മാധ്യമ പ്രവര്‍ത്തകയെ വ്യക്തിപരമായി അധിക്ഷേപിച്ച് എ.എന്‍ ഷംസീര്‍; വിവാദമുയരുന്നു-‘എംഎല്‍എ’ എന്ന് നിഷ പുരുഷോത്തമന്‍

സ്വര്‍ണ്ണക്കടത്ത് കേസില്‍ ചാനല്‍ ചര്‍ച്ചക്കിടെ മാധ്യമ പ്രവര്‍ത്തകയെ വ്യക്തിപരമായി അധിക്ഷേപിച്ച് സിപിഎം എംഎല്‍എ എ.എന്‍ ഷംസീര്‍. മനോരമ ന്യൂസ് ചാനലില്‍ കഴിഞ്ഞ ദിവസം നടന്ന കൗണ്ടര്‍ പോയിന്റ് ചര്‍ച്ചയിലാണ് സിപിഐഎം പ്രതിനിധിയായി പങ്കെടുത്ത ഷംസീര്‍ എംഎല്‍എ ചര്‍ച്ച നിയന്ത്രിച്ച പ്രമുഖ മാധ്യമ പ്രവര്‍ത്തകയായ നിഷാ പുരുഷോത്തമനെതിരെ വ്യക്തിപരമായ അധിക്ഷേപം നടത്തിയത്‌. വാര്‍ത്താ അവതാരക ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഉത്തരം മുട്ടിയ ഷംസീര്‍ വ്യക്തിപരമായ അക്രമണവുമായി മാധ്യമ സ്വാതന്ത്ര്യത്തിന് എതിരെ കടന്നുകയറ്റം നടത്തുകയാണുണ്ടായത്. മാധ്യമ പ്രവര്‍ത്തകയെ വ്യക്തിപരമായി അധിക്ഷേപിച്ച സിപിഎം എംഎല്‍എ, സ്ത്രീത്വത്തെയും സ്ത്രീ സ്വാതന്ത്ര്യത്തെയും അപമാനിക്കുന്ന ആരോപണമാണ് നടത്തിയത്. സംഭവം വിവാദമായതോടെ എ.എന്‍ ഷംസീറിനെതിരെ കടുത്ത വിമര്‍ശനമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഉയരുന്നത്. നിഷയുടെ യാത്രാ സ്വാതന്ത്രത്തെ ചോദ്യം ചെയ്യുകയും അവരുടെ പേരിലും യാത്രക്ക് പിന്നിലും അപവാദം ഉന്നയിക്കുകയുമാണ് ഷംസീര്‍ ചെയ്തത്.

അതിനിടെ, എ.എന്‍ ഷംസീര്‍ തന്നെ വ്യക്തിപരമായി അധിക്ഷേപിച്ച ചാനല്‍ ചര്‍ച്ചയിലെ ഭാഗം പങ്കുവെച്ച് നിഷയും രംഗത്തെത്തിയിട്ടുണ്ട്.

‘എംഎല്‍എ’ എന്ന് കുറിച്ചാണ് നിഷയുടെ പോസ്റ്റ്.

ചാനല്‍ ചര്‍ച്ചക്കിടെ മനോരമ ഒരു ക്വട്ടേഷന്‍ സംഘമാണെന്ന് എ.എന്‍ ഷംസീര്‍ ആരോപിച്ചിരുന്നു. താന്‍ പാര്‍ലമെന്റ് ഇലക്ഷനില്‍ തോല്‍ക്കാനുള്ള കാരണംപോലും നിങ്ങളാണെന്നും ഷംസീര്‍ അവകാശപ്പെട്ടു. എന്നാല്‍ ക്വട്ടേഷന്‍ ഒക്കെ ആരാ കൊടുക്കുന്നതെന്ന് നാട്ടുകാരെല്ലാം കണ്ടതാണ് ശ്രീ ഷംസീര്‍, എന്നായിരുന്നു നിഷയുടെ മറുപടി. ‘സ്വപ്നയെ പിടിച്ചതില്‍ നിങ്ങള്‍ക്ക് നിരാശയാണ് നിഷാ’, എന്നും ഷംസീര്‍ കുറ്റപ്പെടുത്തി. ‘സ്വപ്നയെ പിടിച്ചതില്‍ ആര്‍ക്കാണ് നിരാശ എന്നൊക്കെ വരുംദിവസങ്ങളില്‍ കാണാന്‍ പോകുന്നേ ഉള്ളൂ ഷംസീര്‍’ എന്ന മറുപടിയാണ് നിഷ നല്‍കിയത്.

