കോവിഡ് രോഗികളില്‍ രക്തം കട്ടപിടിക്കുന്ന പ്രവണത കൂടുന്നു

വാഷിങ്ടണ്‍: കോവിഡ് രോഗികളില്‍ രക്തം കട്ടപിടിക്കുന്ന പ്രവണത കാണപ്പെടുന്നതായി റിപ്പോര്‍ട്ട്. കോവിഡ് 19 ബാധിച്ച രോഗികളുടെ ശരീരത്തിലെ ചില ഭാഗങ്ങളിലെ രക്തക്കുഴലുകളില്‍ രക്തം കട്ടപിടിക്കുകയും ആ ഭാഗത്തേയ്ക്കുള്ള രക്തപ്രവാഹം തടയപ്പെടുകയും ചെയ്യുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. വിവിധ രോഗങ്ങള്‍മൂലം ഗുരുതര ആരോഗ്യപ്രശ്‌നം അനുഭവിക്കുന്ന രോഗികളില്‍ ഇത്തരം പ്രവണത പൊതുവെ കാണപ്പെടാറുണ്ടെങ്കിലും കോവിഡ് ബാധിച്ച രോഗികളില്‍ ഇതിന്റെ നിരക്ക് വളരെയധികമാണെന്ന് ആരോഗ്യവിദഗ്ധര്‍ നിരീക്ഷിക്കുന്നു.

ചൈന, യൂറോപ്യന്‍ രാജ്യങ്ങള്‍, അമേരിക്ക എന്നിവിടങ്ങളില്‍ കൊറോണ വൈറസ് ബാധിച്ച രോഗികളില്‍ നടന്ന പഠനത്തില്‍ നിന്നാണ് ഇത്തരത്തിലൊരു റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. എന്നാല്‍ എന്തുകൊണ്ട് ഇത് സംഭവിക്കുന്നു എന്ന കാര്യത്തില്‍ കൃത്യമായ നിഗമനത്തിലെത്താന്‍ ആരോഗ്യ വിദഗ്ധര്‍ക്ക് ഇനിയും സാധിച്ചിട്ടില്ല.

കോവിഡ് ബാധിച്ച് ന്യൂയോര്‍ക്കിലെ ലാങ്ഗോണ്‍ ആസ്പത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന നാല്‍പ്പതുകാരനായ രോഗിയുടെ കാല്‍വിരലുകളിലേക്ക് രക്തപ്രവാഹമില്ലാത്ത സ്ഥിതിയുള്ളതായും കോവിഡില്‍ നിന്നും നിന്നും രക്ഷപ്പെടുന്നതിന് മുമ്പേ വിരലുകള്‍ മുറിച്ചു നീക്കേണ്ടി വരുന്ന അവസ്ഥയാണെന്നും ചികിത്സിക്കുന്ന ഡോക്ടര്‍ പറയുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന മറ്റൊരു രോഗിയുടെ വലതു കാലിലേക്കും രക്തപ്രവാഹത്തിന് തടസ്സം നേരിടുന്നുണ്ട്. കാല് ഛേദിക്കുക മാത്രമാണ് പോംവഴിയെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം.