞദിവസം സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. പട്ടികളോടുള്ള ക്രൂരത അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കവിയും രാജ്യസഭാ മുന്‍ അംഗവുമായ പ്രിതീഷ് നന്ദി ട്വിറ്ററില്‍ ഈ വിഷയം ചര്‍ച്ചയ്ക്കിടുകും ഇതിനെതിരേ പ്രതികരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. മനുഷ്യത്വരഹിതവും നിയമവിരുദ്ധവുമായ പ്രവൃത്തി നിരോധിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രിക്ക് കൂട്ട ഇ-മെയില്‍ അയക്കാനും അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു.

മ്യാന്‍മര്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നാണ് മിസോറം, നാഗാലാന്‍ഡ്, മറ്റ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലേക്ക് നായകളെ ഇറച്ചിക്കായി എത്തിച്ചിരുന്നത്.

ചൈന, ദക്ഷിണ കൊറിയ, ഇന്തോനേഷ്യ, കംബോഡിയ, ലാവോസ്, വിയറ്റ്‌നാം, വടക്കുകിഴക്കന്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങള്‍ എന്നിവിടങ്ങളിലായി പ്രതിവര്‍ഷം 30 ദശലക്ഷം നായകളെയും 10 ദശലക്ഷം പൂച്ചകളെയും ഇറച്ചിക്കായി കൊല്ലുന്നുണ്ടെന്നാണ് കണക്ക്. ഹോങ്കോംഗ്, ഫിലിപ്പീന്‍സ്, തായ്വാന്‍, തായ്‌ലന്‍ഡ്, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളിലും പട്ടിയിറച്ചി നിരോധിച്ചിട്ടുണ്ട്.

SHARE