വ്യാപം അഴിമതി കേസ്: അന്വേഷണം അട്ടിമറിക്കാന്‍ നീക്കം; 20 അന്വേഷണ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി

ബി.ജെ.പി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയ വ്യാപം അഴിമതി കേസ്

ഭോപ്പാല്‍: മധ്യപ്രദേശിലെ ബി.ജെ.പി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയ വ്യാപം അഴിമതി കേസ് അട്ടിമറിക്കാന്‍ നീക്കം. കേസ് അന്വേഷിക്കുന്ന 20 സി.ബി.ഐ ഉദ്യോഗസ്ഥരെ ഒറ്റ ദിവസം കൊണ്ട് സ്ഥലം മാറ്റിയ നടപടിയാണ് വിവാദമായിരിക്കുന്നത്. ഭോപ്പാലിലെ പ്രത്യേക വ്യാപം അഴിമതി ബ്രാഞ്ചില്‍ നിന്നും ഡല്‍ഹി അഴിമതി വിരുദ്ധ ബ്രാഞ്ചിലേക്കാണ് ഇവരെ മാറ്റിയത്. ഇതോടെ ആറ് മാസത്തിനിടെ 70 ശതമാനം ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റിയെന്നാണ് റിപ്പോര്‍ട്ട്.

2016ലാണ് സി.ബി.ഐ പ്രത്യേക വ്യാപം ബ്രാഞ്ച് തുടങ്ങിയത്. ഡി.ഐ.ജി, എ.എസ്.പി.മാര്‍, ഡി.വൈ.എസ്.പിമാര്‍, ഇന്‍സ്പെക്ടര്‍മാര്‍ എന്നിവരടക്കം 100ല്‍ അധികം ഉദ്യോഗസ്ഥരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ നിന്നും ഒറ്റ ദിവസം കൊണ്ടാണ് 20 ഉദ്യോഗസ്ഥരെ ഡല്‍ഹി അഴിമതി വിരുദ്ധ ബ്രാഞ്ചിലേക്ക് മാറ്റിയത്. 50 തോളം കേസുകളിലെ അന്വേഷണം പാതിവഴിയില്‍ നിലനില്‍ക്കെയാണ് ഒറ്റയടിക്കുള്ള സ്ഥലം മാറ്റം. മധ്യപ്രദേശ് പ്രത്യേക ടാസ്‌ക്ക് ഫോഴ്സ് അന്വേഷിച്ചിരുന്ന വ്യാപം കേസ് 2015 ജൂലൈ മൂന്നിനാണ് സി.ബി.ഐ ഏറ്റെടുത്തത്. ആദ്യഘട്ടത്തില്‍ 40 പേരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

അതേസമയം സംസ്ഥാനം തെഞ്ഞെടുപ്പിലേക്ക് കടക്കാന്‍ ഒരുങ്ങിനില്‍ക്കെയുള്ള ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം രാഷ്ട്രീയ ലക്ഷ്യംവെച്ചാണെന്ന് ആരോപണമുയര്‍ന്നു. മധ്യപ്രദേശിലെ വിവിധ കോഴ്‌സുകളിലേക്കും സര്‍ക്കാര്‍ തസ്തികകളിലേക്കും പ്രവേശനത്തിനും നിയമനത്തിനുമുള്ള പരീക്ഷകള്‍ നടത്താന്‍ ചുമതലപ്പെട്ട മധ്യപ്രദേശ് പ്രൊഫഷണല്‍ പരീക്ഷാ ബോര്‍ഡ് അഥവാ മധ്യപ്രദേശ് വ്യവസായിക് പരീക്ഷാ മണ്ഡല്‍ എന്നതിന്റെ ചുരുക്കെഴുത്താണ് വ്യാപം. പ്രവേശന പരീക്ഷയില്‍ അയോഗ്യരായ പലര്‍ക്കും കോടികള്‍ കൈക്കൂലി വാങ്ങി നിയമനം നല്‍കിയെന്നാണ് ആരോപണം. 2013 ല്‍ ഇന്‍ഡോറില്‍ നിന്നുള്ള ഡോ. ആനന്ദ് റായി ആണ് ക്രമക്കേടുകളിലേക്ക് വെളിച്ചം വീശിയത്. മുന്‍ ഗവര്‍ണര്‍ രാംനരേഷ് യാദവിന്റെ ഓഫീസുള്‍പ്പെടെ വിവിധ ഭരണഘടനാ സ്ഥാപനങ്ങളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും കേസില്‍ പ്രതികളാണ്. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് നേരെയും സംശയത്തിന്റെ മുന നീണ്ടു. ഇതിലുള്‍പ്പെട്ടവരുടെ ദുരൂഹമരണങ്ങളും വാര്‍ത്തയായി. മരിച്ചവരിലേറെയും 25-നും 30-നുമിടയില്‍ പ്രായമുള്ളവരാണ്. റോഡപകടങ്ങളിലാണ് ഭൂരിഭാഗം മരണങ്ങളും. രാംനരേഷ് യാദവിന്റെ മകന്‍ ശൈലേഷ് യാദവിന്റെ മരിച്ചവരില്‍പ്പെടും.