അതേസമയം, ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത എന്‍.കെ പ്രേമചന്ദ്രന്‍ എംപിയുടെ പേരില്‍ ഒരു കുറിപ്പും സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെക്കപ്പെടുന്നുണ്ട്.

പോസ്റ്റ് വായിക്കാം…

മനോരമ ന്യൂസ് ചാനലില്‍ ഞാന്‍ കൂടി പങ്കെടുത്ത കൗണ്ടര്‍ പോയിന്റ് ചര്‍ച്ചയില്‍ സിപിഐഎം പ്രതിനിധിയായി പങ്കെടുത്ത ബഹുമാനപ്പെട്ട ഷംസീര്‍ എംഎല്‍എ ചര്‍ച്ച നിയന്ത്രിച്ച പ്രമുഖ മാധ്യമ പ്രവര്‍ത്തകയായ നിഷാ പുരുഷോത്തമനെതിരെ നടത്തിയ ചില പരാമര്‍ശങ്ങള്‍ മാധ്യമ സ്വാതന്ത്ര്യത്തിന് എതിരെയുള്ള കടന്നുകയറ്റമാണ്.
വാര്‍ത്താ അവതാരക ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഉത്തരം മുട്ടുമ്പോള്‍ വ്യക്തിപരമായ അക്രമണം നടത്തുന്നത് നീതീകരിക്കാവുന്നതല്ല. എല്‍ഡിഎഫ് ഭരണകാലത്ത് സോളാര്‍ കേസ് വിവാദമായപ്പോള്‍ പ്രതിപക്ഷത്തോടൊപ്പംനിന്ന് സര്‍ക്കാരിനെതിരെ നിരന്തരം ചോദ്യങ്ങള്‍ ഉന്നയിച്ച മാധ്യമ പ്രവര്‍ത്തകരില്‍ ഒരാളാണ് നിഷ. വിവാദ വിഷയങ്ങളില്‍ ചോദ്യങ്ങള്‍ ഉന്നയിച്ച് ഉത്തരങ്ങള്‍ കണ്ടെത്തി പൊതുസമൂഹത്തിന് മുമ്പാകെ അവതരിപ്പിക്കുന്നത് അംഗീകൃത മാധ്യമ ധര്‍മ്മമാണ്.
ഒരു മാധ്യമ പ്രവര്‍ത്തകക്ക് എതിരായി അത്തരം ഒരു പരാമര്‍ശം ഉണ്ടായിട്ടും കേരളത്തിലെ അറിയപ്പെടുന്ന സ്ത്രീ സമത്വത്തിനായി പൊരുതുന്ന മഹിളാ സംഘടനകളോ സാംസ്‌കാരിക നായകരോ പ്രതികരിച്ചുകണ്ടില്ല എന്നത് നാട്ടില്‍നടക്കുന്ന സെലേക്റ്റീവ് ക്രീറ്റിസിസത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്. മാധ്യമങ്ങള്‍ അവരുടെ ജോലി ചെയ്യട്ടെ, ചോദ്യത്തിന് ഉത്തരം വ്യക്തി അധിക്ഷേപം എന്നത് മാറ്റി ചാനല്‍ ചര്‍ച്ചകള്‍ കൂടുതല്‍ ക്രിയാത്മകമാക്കണമെന്നാണ് ഈയവസരത്തില്‍ പറയുവാനുള്ളത്.