ടാറ്റയുടെ കോവിഡ് ആസ്പത്രി; പഴിചാരുന്നവര്‍ താന്‍ ചെയ്ത തെറ്റെന്തെന്ന് വ്യക്തമാക്കണമെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ

ദോഷൈകദൃക്കുകള്‍ക്ക് ഏത് കാര്യത്തിലും ദോഷമേ കാണാന്‍ സാധിക്കുകയുള്ളൂ. ചങ്കെടുത്ത് കാണിച്ചാലും അത് ചെമ്പരത്തിപ്പൂവ് എന്നേ അവര്‍ പറയുകയുള്ളൂ. ആയിരം സ്വര്‍ണ്ണപാത്രങ്ങള്‍ കൊണ്ട് മൂടിവെച്ചാലും സത്യത്തെ തമസ്‌കരിക്കാന്‍ സാധിക്കുകയില്ല എന്ന് എല്ലാവരും ഓര്‍മ്മിക്കണം.

ടാറ്റാ കോവിഡ് ആശുപത്രി വരുന്നതിനു ഞാന്‍ തടസ്സമെന്ന നിലയില്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ ഇന്നലെ രാവിലെ മുതല്‍ പലരും മത്സരിക്കുകയാണ് എല്ലാ മത്സരാര്‍ത്ഥികള്‍ക്കും വിജയം നേരുന്നു.

കഥയറിയാതെ എന്തിനാണ് ആട്ടം കാണുന്നത്. എന്തിന്റെ പേരിലാണ് എന്നെ പഴിചാരുന്നത്. ഞാന്‍ ചെയ്ത തെറ്റെന്തെന്ന് വ്യക്തമാക്കാമോ.

ടാറ്റയുടെ ഒരു ആശുപത്രിയല്ല അനേകം ആശുപത്രികള്‍ ജില്ലയില്‍ വരണമെന്നാഗ്രഹിക്കുന്ന ജനപ്രതിനിധിയാണ് ഞാന്‍. വസ്തുതകള്‍ക്ക് നിരക്കാത്ത കാര്യങ്ങള്‍ ദുഷ്ടലാക്കോടെ പറയുന്നത് അങ്ങേയറ്റം വേദനാജനകമാണ്. സദയം സത്യാവസ്ഥ തിരിച്ചറിയാനുള്ള സന്മനസ്സുണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ടാറ്റാ ഗ്രൂപ്പ് ജില്ലയില്‍ നിര്‍മ്മിക്കുന്ന കോവിഡ് ആശുപത്രിയുടെ നിര്‍മ്മാണം മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് മാനേജ്‌മെന്റിന്റെ കീഴിലുള്ള സ്ഥലത്ത് തുടങ്ങിയെന്ന് ഞായറാഴ്ചയിലെ പത്രങ്ങളില്‍ എല്ലാവരും വായിച്ചതാണ്. തലേദിവസം ശനിയാഴ്ച വൈകുന്നേരമാണ് മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് ജനറല്‍ സെക്രട്ടറി യു.എം.അബ്ദുല്‍ റഹിമാന്‍ മൗലവിയുടെ കത്ത് എനിക്കു ലഭിക്കുന്നത്. തെക്കില്‍ വില്ലേജില്‍ ടാറ്റയുടെ ആശുപത്രി തുടങ്ങുന്നതിനു എം.ഐ.സിയുടെ സ്ഥലം ആവശ്യപ്പെട്ടിരുന്നു. ചര്‍ച്ച ചെയ്യുന്നതിനു മുമ്പ് തന്നെ അവിടെ പണി ആരംഭിച്ചതായി സാമൂഹികമാധ്യമങ്ങളിലും മറ്റും പ്രചരിക്കുന്നത് ജനങ്ങളില്‍ ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ടെന്നും ചര്‍ച്ചചെയ്തു തീരുമാനമെടുത്ത് രേഖകള്‍ കൈമാറുന്നത് വരെ പ്രവൃത്തി നിര്‍ത്തിവെക്കാന്‍ ബന്ധപ്പെട്ടവരോട് ആവശ്യപ്പെടണമെന്നും ആയിരിന്നു കത്തില്‍ ഉണ്ടായിരുന്നത്. ഇങ്ങനെയൊരു കത്ത് ലഭിച്ചാല്‍ സ്വാഭാവികമായും ഒരു ജനപ്രതിനിധി എന്താണ് ചെയ്യുക. കത്തില്‍ പറഞ്ഞ കാര്യം പരിശോധിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കുക എന്ന കവറിംഗ് ലറ്ററോട് കൂടി ബന്ധപ്പെട്ടവര്‍ക്ക് ഫോര്‍വേഡ് ചെയ്യും. ഗുണവും ദോഷവും പരിശോധിച്ച് നടപടികള്‍ സ്വീകരിക്കേണ്ടത് ബന്ധപ്പെട്ട അധികാരികളുടെ ഉത്തരവാദിത്വമാണ്. എം.ഐ.സി.യുടെ കത്ത് കളക്ടര്‍ക്ക് കവറിംഗ് ലെറ്റര്‍ സഹിതം അയച്ചു കൊടുത്തതാണോ അതല്ല ഒന്നിച്ചിരുന്ന് ചര്‍ച്ചചെയ്ത് തീരുമാനമെടുത്തു രേഖ ആകുന്നതിനുമുമ്പ് എം.ഐ.സിക്ക് അവകാശപ്പെട്ട സ്ഥലത്ത് പ്രവൃത്തി ഉദ്ഘാടനം ചെയ്തതാണോ തെറ്റ്. കളക്ടര്‍ക്ക് ഞാന്‍ കത്ത് നല്‍കിയതിനു ശേഷമാണ് എം.ഐ.സി ഭാരവാഹികളുമായി റവന്യൂ വകുപ്പ് അധികൃതര്‍ ചര്‍ച്ച നടത്തിയത്. ടാറ്റാ ആശുപത്രിക്കു സ്ഥലം നല്‍കാന്‍ ഈ ചര്‍ച്ചയില്‍ എം.ഐ.സി സമ്മതിച്ചു. അങ്ങനെ അനിശ്ചിതത്വം അവസാനിച്ചു. ഇതിന് അവസരം ഉണ്ടാക്കിയ ഞാന്‍ ആണോ അല്ലെങ്കില്‍ ഒന്നിച്ചിരുന്നു തീരുമാനം കൈക്കൊള്ളുന്നതിനു മുമ്പ് എം.ഐ.സിയുടെ സ്ഥലത്ത് പ്രവൃത്തി തുടങ്ങിയ ജില്ലാഭരണകൂടമാണോ ആശയകുഴപ്പം സൃഷ്ടിച്ചതെന്ന് വിവേകമതികളായ ജനങ്ങള്‍ തീരുമാനിക്കട്ടെ. എന്റെ കത്ത് വഴി ടാറ്റ ഹോസ്പിറ്റലിന്റെ വരവ് സുദൃഢമായിരിക്കുകയാണ്. എനിക്കതില്‍ അഭിമാനവും സന്തോഷവുമുണ്ട്.