നാദാപുരത്ത് മകളെ ബക്കറ്റു വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയ സംഭവം: കാരണം വെളിപ്പെടുത്തി യുവതിയുടെ മൊഴി

കോഴിക്കോട്: നാദാപുരത്ത് മകളെ ബക്കറ്റു വെള്ളത്തില്‍ മുക്കിയ കൊലപ്പെടുത്തിയ സംഭവത്തിന്റെ കാരണം വെളിപ്പെടുത്തി യുവതിയുടെ മൊഴി. ബന്ധുവീട്ടില്‍ നിന്നും പണം മോഷ്ടിച്ചതിനെത്തുടര്‍ന്ന് ഭര്‍ത്താവ് ഒഴിവാക്കിയതിലുള്ള മനോവിഷമത്തിലാണ് മക്കളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചതെന്ന് യുവതി പൊലീസിന് മൊഴി നല്‍കി. നാലു വയസ്സുകാരിയായ മകളാണ് ഇന്നലെ മരിച്ചത്.

ഒന്നര വയസ്സുകാരന്‍ ഇളയ മകനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ കുട്ടികളുടെ മാതാവ് സഫൂറയെ കോടതി റിമാന്റ് ചെയ്തു.

കൈയും കാലും കെട്ടി കുളിമുറിയിലെ ബക്കറ്റിലായിരുന്നു മകള്‍ ഇന്‍ഷാ ലാമിയയെ സഫൂറ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയത്. ഇളയ മകനെയും കൊലപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും നാട്ടുകാരും ബന്ധുക്കളുമെത്തി കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു.

ഭര്‍തൃപിതാവിന്റെ സഹോദരിയുടെ വീട്ടില്‍ നിന്നും 11000 രൂപ മോഷ്ടിക്കപ്പെട്ടിരുന്നു. ഈ പണമെടുത്തത് സഫൂറയാണെന്ന് അറിഞ്ഞതോടെ ഭര്‍ത്താവ് ശാസിച്ചു. കുട്ടികളെയും സഫൂറയെയും ഉപേക്ഷിക്കുമെന്ന് പറയുകയും ചെയ്തു. ഇതിലുള്ള മനോവിഷമത്തിലാണ് കുട്ടികളുടെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചതെന്ന് യുവതി പൊലീസിന് മൊഴി നല്‍കി. ഇവര്‍ രണ്ടു കൈകളുടെയും ഞരമ്പ് ബ്ലേഡ് ഉപയോഗിച്ച് മുറിച്ചിരുന്നു.
കുട്ടിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്കു വിട്ടു നല്‍കും.

അതേസമയം, ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രണ്ടാമത്തെ കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി ആസ്പത്രി വൃത്തങ്ങള്‍ പറഞ്ഞു. അടുത്ത സഫൂറയെയും മക്കളെയും വിദേശത്തേക്ക് കൊണ്ടു പോകാന്‍ ഭര്‍ത്താവ് ഒരുങ്ങുന്നതിനിടെയാണ് നാടിനെ നടുക്കിയ സംഭവം.

SHARE