ലോകത്തിലെ ഏറ്റവും നിഗൂഢമായ പുസ്തകം; ഇന്നും ചുരുളഴിയാത്ത രഹസ്യ ഭാഷ

ഏതാണ് ലോകത്തിലെ ഏറ്റവും നിഗൂഢമായ പുസ്തകം? പുരാവസ്തു ഗവേഷകരെ സംബന്ധിച്ചിടത്തോളം 1915 മുതല്‍ ഒരൊറ്റ ഉത്തരമേയുള്ളൂ വോയ്‌നിച്ച് മാനുസ്‌ക്രിപ്റ്റ്. പേരു പോലെത്തന്നെ വില്‍ഫ്രിഡ് വോയ്‌നിച്ച് എന്ന പോളിഷ് പുസ്തകക്കച്ചവടക്കാരന്റെ പേരിലാണ് അത് അറിയപ്പെടുന്നത്. പുരാതന കാലത്തെ പ്രത്യേകതയുള്ള പുസ്തകങ്ങള്‍ കണ്ടെത്തി വില്‍പന നടത്തുന്നതായിരുന്നു വോയ്‌നിച്ചിന്റെ രീതി. അത്തരത്തിലുള്ള പുസ്തകങ്ങളുടെ ലോകത്തിലെ ഏറ്റവും വലിയ ശേഖരവും ഒരുകാലത്ത് അദ്ദേഹത്തിന്റേതായിരുന്നു. ഒരിക്കല്‍ പുസ്തക ശേഖരണത്തിന്റെ ഭാഗമായി ഇറ്റലിയിലെത്തിയ അദ്ദേഹത്തിനു ലഭിച്ച ഒരു കയ്യെഴുത്തുപ്രതിയാണു പിന്നീട് ചരിത്രത്തിന്റെ ഭാഗമായത്.

പലതരം ചെടികളുടെയും മറ്റും ചിത്രങ്ങളും അടയാളങ്ങളും പ്രത്യേകതരം എഴുത്തുമുള്ള പുസ്തകമായിരുന്നു അത്. അദ്ദേഹം കയ്യോടെ അതു വാങ്ങി. മൂന്നു വര്‍ഷത്തോളം അതിനെപ്പറ്റി പഠിച്ചു. അതില്‍ എഴുതിയിരിക്കുന്നത് എന്താണെന്നറിയാന്‍ അദ്ദേഹം ശ്രമിച്ചു. വിവര്‍ത്തനത്തിനു പലരെയും സമീപിച്ചു. എന്നാല്‍ ഉത്തരം കണ്ടെത്താനായില്ല. അങ്ങനെ 1915ലാണ് പുറംലോകത്തിന് അദ്ദേഹം പുസ്തകം പരിചയപ്പെടുത്തുന്നത്. 1930ല്‍ വോയ്‌നിച്ചിന്റെ മരണശേഷം നിരവധി ആളുകളുടെ കൈയ്യിലൂടെ കടന്നുപോയ ആ പുസ്തകം 1969 മുതല്‍ യേല്‍ സര്‍വകലാശാലയുടെ കയ്യിലാണ്. ഇക്കഴിഞ്ഞ 100 വര്‍ഷത്തിനിടെ വോയ്‌നിച്ച് മാനുസ്‌ക്രിപ്റ്റില്‍ ഒളിഞ്ഞിരിക്കുന്ന രഹസ്യം കണ്ടെത്താന്‍ ശ്രമിക്കാത്ത ഭാഷാവിദഗ്ധരില്ല. രണ്ടാം ലോക മഹായുദ്ധകാലത്ത് ജര്‍മനിയുടെ രഹസ്യ കോഡ് ഭാഷ വരെ തകര്‍ത്തെറിഞ്ഞ ക്രിപ്‌റ്റോഗ്രാഫര്‍മാരും വോയ്‌നിച്ചിന്റെ രഹസ്യം കണ്ടെത്താന്‍ ശ്രമിച്ചു പരാജയപ്പെട്ടു.

ഏറ്റവുമൊടുവില്‍ നിര്‍മിത ബുദ്ധി ഉപയോഗിച്ചുവരെ പുസ്‌കത്തിന്റെ രഹസ്യം ചുരുളഴിക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ടു. പരിസ്ഥിതി ശാസ്ത്രജ്ഞരെ സംബന്ധിച്ചും ഏറെ കൗതുകം സമ്മാനിക്കുന്നതാണ് ഈ പുസ്തകം. അതില്‍ ഏറെയും മൃഗങ്ങളുടെയും പലതരം ചെടികളുടെയും ചിത്രങ്ങളാണെന്നതാണു കാരണം. വരച്ചെടുത്ത ഓരോ ചെടികളും മൃഗങ്ങളും പക്ഷേ അര്‍ഥമാക്കുന്നത് മറ്റു പലതുമാണെന്നാണു കരുതുന്നത്. ഇടത്തുനിന്ന് വലത്തോട്ടുള്ള എഴുത്തുരീതിയാണ് പുസ്തകത്തില്‍. ഈജിപ്തിലെ ഹൈറോഗ്ലിഫിക്‌സ് ലിപി വായിച്ചെടുത്തതു പോലെ ഈ എഴുത്തിന്റെ അര്‍ഥം കണ്ടെത്താനും ഗവേഷകര്‍ ശ്രമം നടത്തി. പക്ഷേ ഫലം കണ്ടില്ല.

ലോകത്ത് ഇന്നേവരെ എവിടെയും കണ്ടെത്തിയിട്ടില്ലാത്ത ലിപിയായിരുന്നു അത്. എന്നാല്‍ പുസ്‌കത്തിലെ 240 പേജിന്റെയും കാര്‍ബണ്‍ ഡേറ്റിങ് പരിശോധനയില്‍ സത്യം തെളിഞ്ഞു. ഏകദേശം 600 വര്‍ഷം പഴക്കമുള്ളതായിരുന്നു ആ പുസ്തകം. അതായത് എഡി 1404-1438 കാലഘട്ടത്തിലെഴുതിയത്. പുസ്തകത്തിന്റെ മിക്ക പേജുകളും നഷ്ടപ്പെട്ടിരുന്നു. മുന്‍പെപ്പോഴോ പുസ്തകത്തിലെ പേജുകള്‍ വീണ്ടും യോജിപ്പിച്ചിരുന്നെന്നും കരുതുന്നു. അങ്ങനെയെങ്കില്‍ പേജുകള്‍ കൂടിക്കുഴഞ്ഞ് കിടക്കുകയായിരിക്കും. ഇതും അവയുടെ അര്‍ഥം പിടിച്ചെടുക്കാന്‍ വിലങ്ങു തടിയായി.

ഇടയ്ക്ക് ചില ഗവേഷകര്‍ ഇതിലെ ഏതാനും പേജുകളിലെ വാക്കുകളുടെ അര്‍ഥം കണ്ടെത്തിയെന്ന അവകാശവാദവുമായി രംഗത്തുവന്നിരുന്നു. അവരും പക്ഷേ തുടര്‍പരിശോധനയില്‍ പുസ്തകത്തോട് പരാജയം ഏറ്റു പറയുകയായിരുന്നു. എന്നാല്‍ പുസ്തകത്തിലെ ചിത്രങ്ങള്‍ക്ക് പിന്നില്‍ വൈദ്യശാസ്ത്രപരമായ രേഖപ്പെടുത്തല്‍ പോലുമാകാമെന്നും ഗവേഷകര്‍ പറയുന്നു.

SHARE